വടക്കഞ്ചേരി: റീപ്ലാന്റ് ചെയ്ത റബർ തോട്ടത്തിൽ നെൽകൃഷിചെയ്ത് മാതൃകയായി കേരള കോണ്ഗ്രസ് നേതാവ്. കേരള കോണ്ഗ്രസ് (എം) ആലത്തൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും കർഷകനുമായ കിഴക്കഞ്ചേരി പട്ടേംപാടം കണ്ണാടൻ വിൽസനാണ് ഒരുപക്ഷേ, സംസ്ഥാനത്തുതന്നെ ആദ്യമായി റബർ റീപ്ലാന്റ് ചെയ്തിടത്ത് നെൽകൃഷി പരീക്ഷണം നടത്തി ശ്രദ്ധേയനാകുന്നത്.
വിൽസന്റെ വീടിനു പിന്നിലെ കുന്നിൻചെരിവായ ഒന്നര ഏക്കർ റബർ തോട്ടത്തിലാണ് നെൽകൃഷി. സാധാരണ റബർ റീപ്ലാന്റ് ചെയ്താൽ തൈ വളർന്നു വരുന്നതുവരെ വാഴ, പൈനാപ്പിൾ എന്നിവയാണ് കൃഷി ചെയ്തുവരുന്നത്.
അതും റബറിനിടയിലാണ് കൃഷി നടത്തുക. ഇതിനു മുന്പ് മറ്റെവിടെയെങ്കിലും റബറിന്റെ പ്ലാറ്റ്ഫോമിൽ നെൽ കൃഷി ചെയ്തതായി കൃഷി വകുപ്പിനും അറിവില്ല. അന്യംനിന്നുപോകുന്ന കരനെൽ കൃഷി പ്രോത്സാഹന പദ്ധതി വഴിയാണ് ഈ പരീഷണ കൃഷി.
പദ്ധതി നേരത്തെയുണ്ടെങ്കിലും ഇത്രയും വലിയ സാഹസത്തിന് കർഷകരാരും ധൈര്യപ്പെടാറില്ല. എന്നാൽ കിഴക്കഞ്ചേരി കൃഷി ഓഫീസർ റോഷ്ണി പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോൾ വിൽസന് മനസ്സിൽ ആഗ്രഹമുദിച്ചു.
തുടക്കത്തിൽ സുഹൃത്തുക്കളും മറ്റു കർഷകരുമെല്ലാം പിന്തിരിപ്പിച്ചെങ്കിലും വിൽസനും ഭാര്യ ലില്ലിയും വെല്ലുവിളിപോലെ പരീക്ഷണ കൃഷിക്കിറങ്ങുകയായിരുന്നു. അമ്മ മറിയവും പ്രോത്സാഹിപ്പിച്ചതോടെ പിന്നെ തിരിഞ്ഞുനോക്കിയില്ല.
പുതുമഴക്കു ശേഷം നിലം ഒരുക്കി, പട്ടാന്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും ഐശ്വര്യ എന്ന 110 ദിവസം മൂപ്പുള്ള നെൽവിത്ത് വാങ്ങി വിതച്ചു. നെൽച്ചെടികൾക്ക് ഇപ്പോൾ 40 ദിവസത്തെ പ്രായമുണ്ട്.
എല്ലാം കരുത്തോടെ തഴച്ചുവളരുന്നു. റബർ തൈ കാണാത്ത വിധമാണ് നെൽചെടികൾ മത്സരിച്ച് വളരുന്നത്. വിതച്ച വിത്തെല്ലാം മുളച്ചതിനാൽ നെൽച്ചെടികൾ തമ്മിൽ കുറച്ച് അടുപ്പക്കൂടുതലുണ്ടെന്ന് മാത്രം.
കൃഷി ഓഫീസർ റോഷ്ണിയും അസിസ്റ്റന്റുമാരായ ഷീലയും സഫിയയും കൃഷിയിടത്തിലെ നിത്യസന്ദർശകരാണിപ്പോൾ. റബർ തോട്ടത്തിലെ നെൽകൃഷിയെക്കുറിച്ച് സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടർക്കും കൃഷിഭവനിൽ നിന്നു റിപ്പോർട്ട് നൽകിയിട്ടുണ്ട്.
നെൽകൃഷിക്കൊപ്പം 150 പൂവൻ വാഴയും വിവിധ പച്ചക്കറികളുമുണ്ട്. കാടുകയറാതെ റബർ പ്ളാറ്റ്ഫോം സംരക്ഷിക്കാമെന്നതാണ് നെൽകൃഷിയുടെ പ്രധാന നേട്ടമെന്ന് വിൽസൻ പറയുന്നു.
മണ്ണൊലിപ്പു തടയുന്നതിനൊപ്പം മണ്ണിലെ ഈർപ്പം നിലനിർത്താനും കഴിയും. ഇളകി മറിഞ്ഞ് കിടക്കുന്ന മണ്ണായതിനാൽ നെല്ലിൽ നിന്നും 25 ശതമാനം അധിക വിളവാണ് കൃഷി വകുപ്പ് പ്രതീക്ഷിക്കുന്നത്.
കൃഷി വിജയമായാൽ വിൽസന്റെ നെൽകൃഷിയാകും സംസ്ഥാനത്തു തന്നെ ഈ രീതിയിലുള്ള നെൽകൃഷിയുടെ പൈലറ്റ് പദ്ധതി. മഴ തുണച്ചാൽ കൃഷി വിജയിക്കുമെന്ന് തന്നെയാണ് കൃഷിയുടെ മുഖ്യ പരിചാരികയായ വിൽസന്റ ഭാര്യ ലില്ലി പറയുന്നത്.
പാലക്കുഴി തിണ്ടില്ലം ജലപാതത്തിൽ നിന്നുള്ള തോട്ടിൻകരയിലെ വിൽസന്റെ ആറ് ഏക്കർ തോട്ടത്തിൽ റബർ കൂടാതെ തെങ്ങ്, വാഴ, കുരുമുളക്, കവുങ്ങ് തുടങ്ങി വിളകളുടെ സമൃദ്ധിയാണ്. പശുവളർത്തലിലൂടെയാണ് വിളകളെ ഹരിതാഭമാക്കുന്നത്. തേനീച്ച വളർത്തലും വിളവ് കൂട്ടാൻ താങ്ങാകുന്നുണ്ട്.