കൊച്ചി: ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് നടന് ലാല്‍. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ അഭിനയിച്ചതാണെന്നും ഇനി ഇത്തരം പരസ്യങ്ങളിൽ തല വയ്ക്കില്ലെന്നും ലാല്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ അനുമതിയോടെ ചെയ്യുന്ന പരസ്യമാണെന്നു കേട്ടപ്പോള്‍ അഭിനയിച്ചതാണ്. ഇതു കണ്ടിട്ട് ആര്‍ക്കെങ്കിലും ദുരന്തങ്ങൾ ഉണ്ടായെങ്കില്‍ ഖേദമുണ്ട്.
ചെയ്തത് തെറ്റാണെന്നു തോന്നിയപ്പോഴുള്ള മാപ്പു പറച്ചില് ആയി കണക്കാക്കരുതെന്നും ലാല്‍ പറഞ്ഞു.കഴിഞ്ഞദിവസം നിയമസഭയില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് സിനിമാതാരങ്ങളെ പിന്തിരിപ്പിക്കാന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നു പറഞ്ഞിരുന്നു.
ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു ലാലിന്റെ പ്രതികരണം.