കോട്ടയം: റബര് ബോര്ഡിന്റെ നേതൃത്വത്തില് തോട്ടങ്ങളില് ജിയോ മാപ്പിംഗ് നടത്താനുള്ള നടപടികള്ക്ക് അടുത്തയാഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബര് തോട്ടങ്ങളുടെ അതിരുകള് തുടങ്ങിയവ ഉള്പ്പെടുത്തി വിശദമായിട്ടാണ് മാപ്പിംഗ് നടത്തുന്നത്.
പ്രാരംഭമായി 10 ജില്ലകളിലാണ് മാപ്പിംഗ് നടത്തുന്നത്.
തുടര്ന്നു മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബോര്ഡ് നീക്കം. ഇന്ത്യയില് ഉത്പാദിപ്പിക്കുന്ന റബര് യൂറോപ്യന് യൂണിയന്റെ വനനശീകരണ ചട്ടങ്ങള് (ഇയുഡിആര്) അനുസരിച്ചുള്ള ഇന്ത്യന് സുസ്ഥിര പ്രകൃതിദത്ത റബര് ആണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് ജിയോ മാപ്പിംഗ് ചെയ്യുന്നത്.
പ്രകൃതിദത്ത റബറിന്റെ വ്യവസായത്തില് ഇന്ത്യയുടെ അന്താരാഷ്ട്ര നിലവാരം ഉയര്ത്തുക എന്നതാണ് മാപ്പിംഗിലൂടെ ബോര്ഡ് ലക്ഷ്യംവയ്ക്കുന്നത്. സുതാര്യത, ഉറവിടം കണ്ടെത്താനുള്ള സൗകര്യം, സുസ്ഥിരത എന്നിവ വര്ധിപ്പിക്കുവാനും റബര്വ്യവസായത്തില് ഇന്ത്യയുടെ ആഗോളശേഷി വര്ധിപ്പിക്കാനും സാധിക്കുമെന്നാണ് ബോര്ഡിന്റെ പ്രതീക്ഷ.
യൂറോപ്യന് യൂണിയന്റെ നിയന്ത്രണങ്ങള് പാലിക്കുന്നതിന്റെ ഭാഗമായി സപ്ലൈ ചെയിന് മാപ്പിംഗ്, ട്രേസബിലിറ്റി സിസ്റ്റങ്ങളുടെ വികസനം, തോട്ടങ്ങളുടെ ജിയോ മാപ്പിംഗ് എന്നിവ ഐഎസ്എന്ആറിന്റെ വ്യവസ്ഥകളുടെ ഭാഗമാണ്. റബറിന്റെ ഉറവിടം എവിടെയാണെന്നും യൂറോപ്യന് യൂണിയന്റെ വനനശീകരണ നിയന്ത്രണങ്ങള് അവിടെ പാലിക്കപ്പെടുന്നുണ്ടെന്നും ട്രേസബിലിറ്റി സര്ട്ടിഫിക്കറ്റ് ഉറപ്പു നല്കുന്നു.
ഈ സര്ട്ടിഫിക്കേഷന് ഇന്ത്യയില്നിന്ന് റബര് കയറ്റുമതി ചെയ്യുന്നവര്ക്ക് വ്യവസായവളര്ച്ചയും സ്ഥിരതയും ലഭിക്കാന് സഹായകമാകുന്നു. ഇത് യൂറോപ്യന് വിപണിയില് സജീവമാകാനും കയറ്റുമതി ചെയ്യുന്നവരെ ഒരുപരിധിവരെ സഹായിക്കും.
ഹൈദരാബാദ് കേന്ദ്രമായി പ്രവര്ത്തിക്കുന്ന ട്രയമ്പു ടെക് സൊല്യൂഷന്സ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് ജിയോ മാപ്പിംഗിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. റബര്ബോര്ഡ് വെബ്സൈറ്റായ www.rubberboard.gov.in വഴി ഐഎസ്എന്ആര് പ്ലാറ്റ്ഫോമില് മാപ്പിംഗിനായി രജിസ്റ്റര് ചെയ്യാം. ഇങ്ങനെ ചെയ്യുന്നവര്ക്ക് മാപ്പിംഗ് പൂര്ത്തിയാകുന്ന മുറയ്ക്ക് ട്രേസബിലിറ്റി സര്ട്ടിഫിക്കറ്റ്, ഡ്യു ഡിലിജന്സ് ഡിക്ലറേഷനുകള്, ജിയോ ലൊക്കേഷന് ഡേറ്റ എന്നിവ കൈമാറും.