മാവേലിക്കര: നാട്ടുകാരുടെ മുമ്പില്‍ പൈശാചിക മുഖഭാവത്തോടെ മകന് സുരേഷ്. കഴുത്തറത്ത അമ്മ രുഗ്മിണിയമ്മയുടെ നില ഗുരുതരമായി തുടരുന്നു. ഈരേഴവടക്ക് നാമ്പോഴില്‍ സുരേഷ്കുമാര്‍(49) ആണ് അമ്മയായ രുഗ്മിണിയമ്മ(85)യുടെ കഴുത്തറക്കുകയും വീടിനും വാഹനത്തിനും തീയിടുകയും ചെയ്തത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് രുഗ്മിണിയമ്മ.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ള ഇവര്‍ക്ക് കഴുത്തിനു മുറിവേറ്റതിനാല്‍ സംസാരിക്കാന്‍ സാധിക്കുന്നില്ല. അബോധാവസ്ഥയിലല്ലെങ്കിലും മകൻ ചെയ്ത കൃത്യത്തിന്റെ ആഘാതത്തിലാണ് ഇവരും. ഇന്നലെ വൈകുന്നേരമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
കാട്ടുവള്ളില്‍ ക്ഷേത്രത്തിനു സമീപമുള്ള വീടിനു തീയിട്ട ശേഷം യുവാവ് പോലീസും ഫയര്‍ഫോഴ്സും എത്തിയതോടെ അമ്മയുടെ കഴുത്തറക്കുകയായിരുന്നു. സേനാംഗങ്ങള്‍ അടുത്തേക്കു എത്തുന്നതിനിടെ അമ്മയുടെ കഴുത്തറുക്കുകയും കത്തികൊണ്ട് സ്വന്തം കഴുത്തറത്ത് ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തു.
ഒടുവില്‍ സേനാംഗങ്ങള്‍ സുരേഷിനെ കീഴ്പ്പെടുത്തിയ ശേഷം അമ്മയേയും മകനേയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷ് തന്റെ സ്വന്തം സ്കൂട്ടറിനു തീയിടുകയായിരുന്നു. തുടര്‍ന്ന് വീടിനും തീയിട്ടു.
ഇതു കണ്ടുനിന്ന നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.വീട്ടിലെ തീയണക്കാന്‍ തുടങ്ങവേ സുരേഷ് ഇവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും തീയണയ്ക്കരുതെന്ന് ആക്രോശിക്കുകയുമായിരുന്നു.
ഇതു ഗൗനിക്കാതെ ഉദ്യോഗസ്ഥര്‍ തീയണച്ചു. ഈ സമയം ഇയാള്‍ അമ്മയുടെ അടുത്തെത്തുകയും കഴുത്തില്‍ കത്തിവയ്ക്കുകയുമായിരുന്നു. ആരെങ്കിലും അടുത്തെത്തിയാല്‍ കഴുത്തറക്കും എന്ന ഭീഷണിയോടെയായിരുന്നു ഇയാള്‍ അമ്മയുടെ കഴുത്തില്‍ കത്തി വച്ചത്.
ഇതുകണ്ട് നിന്നവര്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അസഭ്യവര്‍ഷത്തോടെ ഭീഷണി തുടര്‍ന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ ഒരു ഉദ്യോഗസ്ഥന് അവിടെയുണ്ടായിരുന്ന അതിരു കല്ലില്‍ കാല്‍തട്ടി നിലത്തേക്കു വീണു.
ഇതിനിടെ പ്രകോപിതനായ സുരേഷ് കറിക്കത്തികൊണ്ട് അമ്മയുടെ കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഇയാളുടെ കഴുത്തിലേക്ക് കത്തിവച്ച് സ്വന്തം കഴുത്തും അറക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ ആര്.രാഹുല്‍, കെ.ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് സുരേഷിനെ കീഴ്പ്പെടുത്തുകയും ഇരുവരേയും ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.
രുഗ്മിണിയമ്മയെ പോലീസ് ജീപ്പിലും സുരേഷിനെ ഫയര്‍ഫോഴ്സ് ആംബുലന്‍സിലുമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. രുഗ്മിണിയമ്മയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്. സുരേഷിന്റെ പരിക്ക് ഗുരുതരമല്ല. സുരേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷിന്റെ ഭാര്യയും മകനും അവരുടെ വീട്ടിലാണ് താമസം.പരേതനായ അച്യുതന് പിള്ളയുടെ ഭാര്യയാണ് പരിക്കേറ്റ രുഗ്മിണിയമ്മ. സുരേഷിനെ കൂടാതെ വല്ലഭകുമാര്, അജയകുമാര്‍, സുരേഷ്കുമാര്‍, പരേതനായ വേണുഗോപാല്‍ എന്നിവര്‍ മക്കളാണ്.മദ്യലഹരിയിലായിരുന്നു സുരേഷെന്ന് പോലീസ് പറയുന്നു.
മാവേലിക്കര പോലീസ് കേസെടുത്തു. ഫോട്ടോഗ്രാഫറായിരുന്ന സുരേഷിന്റെ കമ്പ്യൂട്ടറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, സ്കൂട്ടര്‍, വീട്ടുപകരണങ്ങള്‍ എന്നിവ കത്തി നശിച്ചിട്ടുണ്ട്. സുരേഷിനെതിരേ വധശ്രമത്തിന് കേസെടുത്തു.
അമ്മയുടെ കഴുത്തറത്ത ശേഷവും ഭാവഭേദമില്ലാതെ സുരേഷ്
മാവേലിക്കര: കണ്ടുനിന്നവര്‍ അലറിവിളിച്ചിട്ടും അമ്മയുടെ കഴുത്തറത്ത് മകന്. തുടര്‍ന്ന് സുരേഷ് തന്റെ കഴുത്തിലേക്ക് കത്തി വയ്ക്കുന്നതിനിടെയാണ് സേനാംഗങ്ങള്‍ക്ക് സുരേഷിനെ കീഴ്പ്പെടുത്തിയത്.
വീടിനു തീയിട്ട ശേഷം പോലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ അമ്മയുടെ കഴുത്തിലേക്ക് കത്തിവയ്ക്കുകയായിരുന്നു. ഈ സമയം സംഭവം അറിഞ്ഞ് ഇവിടെ നിരവധി പേര് കൂടിയിരുന്നു.
അമ്മയെ രക്ഷിക്കാനും സുരേഷിനെ കീഴ്പ്പെടുത്താനുമായി അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍ ശ്രമം ആരംഭിക്കവേ ഇയാള്‍ രോഷാകുലനാകുകയും കറികത്തികൊണ്ട് രുഗ്മിണിയമ്മയുടെ കഴുത്ത് അറക്കുകയുമായിരുന്നു.
ഇതുകണ്ട്ഫോട്ടോ പകര്‍ത്താനായി മൊബൈല്‍ എടുത്തവരോട് ശരിക്കു ഇതൊക്കെ പകര്ത്തിക്കോളാനും സുരേഷ് പറഞ്ഞതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനുശേഷം ഇയാള്‍ സ്വന്തം കഴുത്തിലേക്ക് കത്തിവച്ചു. ഇതിനിടെയാണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്പ്പെടുത്തിയത്.
രുഗമിണിയമ്മയ്ക്ക് ഏറ്റത് ശ്വാസനാളം വരെ വെളിയില്‍ കാണത്തക്ക തരത്തിലുള്ള ആഴത്തിലുള്ള മുറിവായിരുന്നു. കീഴ്പ്പെടുത്തിയ ശേഷവും സുരേഷ് യാതൊരു മനസ്താപവുമില്ലാതെ നില്‍ക്കുകയായിരുന്നു. കഴുത്തിലെ മുറിവിലൂടെ രക്തം ഒലിക്കുമ്പോഴും നാട്ടുകാരെ അസഭ്യം പറയുകയായിരുന്നു. കാണേണ്ടി വന്നത് രക്തം മരവിക്കുന്ന കാഴ്ചയെന്ന് നാട്ടുകാര്‍ പറയുന്നു.