ലിക്സൺ വർഗീസ്
മേലൂർ: കുറുപ്പത്ത് നിറയെ കായകളുമായി രുദ്രാക്ഷമരം. മേലൂർ കുറുപ്പത്ത് കുറ്റിപ്പുഴക്കാരൻ സന്തോഷിന്റെ വീട്ടുവളപ്പിൽ മാനം മുട്ടെ ഉയരത്തിൽ വളർന്ന് നിറയെ കായ്ച്ചു കിടക്കുകയാണു രുദ്രാക്ഷം . 4,5 മുഖങ്ങളുള്ള രുദ്രാക്ഷങ്ങളാണു കൂടുതലും.
ഹിമാലയത്തിലും നേപ്പാളിലും തണുപ്പുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വളരെയധികം കണ്ടു വരുന്ന രുദ്രാക്ഷം കേരളത്തിൽ വളരെ ചുരുക്കമാണ്.
പലയിടങ്ങളിലും മരങ്ങൾ വച്ചു പിടിപ്പിക്കുന്നുണ്ടെങ്കിലും കായ ഉണ്ടാകാറില്ലത്രെ. എന്നാൽ, സന്തോഷിന്റെ വീട്ടിൽ നിറയെ കായകളാണ് മരത്തിലുള്ളത്.
മകന്റെ താല്പര്യത്തിന് ആസാമിൽ നിന്നും എട്ടുവർഷം മുന്പാണ് തൈ വീട്ടിൽ എത്തിച്ചത്. നനച്ചും പരിപാലിച്ചും വന്ന രുദ്രാക്ഷമരം നാലാം വർഷത്തിൽ പൂക്കുകയും കായ ഉണ്ടാവുകയും ചെയ്തു.
ഇത്തവണ വളരെ കൂടുതൽ കായ ഉണ്ടായിട്ടുണ്ടെന്നു വീട്ടുകാർ പറഞ്ഞു. പാകമായി നിലത്ത് വീഴുന്ന കായ്കൾക്കു നീല നിറവും ചെറുനാരങ്ങയുടെ വലുപ്പവുമുണ്ട്.
പുറംന്തോട് നീക്കം ചെയ്ത് വൃത്തിയാക്കിയെടുക്കാൻ പ്രയാസമാണെന്നും തൊലി നീക്കം ചെയ്ത രുദ്രാക്ഷത്തിന് നല്ല നിറവും ബലവും ലഭിക്കുന്നതിന് എള്ളെണ്ണ നല്ലതാണെന്നും മുതിർന്നവർ പറയുന്നു.
ആറുമാസം രുദ്രാക്ഷം എള്ളെണ്ണയിൽ സൂക്ഷിക്കണം. രുദ്രാക്ഷം സൂക്ഷിച്ച എണ്ണയ്ക്ക് ഒൗഷധഗുണമുണ്ടെന്നും വാതരോഗികൾ ഈ എണ്ണ ശരീരത്തിൽ പുരട്ടിയാൾ രോഗശമനമുണ്ടാകുമെന്നും പറയുന്നു.
ഒരു മരത്തിൽ നിന്നും 14 മുഖമുള്ള രുദ്രാക്ഷം ലഭിക്കും. ഇവ ഏകമുഖി, ദ്വിമുഖി, ത്രിമുഖി, ചതുർമുഖി, പഞ്ചമുഖി, ഷണ്മുഖി, സപ്തമുഖി, അഷ്ടമുഖി, നവമുഖി, ദശമുഖി, ഏകദശമുഖി, ദ്വാദശിമുഖി, ത്രയോദശമുഖി, ചതുർദശമുഖി എന്നീ പേരുകളിൽ അറിയപ്പെടുന്നു. മാല നിർമിക്കാനുള്ള ദ്വാരം ഈ കായയിൽ തന്നെ ഉണ്ടെന്നതാണു മറ്റൊരു പ്രത്യേകത.
നിരവധി ആളുകളാണ് ഈ മരവും കായ യും കാണാൻ ഇവിടെ എത്തിച്ചേരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും താരമായി ഈ രുദ്രാക്ഷ മരം.