പൂച്ചാക്കൽ: അരൂക്കുറ്റിയിലെ പ്രമുഖ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ ഹണി ട്രാപ്പ്. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ പൂച്ചാക്കല്‍ പോലീസ് അറസ്റ്റു ചെയ്തു.
തൃശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂരിൽ രായംമരക്കാര്‍ വീട്ടില്‍ സജീര്‍ (39), എറണാകുളം രാമേശ്വരം വില്ലേജില്‍ അത്തിപ്പൊഴിക്കല്‍ വീട്ടില്‍ സോന (റുക്സാന ഭാഗ്യവതി-36), തൃശൂർ ചേര്‍പ്പ് പഞ്ചായത്ത് ഊരകം രാത്തോഡ് വീട്ടില്‍ അമ്പാജി (44) എന്നിവരാണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
നാലുമാസം മുമ്പാണ് വ്യവസായിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. അന്വേഷണത്തില്‍ ആത്മഹത്യ ചെയ്യേണ്ട കാരണങ്ങള്‍ ഇല്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്.
തുടര്‍ന്ന് ബന്ധുക്കളെയും നാട്ടുകാരെയും ചോദ്യം ചെയ്തിരുന്നു. മരണത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ വ്യവസായിയുടെ വീട്ടില്‍ വന്നു പോയവരെക്കുറിച്ചും പോലീസ് രഹസ്യമായി അന്വേഷിച്ചു.
അങ്ങനെയാണ് കണ്ണാടി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരിലുള്ള ട്രസ്റ്റിലെ ആളുകള്‍ പിരിവിനായി ഇടയ്ക്കിടെ വ്യവസായിയുടെ വീട്ടില്‍ വന്നുപോകാറുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ഇവരെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
നാട്ടിലെയും പുറംനാടുകളിലെയും സാമൂഹ്യസേവന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വലിയ തുകകള്‍ സംഭാവനകള്‍ നല്‍കിയിരുന്ന വ്യവസായി, പ്രതികള്‍ നടത്തിവന്നിരുന്ന ചാരിറ്റബിള്‍ ട്രസ്റ്റിനുവേണ്ടി ദീര്‍ഘ കാലങ്ങളായി പല തവണകളായി നല്ലൊരു തുക തന്നെ കൊടുത്തിരുന്നു.
ഇയാൾ മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് പിരിവിനായി വീട്ടില്‍ വന്ന റുക്സാന അദ്ദേഹത്തിന്റെ പക്കൽ വളരെ വലിയ തുകയുണ്ടെന്നു മനസിലാക്കി. അത് തട്ടിയെടുക്കാനായി സജീറുമായി ഗൂഢാലോചന നടത്തി. തുടര്‍ന്ന് സജീറിന്റെ കൂട്ടുകാരനായ മറ്റൊരാളുമായി പിരിവിനെന്ന വ്യാജേന വ്യവസായിയുടെ വീട്ടിലെത്തി.
റുക്സാന ട്രസ്റ്റിനുവേണ്ടി കാശ് ചോദിക്കാന്‍ വ്യവസായിയുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് സജീര്‍ വീടിനകത്തേക്ക് ഓടിക്കയറി. റുക്സാന തന്റെ ഭാര്യയാണെന്നും അവളും വ്യവസായിയും തമ്മില്‍ അവിഹിത ബന്ധമാണെന്നും മറ്റും പറഞ്ഞു ബഹളം വച്ചു.
നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. വീട്ടിലുണ്ടായിരുന്ന 100 പവനോളം സ്വര്‍ണവും മൂന്നു ലക്ഷം രൂപയും സുഹൃത്തിന്റെ സഹായത്തോടെ എടുത്തു കൊണ്ട് പോവുകയായിരുന്നു. പിന്നീട് തൃശൂരിലെത്തി അന്പാജി എന്നയാൾക്ക് സ്വര്‍ണം വിറ്റു.
പിന്നീട് ഒരാഴ്ചയ്ക്കുശേഷവും വ്യവസായിയെ വന്നുകണ്ട് 50 ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കില്‍ കുടുംബത്തില്‍ നടക്കാനിരിക്കുന്ന വിവാഹങ്ങള്‍ മുടക്കുമെന്നും പറഞ്ഞു. ഇതേതുടര്‍ന്നാണ് വ്യവസായി ആത്മഹത്യ ചെയ്തത്. മരണ വിവരമറിഞ്ഞ പ്രതികള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.
സജീര്‍ റുക്സാനയോടൊപ്പം പല സ്ഥലങ്ങളിലായി ആഡംബര ഫ്ലാറ്റുകളിൽ താമസിച്ചുവരവേ എറണാകുളത്തുനിന്നു പൂച്ചാക്കൽ പോലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ചേര്‍ത്തല ഡിവൈഎസ്പി ടി.ബി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.
പ്രത്യേക അന്വേഷണ സംഘത്തില്‍ പൂച്ചാക്കല്‍ എസ്ഐ കെ.ജെ. ജേക്കബ്, എസ്ഐ ഗോപാലകൃഷ്ണന്, എഎസ് ഐ വിനോദ് സിപി ഒമാരായ നിസാര്‍, അഖില്‍, ഷൈന്‍, അരുണ്‍, നിധിന്, അജയഘോഷ്, ശ്യാം, ബൈജു, പ്രവീഷ്, നിത്യ എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികള്‍ മറ്റു സ്ഥലങ്ങളില്‍ സമാന സ്വഭാവമുള്ള കേസുകളില്‍ ഉള്പ്പെട്ടിട്ടുണ്ടോഎന്നും അന്വേഷിച്ചു വരുന്നതായി ചേര്‍ത്തല ഡിവൈഎസ്പി അറിയിച്ചു.