ക
സ്വന്തം ലേഖകൻ
കുന്നംകുളം: ഇന്ദുലേഖ വിചാരിച്ചപോലെയൊക്കെ കാര്യങ്ങൾ നടന്നിരുന്നുവെങ്കിൽ കുന്നംകുളം മറ്റൊരു കൂടത്തായി ആയി മാറുമായിരുന്നു.പ്ലാനുകൾ പാളിയത് കൊണ്ട് മാത്രം അങ്ങനെയൊന്നും സംഭവിച്ചില്ല.
ഒരു ഷെർലക്ഹോംസ് കഥയിലെ കുശാഗ്രബുദ്ധിക്കാരനായ കുറ്റവാളിയെ പോലെയാണ് ഇന്ദുലേഖ അമ്മയെയും അച്ഛനെയും ഇല്ലാതാക്കാൻ ശ്രമിച്ചത്. കൂട്ടത്തിൽ ഭർത്താവിനിട്ടും പണികൊടുക്കാൻ ഇന്ദുലേഖ ശ്രമിച്ചിരുന്നു എന്നാണ് സൂചന.
കുന്നംകുളം കീഴൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകൾ ഇന്ദുലേഖയുടെ ദൃശ്യം സിനിമയെ വെല്ലുന്ന ക്രിമിനൽ ബുദ്ധി കണ്ട് പോലീസ് പോലും അമ്പരന്നു പോയി.
കിഴൂർ കാക്കത്തിരുത്ത് റോഡിൽ ചോഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുക്മിണിയാണ് (58) കഴിഞ്ഞദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ചായയിൽ എലിവിഷം കലർത്തി നൽകിയതാണ് രുക്മിണിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ആസ്ത്മയുടെ അസ്വസ്ഥതകളുള്ളതിനാൽ രുക്മിണിക്ക് രുചിവ്യത്യാസം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.
ബാധ്യത തീർക്കാൻ കടുംകൈ
ലക്ഷങ്ങളുടെ കടബാധ്യതകൾ തീർക്കുവാൻ ഇന്ദുലേഖ കണ്ടെത്തിയ എളുപ്പമാർഗമാണ് അച്ഛനെയും അമ്മയെയും ഇല്ലാതാക്കുക എന്നത്.
തനിക്ക് എഴുതിbച്ച സ്വത്ത് ഇവരുടെ കാലശേഷം കിട്ടു എന്നുള്ളതിനാൽ അവരെ വേഗത്തിൽ ഇല്ലാതാക്കുക എന്ന മാർഗമാണ് ഇന്ദുലേഖയ്ക്ക് മുന്നിൽ തെളിഞ്ഞത്.
കിഴൂരിൽ 13.5 സെന്റ് സ്ഥലവും വീടുമാണ് ഇവർക്കുണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഇത് ഇന്ദുലേഖയ്ക്ക് എഴുതിവച്ചിരുന്നു.
മകൾക്ക് എട്ട് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി സ്വർണാഭരണങ്ങൾ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെച്ചാണ് ഇത്രയും ബാധ്യതയുണ്ടായതെന്നാണ് ഇന്ദുലേഖ പോലീസിനോട് പറഞ്ഞത്.
എന്നാൽ ഈ ലക്ഷങ്ങളുടെ കടബാധ്യതയെക്കുറിച്ച് ഇന്ദുലേഖയുടെ ഭർത്താവിന് അറിവില്ല എന്നതാണ് കൗതുകം. സ്വർണം പണയം വച്ച വിവരം ഭർത്താവിന് അറിയില്ലായിരുന്നു.
കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് ഭർത്താവ് നാട്ടിലെത്തിയിരുന്നു. ഇതോടെ സ്വർണാഭരണങ്ങൾ തിരിച്ചെടുക്കേണ്ടിയിരുന്നു.
കാലശേഷം തനിക്ക് എഴുതിവച്ച സ്ഥലം പണയം വച്ച് തുക കണ്ടെത്തുന്നതിന് ഇന്ദുലേഖ ശ്രമിച്ചെങ്കിലും അമ്മ രുക്മിണി സമ്മതിച്ചില്ല. പിന്നെ ഇന്ദുലേഖയുടെ മുന്നിൽ ഒറ്റ മാർഗമേ ഉണ്ടായിരുന്നുള്ളൂ.
പനി ഗുളികയുടെ രഹസ്യം
അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ കഴിഞ്ഞ ഒരു മാസമായി ധാരാളം പനി ഗുളികകൾ കൊടുത്തിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചപ്പോൾ എന്തിന് പനി ഗുളിക കൊടുത്തു എന്ന ചോദ്യം ബാക്കിയായിരുന്നു.
പനി ഗുളിക കഴിച്ചാൽ മരിക്കുമോ എന്നായിരുന്നു പോലീസടക്കം പലരും സംശയം പ്രകടിപ്പിച്ചത്.എന്നാൽ ഇന്ദുലേഖ തന്നെയാണ് പനി ഗുളികകൾ കൊടുക്കാൻ ഉണ്ടായ കാരണത്തെപ്പറ്റി മൊഴിനൽകിയത്.
ഒരു മാസമായി പനിയുടെ ഗുളികകൾ ഭക്ഷണത്തിൽ കലർത്തി അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ നൽകിയിരുന്നു. കറിയിൽ ചേർത്താണ് ഇവ നൽകിയിരുന്നത്.
കരൾരോഗ ബാധിതരാക്കി ആർക്കും സംശയമില്ലാത്ത രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തുടർച്ചയായി കൂടുതൽ പനി ഗുളിക കഴിച്ചാൽ കരൾരോഗം ഉണ്ടാകുമെന്ന് ഇന്ദുലേഖ യൂട്യൂബ് നോക്കി മനസിലാക്കിയിരുന്നു.
എങ്ങിനെ സാവധാനത്തിൽ ഒരാളെ കൊല്ലാം എന്ന പാഠവും യൂട്യൂബ് വഴി ഇന്ദുലേഖ കണ്ടു പഠിച്ചിരുന്നു. ഭർത്താവിനും അച്ഛനും ചായയിൽ സോപ്പുലായനി കലർത്തി നൽകിയതായും ഇന്ദുലേഖ മൊഴി നൽകിയിട്ടുണ്ട്.
കൃത്രിമമായി ഭക്ഷ്യവിഷബാധയുണ്ടാക്കാനായിരുന്നു ശ്രമം. ഒരു മാസം മുമ്പ് അച്ഛനെ ഇതേ രീതിയിൽ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നുവത്രെ ഈ മകൾ.
അമ്മയ്ക്ക് ശേഷം അച്ഛനെ കൊലപ്പെടുത്തിയോ ശാരീരികമായി അവശനിലയിലാക്കിയോ സ്വത്ത് കൈവശപ്പെടുത്താനാണ് ലക്ഷ്യമാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു.
പത്താം ക്ലാസ് വിദ്യാഭ്യാസമാണ് ഇന്ദുലേഖയ്ക്കുള്ളതെങ്കിലും കൊടും കുറ്റവാളികളുടെ ക്രിമിനൽ ബുദ്ധിയാണ് ഉണ്ടായിരുന്നത്.
പക്ഷേ ഏതു ക്രൈമിലും ദൈവം ഒരു ലൂപ്എ ഹോൾ എങ്കിലും ബാക്കിവെക്കും എന്ന തത്വം രുക്മിണി കൊലക്കേസിലും തെറ്റിയില്ല.
ഡോക്ടർക്കും അച്ഛനും തോന്നിയ സംശയങ്ങൾ, പോലീസിന്റെ കൃത്യമായ അന്വേഷണം എന്നിവക്കൊപ്പം തെളിവുകൾ നിരത്തി പോലീസ് ചോദ്യം ചെയ്തപ്പോൾ പിടിച്ചുനിൽക്കാൻ ഇന്ദുലേഖയ്ക്ക് കഴിഞ്ഞില്ല…
ഇനി അറിയാനുള്ളത്
ഇന്ദുലേഖ ഒറ്റയ്ക്കാണോ ഈ ക്രൂരകൃത്യം ചെയ്തത് എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വൻ സാമ്പത്തിക ബാധ്യത ഇന്ദുലേഖയ്ക്ക് വന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കും.
ഇന്ദുലേഖയുടെ ബാങ്ക് ഇടപാടുകളും പോലീസ് അന്വേഷണ വിധേയമാക്കും. പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും അത് തെളിയിക്കുക എന്ന വലിയ ദൗത്യം അന്വേഷണസംഘത്തിന് മുന്നിൽ ഉണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ടും ഡോക്ടറുടെയും അച്ഛന്റെയും മകന്റെയും മൊഴികളും മറ്റും കേസിൽ നിർണായക തെളിവുകളായി മാറും.
തെളിവെടുപ്പിൽ വിഷത്തിന്റെ കുപ്പിയും മരുന്നുകളുടെ സ്ട്രിപ്പുകളും ലഭിച്ചിട്ടുണ്ട്.. മൊബൈൽഫോൺ വിശദമായ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്.