തൃശൂർ: സ്ക്രീനിൽമാത്രം കണ്ടിട്ടുള്ള സൂപ്പർ താരത്തെ എന്നെങ്കിലും നേരിട്ടു കാണണമെന്ന മോഹം ഒടുവിൽ വീഡിയോകോൾ വഴി സാധ്യമായതിന്റെ ആഹ്ലാദത്തിലാണ് തൃശൂർ പൂങ്കുന്നം അഗതിമന്ദിരത്തിലെ രുഗ്മിണിയമ്മ.
മോഹൻലാലിനെ കാണണമെന്ന് എപ്പോഴും ആഗ്രഹം പ്രകടിപ്പിക്കാറുള്ള ഈ മുത്തശി കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി കരഞ്ഞുകൊണ്ട് തന്റെ ആഗ്രഹം ലോകത്തെ അറിയിച്ചിരുന്നു.
ഇതു ശ്രദ്ധയിൽപ്പെട്ട ഫാൻസ് അസോസിയേഷൻകാരാണ് മോഹൻലാലിനെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചത്.
തന്റെ കടുത്ത ആരാധികയായ രുഗ്മിണിയമ്മയെ തേടി അധികം വൈകാതെ മോഹൻലാലിന്റെ വീഡിയോ കോൾ എത്തി.
അപ്രതീക്ഷിതമായി പ്രിയതാരത്തിന്റെ ഫോണ് കോൾ എത്തിയതോടെ രുഗ്മിണിയമ്മ വികാരാധീനയായി. നേരിട്ടു കാണണമെന്ന ആഗ്രഹം രുഗ്മിണിയമ്മ പറഞ്ഞപ്പോൾ കോവിഡ് കഴിഞ്ഞു നേരിട്ടുവരാമെന്നു മോഹൻലാൽ പറഞ്ഞു.
ഇപ്പോൾ താൻ ഇടുക്കിയിലാണെന്നും കോവിഡ് പ്രതിസന്ധി കഴിഞ്ഞ് അതുവഴി വരുമ്പോൾ കാണാമെന്നുമായിരുന്നു വാഗ്ദാനം.
മോഹൻലാൽ കാണാൻ വന്നില്ലേ, മോഹൻലാൽ വിളിച്ചോ എന്നെല്ലാം ചോദിച്ച് എല്ലാവരും കളിയാക്കുകയാണെന്നു പറഞ്ഞ് രുഗ്മിണിയമ്മ പൊട്ടിക്കരയുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ലാലിന്റെ ശബ്ദം അനുകരിക്കുന്നതിലും ഒരുവശം ചെരിഞ്ഞുള്ള നടത്തം അനുകരിക്കുന്നതിലും രുഗ്മിണിയമ്മ മിടുക്കിയാണ്.
മോഹൻലാൽ വിളിച്ചോ എന്നു ചോദിക്കുന്നവരോട് ഇനി രുഗ്മിണിയമ്മ അഭിമാനത്തോടെ പറയും… എന്നെ എന്റെ മോഹൻലാൽ വിളിച്ചു…കോവിഡ് കഴിഞ്ഞാൽ വന്നു കാണൂല്ലോ…