തിരുവനന്തപുരം: കേരളാബാങ്ക് രൂപീകരണത്തിന്റെ പേരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്കോയുടെ 238 കോടി കിട്ടാക്കടം ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളാ ബാങ്കിന് അംഗീകാരം നൽകണമെങ്കിൽ സംസ്ഥാന സഹകരണബാങ്കിന്റെ കിട്ടാക്കടങ്ങൾ ഇല്ലാതാക്കണമെന്ന റിസർവ് ബാങ്കിന്റെ നിർദേശത്തിന്റെ മറപിടിച്ചാണ് സിപിഎം നിയന്ത്രണത്തിലുള്ള പ്രൈമറി സഹകരണ സംഘം മാത്രമായ റബ്കോയുടെ 238 കോടി കടം സർക്കാർ ഏറ്റെടുക്കുന്നത്. രൂപീകരണ ശേഷം ഇന്നേവരെ ലാഭമുണ്ടാക്കാത്ത സ്ഥാപനമാണ് റബ്കോ.
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു റബ്കോയുടെ ആദ്യ ചെയർമാൻ. കോടിക്കണക്കിന് രൂപ നഷ്ടം വരുത്തിയിട്ടും നൽകിയ കടത്തിൽ നിന്നും ഒരു രൂപ പോലും ഈടാക്കാൻ സംസ്ഥാന സഹകരണ ബാങ്കോ സർക്കാരോ ശ്രമിച്ചില്ല. റബ്കോ പുറത്തിറക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനായില്ല. പ്രളയത്തിനു നടുവിൽ ജനം ദുരിതം അനുഭവിക്കുമ്പോൾ ഇത്തരം നിരവധി ധൂർത്തുകളാണ് ആരും ശ്രദ്ധിക്കില്ലന്ന ധൈര്യത്തിൽ സർക്കാർ നടത്തുന്നത്.
സഹകരണ ഓഡിറ്റർ നടത്തിയ പരിശോധനയിലും റബ്കോയിൽ 330 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇത്തരമൊരു സ്ഥാപനത്തിൽ തലപ്പത്തിരിക്കുന്ന സിപിഎം നേതാക്കളുടെ കെടുകാര്യസ്ഥതയിൽ ഉണ്ടായ നഷ്ടം സർക്കാർ ഏറ്റെടുക്കുന്ന നടപടി ഖജനാവിനെ കൊള്ളയടിക്കുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.