വടക്കഞ്ചേരി: പ്രളയത്തെ അതിജീവിച്ച കണ്ണാടൻ വിൽസന്റെ റബർ തോട്ടത്തിലെ നെൽകൃഷി കൊയ്ത്തിന് പാകമായി.ഏറ്റവും മികച്ച വിളവാണ് പരീഷണകൃഷിയിൽ കൃഷി വകുപ്പും വിൽസനും കുടുംബവും പ്രതീക്ഷിക്കുന്നത്. കിഴക്കഞ്ചേരി പട്ടേം പാടത്താണ് സംസ്ഥാനത്ത് തന്നെ ആദ്യമായി റബർ റീ പ്ലാന്റ് ചെയ്ത തോട്ടത്തിൽ നെൽകൃഷി ചെയ്ത് വലിയ വിജയമാകുന്നത്.
ഇതിനാൽ തന്നെ കൃഷി വകുപ്പും കൊയ്ത്ത് ഉത്സവമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.കൃഷി ഓഫീസർ റോഷ്ണിയുടെ നേതൃത്വത്തിൽ കൃഷി വകുപ്പുക്കാർ ഏത് സമയവും ഇവിടെയുണ്ട്.ഐശ്വര്യ എന്ന 110 ദിവസം മൂപ്പുള്ള നെൽ ഇനമാണ് കൃഷി ചെയ്തിട്ടുള്ളത്.
വിൽസന്റെ വീടിനു പുറകിലെ കുന്നിൻ ചെരിവായ ഒന്നര ഏക്കർ റബർ തോട്ടത്തിലാണ് നെൽകൃഷി. സാധാരണ റബർ റീ പ്ലാന്റ് ചെയ്താൽ തൈകൾ വളർന്നു വരുന്നതുവരെ വാഴ, പൈനാപ്പിൾ എന്നീ വിളകളാണ് കൃഷി ചെയ്യുക. അതും റബർ തൈകൾക്കിടക്കാകും കൃഷി.
റബറിന്റെ ഫ്ളാറ്റ്ഫോമിൽ ഇതിന് മുന്പു് മറ്റെവിടെയെങ്കിലും നെൽകൃഷി ചെയ്തിട്ടുള്ളതായി കൃഷി വകുപ്പിനും അറിവില്ല. അന്യം നിന്നുപോകുന്ന കര നെൽകൃഷി പ്രോത്സാഹന പദ്ധതി വഴിയാണ് ഈ പുതു കൃഷിയുടെ പരീക്ഷണം. നെൽകൃഷിക്കൊപ്പം 150 പൂവൻ വാഴയും വിവിധയിനം പച്ചക്കറികളുമുണ്ട്.
റബർ തോട്ടത്തിലെ നെൽകൃഷിയെക്കുറിച്ച് സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടർക്കും കൃഷിഭവൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേ കേരള കോണ്ഗ്രസ് (എം) നേതാവായ കണ്ണാടൻ വിൽസൻ റബർ തോട്ടത്തിൽ നെൽകൃഷി തുടങ്ങിയതിന്റെ തുടക്കത്തിൽ ഇക്കഴിഞ്ഞ ജൂലൈ 11 ന് ദീപികയിൽ പടം സഹിതം വാർത്ത നൽകിയിരുന്നു.