രുദ്രാക്ഷിയെ അറിയൂ, ചക്ക വേഗത്തില്‍ ഉത്പാദിപ്പിക്കൂ…

ആരാണ് രുദ്രാക്ഷി? പ്ലാവുകൃഷി പ്രചാരത്തിലാകുന്ന ഈ കാലഘട്ടത്തില്‍ രൂദ്രാക്ഷിയെ അറിയുന്നത് കര്‍ഷകര്‍ക്കും നഴ്‌സറി ഉടമകള്‍ക്കും ഗുണം ചെയ്യും. രുദ്രാക്ഷിയെ അറിയണമെങ്കില്‍ കോയമ്പത്തൂരില്‍ നിന്നും ഊട്ടിയിലേക്കുള്ള വഴിയിലെ കല്ലാര്‍, ബര്‍ലിയാര്‍ എന്നീ സ്ഥലങ്ങളിലെത്തണം. ഇവിടെ ഒരു ഗവേഷണ തോട്ടമുണ്ട്. ഈ തോട്ടം തമിഴ്‌നാട് ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗത്തിന്റെ കീഴിലാണ്. ഒട്ടുപ്ലാവിന് അനുയോജ്യമായ മൂലകാണ്ഡത്തെക്കുച്ച് പ്രധാനപ്പെട്ട ഒരു പഠനം നടന്നതും ഇവിടെയാണ്.

തോട്ടത്തിന്റെ അന്നത്തെ മേധാവി ഡോ. കെ.സി. നായിക്ക് എന്ന കൃഷി ശാസ്ത്രജ്ഞനാണ് ഈ പഠനം നടത്തിയത്. ഈ ഗവേഷണഫലം ആരും ഉപയോഗപ്പെടുത്തിയിട്ടില്ല എന്നു മനസിലാക്കുന്നു. പഴയ ഒരു വാര്‍ഷിക റിപ്പോര്‍ട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഈ വിവരം ഇവിടെ പ്രതിപാദിക്കുന്നു. പ്രത്യേകിച്ചും ഒട്ടുതൈകള്‍ ഉത്പാദിപ്പിക്കുന്ന നഴ്‌സറികള്‍ക്കും അതുവഴി നട്ടുവളര്‍ത്തുന്നവര്‍ക്കും ഗുണം ചെയ്യും.

‘ആര്‍ട്ടോകാര്‍പ്പസ് ഹെറ്റെറോഫില്ലസ്’ എന്നാണ് പ്ലാവിന്റെ ശാസ്ത്രനാമം. ഈ വംശത്തിന്റെ ചക്ക വലുതും മുള്ളുകള്‍ കൂര്‍ത്തതുമായിരിക്കും. ഇതിന്റെ വകഭേദമായി രുദ്രാക്ഷി എന്നൊരിനം പ്ലാവ് നമ്മുടെ നാട്ടില്‍ വളരുന്നുണ്ട്.

പണ്ട് സുലഭമായിരുന്നെങ്കിലും ഇപ്പോള്‍ ചുരുക്കമായിട്ടുമാത്രമെ കാണുന്നുള്ളു. ഈ ഗണത്തിന്റെ ചക്കകള്‍ ചെറുതാണ്. കുലകളായി തടിയില്‍ കായ്ക്കും. മുള്ളുകള്‍ കൈതച്ചക്കയുടേതുപോലെ പരന്നതാണ്.
‘രുദ്രാക്ഷി’ ഇനത്തിന്റെ തൈകളില്‍ പ്ലാവ് ഒട്ടിച്ചു നട്ടാല്‍ വളരെ നേരത്തെ കായ്ക്കുമെന്നും ധാരാളം ചക്കകള്‍ ഉണ്ടാകുമെന്നുമാണ് ഗവേഷണതോട്ടത്തില്‍ കണ്ടെത്തിയത്.

ഈ അറിവ് ഒട്ടുപ്ലാവുകള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താം. വീട്ടുവളപ്പിലെ പരിമിതമായ സ്ഥലത്ത് ഒട്ടുപ്ലാവുകള്‍ നടുന്നവര്‍ക്ക് രുദ്രാക്ഷിയില്‍ ഒട്ടിച്ച പ്ലാവുകള്‍ വളരെ പ്രയോജനം ചെയ്യും. കൂടാതെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്കും ഉപകാരപ്പെടും. ഈ തോട്ടത്തില്‍ നിന്നും ഹൈബ്രിഡ് പ്ലാവും വികസിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ ചുറ്റുപാടില്‍ അതിന്റെ ഗുണമേന്മ വളരെ മോശമായിട്ടാണ് ലേഖകന്‍ കണ്ടെത്തിയത്. നമ്മുടെ നാടന്‍ ഇനങ്ങള്‍ ഒട്ടിയ്ക്കുന്നതു തന്നെയാണ് ഏറ്റവും മികച്ചത്.

കേരളത്തിന്റെ രാജകീയ ഫലമാണ് ചക്ക. പ്രമേഹം നിയന്ത്രിക്കുന്നതില്‍ ചക്കയുടെ പ്രാധാ ന്യം മനസിലാക്കിയതോടെ പ്ലാവിന്റെ ഒട്ടു തൈകള്‍ക്ക് മുമ്പെങ്ങുമില്ലാത്ത പ്രചാരം ലഭിക്കുന്നുണ്ടിന്ന്. നഴ്‌സറികളെല്ലാം തന്നെ പലയിനം ഒട്ടു തൈകള്‍ മത്സരബുദ്ധിയോടെ ഉത്പാദിപ്പിച്ച് വിപണിയില്‍ സജീവമാണ്. പ്ലാവ് തോട്ടമടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ ആളുകള്‍ മുന്നോട്ടു വരുന്ന കാലമാണിത്.

ഒട്ടുപ്ലാവ് എങ്ങനെ കൃഷി ചെയ്യാം?

നല്ല നീര്‍വാര്‍ച്ചയുള്ള, സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്തായിരിക്കണം ഒട്ടുതൈകള്‍ നടേണ്ടത്. ഭൂമിക്കടിയില്‍ വെള്ളക്കെട്ട്, ചുറ്റുപാടും വെള്ളം എപ്പോഴുമുള്ള ചാലുകള്‍ എന്നിവ ഉണ്ടെങ്കില്‍ കായ്ക്കാന്‍ കാലതാമസമെടുക്കും. കായ്ച്ചില്ല എന്നും വരാം. ഒരു മീറ്റര്‍ താഴ്ചയും വീതിയുമുള്ള കുഴിയെടുക്കണം. വേരുപടലം നന്നായി വളരുന്നതിന് ഇതു സഹായിക്കും.

നന്നായി കായ്ക്കുന്നതിന് വേരുപടലവും ഇലച്ചാര്‍ത്തും ഏറെക്കുറെ തുല്യയളവിലായിരിക്കണം. ഇതും പലരും ശ്രദ്ധിക്കാറില്ല. മേല്‍മണ്ണുമായി 10 കിലോ കാലിവളം അഥവാ കമ്പോസ്റ്റ്, 500 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് അല്ലെങ്കില്‍ എല്ലുപൊടി എന്നിവ ചേര്‍ത്ത് ഇളക്കി കുഴിമൂടണം. തറനിരപ്പില്‍ നിന്നും അല്പം ഉയര്‍ത്തി ചെറിയ കൂനപോലെ മണ്ണു നിറയ്ക്കണം. ഒരാഴ്ച കൊണ്ട് മണ്ണ് താഴ്ന്നു വരും. നടുക്ക് ഒരു പിള്ളക്കുഴിയെടുത്ത് ബാഗു നീക്കം ചെയ്ത് ഒട്ടു തൈ നടാം. ഒട്ടിച്ച ഭാഗം മണ്ണിനു മുകളിലായിരിക്കണം.

ഒട്ടു തൈ അഞ്ചു മീറ്റര്‍ വളര്‍ന്നു കഴിഞ്ഞാല്‍ തായ്തണ്ട് മുറിച്ച് പാര്‍ശ്വ ശാഖകള്‍ വളര്‍ത്തിയെടുത്താല്‍ ചക്കകള്‍ പറിക്കാന്‍ എളുപ്പമാകും. വര്‍ഷം തോറും 10 കിലോ കാലിവളമോ കമ്പോസ്റ്റോ കൊടുക്കാം. ആറാം വര്‍ഷം മുതല്‍ 50 കിലോവരെ കൊടുക്കാം. എല്ലുപൊടി അല്ലെങ്കില്‍ റോക്ക് ഫോസ്‌ഫേറ്റ് ഓരോ കിലോ വീതം വര്‍ഷംതോറും നല്‍കിയാല്‍ രുചിയുള്ള ചക്ക കിട്ടും.

സൂക്ഷ്മമൂലകങ്ങളുടെ മിശ്രിതം 250-500 ഗ്രാം വരെ വളര്‍ച്ചയനുസിരിച്ച് കൊടുക്കുന്നതും ഗുണം ചെയ്യും. നൈട്രജന്‍ കൂടിപ്പോയാല്‍ കായ്ക്കാന്‍ താമസിക്കും. രുചി കുറയും. മഴക്കാലത്തിനു മുമ്പായി ചെറിയകമ്പുകളും മറ്റും നീക്കിക്കളഞ്ഞ് നല്ല വായു സഞ്ചാരവും സൂര്യപ്രകാശവും ലഭിക്കാന്‍ തരപ്പെടുത്തുന്നത് നല്ല ചക്ക ലഭിക്കാന്‍ സഹായിക്കും.

ഡോ. പി. എ. മാത്യു
മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്
ഫോണ്‍- 94001 24095.

Related posts