കോട്ടയം: കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചതു പഞ്ചായത്തംഗവും യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റും ചേർന്ന്.
തിരുവാർപ്പ് പഞ്ചായത്തംഗം റൂബി ചാക്കോ, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി മണിയാങ്കേരി എന്നിവർ ചേർന്നാണ് വീട്ടിൽ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റയ്ക്കു കഴിഞ്ഞിരുന്ന ഗൃഹനാഥന് കടുത്ത ചുമയാണ്. ഭക്ഷണം കഴിക്കാനും സാധിച്ചിരുന്നില്ലെന്ന് അയൽവാസികൾ അറിയിച്ചതോടെയാണ് പഞ്ചായത്തംഗം റൂബി ചാക്കോയും ജാഗ്രതാ സമിതി അംഗങ്ങളും ബന്ധുക്കളും വീട്ടിലെത്തുന്നത് അകത്ത് നിന്ന് വീട് കുറ്റിയിട്ടിരിക്കുകയായിരുന്നു.
അവശതയിലായതിനാൽ ഗൃഹനാഥന് എഴുന്നേറ്റ് കതക് തുറക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. തുടർന്നു കതക് ചവിട്ടിത്തുറന്ന് അകത്ത് കയറുകയായിരുന്നു.
തീർത്തും അവശനിലയിലായതിനാൽ സ്വകാര്യ ലാബിൽ നിന്ന് ആളെ വീട്ടിലേക്ക് വിളിച്ച് വരുത്തി കോവിഡ് ടെസ്റ്റ് ചെയ്തു. റിസൽറ്റ് പോസിറ്റീവായതോടെ ഉടൻ ആശുപത്രിയിൽ എത്തിക്കേണ്ട സാഹചര്യമായിരുന്നു.
തുടർന്നാണ് റൂബി ചാക്കോ, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി മണിയാങ്കേരിയുടെ സഹായം തേടിയത്. ഇരുവരും പി പി കിറ്റ് അണിഞ്ഞ് തിരുവാർപ്പ് പഞ്ചായത്തിന്റെ ആബുലൻസിലാണ് ഗൃഹനാഥനെ ആശുപത്രിയിൽ എത്തിച്ചത്.