കാസർഗോഡ്: നന്ദി വാക്കുകളിലൊതുക്കാതെ കോവിഡ് ഭേദമായ എരിയാലിലെ ഉമ്മത്ത് കോംബൗണ്ടിലെ കുടുംബം ഒരു ലക്ഷം രൂപയാണ് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.
മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്തിലെ എരിയാല്‍ പ്രദേശത്തെ ഈ കുടുംബത്തിലെ ആറു പേര്‍ക്കാണ് ഒന്നിനു പിറകെ ഒന്നായി കോവിഡ്-9 സ്ഥിരീകരിച്ചത്. മാര്‍ച്ച് 16ന് ദുബായിയില്‍ നിന്ന് വന്ന അലി അസ്കറിനാണ് മാര്‍ച്ച് 21 ന് ആദ്യമായി കോവിഡ്-19 സ്ഥിരീകരിക്കുന്നത്.
ഇദ്ദേഹത്തെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 27 ന് ഇദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമത്ത് സഹ്സിയക്കും പിന്നീട് അലി അസ്കറിന്റെ ഉമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു.
ഏപ്രില്‍ മൂന്നിന് അലി അസ്കറിന്റെ ജേഷ്ടന്റെ ഭാര്യ ജസീലയ്ക്കും പിന്നീട് ഏപ്രില്‍ ഏഴിന് ജസീലയുടെ എട്ടും പത്തും വയസുള്ള രണ്ട് പെണ്മക്കള്ക്കും രോഗം സ്ഥിരീകരിച്ചു.
ഇവരെ അഞ്ചു പേരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അടുത്ത ബന്ധുക്കളുടെ ഉള്‍പ്പെടെ അഞ്ച് വീടുകള്‍ പൂര്‍ണമായും ഐസൊലേറ്റ് ചെയ്തു.
കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരില്‍ നിന്ന് ലഭിച്ച സ്നേഹവും ഇവര്‍ നല്കിയ ആത്മധൈര്യവും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തതാണന്ന് ഈ കുടുംബം സാക്ഷ്യപ്പെടുത്തുന്നു.
തന്റെ ഉറ്റവരെ സംരക്ഷിച്ചു പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരുന്നതിന് നിമിത്തമായവരോടുള്ള നന്ദിയും കടപ്പാടും വാക്കുകളിലൊതുക്കേണ്ടതില്ലെന്ന കുടുംബത്തിന്റെ തീരുമാന പ്രകാരമാണ് കുടുംബ ട്രസ്റ്റായ ഉമ്മത്ത് ഫൗണ്ടേഷന് കീഴില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയും ജില്ലയിലെ ആവശ്യത്തിനായി സാനിറ്റൈസറും നല്‍കിയത്.
ഇതുകൂടാതെ പ്രദേശത്തെ 1,000 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റും വിതരണംചെയ്തു.