പാലക്കാട്: കൊല്ലങ്കോട് യുവാവ് ജീവനൊടുക്കിയത് റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ കടബാധ്യത കാരണമെന്ന് ഭാര്യ വൈശാഖ. കഴിഞ്ഞ ദിവസമാണ് കൊല്ലങ്കോട് സ്വദേശി ഗിരീഷിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
25 പവനോളം സ്വർണം വിറ്റും പണയം വെച്ചുമാണ് ഗിരീഷ് റമ്മി കളിച്ചിരുന്നതെന്ന് ഭാര്യ പറയുന്നു. കൊവിഡ് കാലത്ത് നേരം പോക്കിനായി തുടങ്ങിയ റമ്മി കളി പിന്നീട് സ്ഥിരമായി. ഇതിന് അടിമയായതോടെ ലഭിക്കുന്ന ശന്പളം മുഴുവൻ കളിക്കുന്നതിന് വേണ്ടി ചിലവാക്കി.
പണം തികയാതെ വന്നതോടെ ഭാര്യയുടെ സ്വർണം വിറ്റും പണയം വച്ചും കളി തുടർന്നു. ഇതിനിടയിൽ മദ്യപാനവും ആരംഭിച്ചു.
കടം പെരുകിയെങ്കിലും കളി ഉപേക്ഷിച്ചില്ല. റമ്മി കളി നിർത്താൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് അത് കേട്ടിരുന്നില്ലെന്നും മർദിക്കുകയായിരുന്നെന്നും ഭാര്യ പറയുന്നു.