എരുമേലിയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസ് എവിടെയുണ്ടെന്ന് കേരളാ പോലീസിന് കൃത്യമായ വിവരം ലഭിച്ചുവെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ ജെസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടാന്‍ പോലീസ് മടിക്കുന്നത് പല സംശയങ്ങള്‍ക്കും ഇടയാക്കുകയാണ്.
ജെസ്നയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ ജി സൈമണ്‍ കോവിഡ് വ്യാപനത്തിനും ലോക്ക്ഡൗണിനും മുമ്പുതന്നെ പറഞ്ഞതാണ്. എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞെങ്കിലും ഇതേക്കുറിച്ച് ഒന്നും തുറന്നു പറയാന്‍ സൈമണ്‍ തയ്യാറാകുന്നില്ല.
ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങുമ്പോഴും സൈമണ്‍ മൗനം പാലിക്കുന്നു. 2018 മാര്‍ച്ച് 22നാണ് 23കാരി ജെസ്നയെ കാണാതാകുന്നത്. വീട്ടില്‍ നിന്ന് ഫോണ്‍ പോലും എടുക്കാതെ ഇറങ്ങുമ്പോള്‍ ചെറിയ തോള്‍സഞ്ചി മാത്രമാണ് ജെസ്നയുടെ കൈവശമുണ്ടായിരുന്നത്.
അധികം പണവും കൈയ്യിലുണ്ടായിരുന്നില്ല. എരുമേലിയില്‍ ബസിറങ്ങിയ ജെസ്നയ്ക്ക് ഏതോ വ്യക്തികളുടെ കൃത്യമായ സഹായം കിട്ടിയിരുന്നുവെന്ന ന്യായമായ സംശയം ഉയരാന്‍ കാരണവും ഇതുതന്നെ.
ആധുനിക സാങ്കേതിക വിദ്യകളുടെ സകല സഹായവും ജെസ്നക്കേസില്‍ തേടിയെങ്കിലും നിരാശയായിരുന്നു ഫലം. സാങ്കേതിക വിദ്യ ഇത്രയധികം പുരോഗമിച്ചകാലത്തിലും എരുമേലി ടൗണില്‍ നിന്ന് ജെസ്ന ഞൊടിയിടയില്‍ അപ്രത്യക്ഷയായതിന്റെ കാരണം കണ്ടു പിടിക്കാന്‍ കഴിയാത്തത് ഏവരെയും അദ്ഭുതപ്പെടുത്തുന്നു.
എരുമേലിയില്‍ ജെസ്നയെക്കൂട്ടാന് സ്വകാര്യ വാഹനത്തില്‍ ആരോ വന്നുവെന്ന സംശയത്തിനു ബലം നല്‍കുന്നതാണ് നിലവിലെ സാഹചര്യത്തെളിവുകളെല്ലാം. എന്നിരുന്നാലും ജെസ്നയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടാന്‍ പോലീസ് മടിക്കുന്നതിനു കാരണം ഉന്നത രാഷ്ട്രീയ ഇടപെടലാണോയെന്ന സംശയവും ഉയരുകയാണ്.
വിവരം പുറത്തു വിടാതിരിക്കാന്‍ പോലീസിനു മേല്‍ സമ്മര്ദ്ദമുണ്ടാകുന്നുവെന്ന സംശയവും പ്രബലമാവുകയാണ്. ഇതേത്തുടര്‍ന്ന് ‘ലവ് ജിഹാദ്’ ആരോപണവും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ മുളച്ചു പൊന്തിയിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ‘ജെസ്ന’യെ വെളിച്ചത്തു കൊണ്ടുവന്നാല്‍ അത് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും തിരിച്ചടിയാവുമെന്ന വിലയിരുത്തലാണ് ‘ജെസ്ന’യെ ഇപ്പോഴും തിരശീലയ്ക്കു പിന്നില്‍ നിര്‍ത്തുന്നതിനു പ്രധാനകാരണമെന്നും പലരും സംശയിക്കുന്നു.
ഇപ്പോള്‍ ജെസ്ന പ്രത്യക്ഷയാവുകയും സത്യങ്ങള്‍ വെളിപ്പെടുകയും ചെയ്താല്‍ അത് തങ്ങളുടെ വോട്ടുബാങ്കായ ചില സമുദായങ്ങളുടെ അപ്രീതിയ്ക്ക് കാരണമാകുമെന്നും പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും വിലയിരുത്തുന്നു. ഈയൊരു കാരണം കൊണ്ടാണ് ജെസ്നയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടാത്തതെന്നാണ് പലരും ആരോപിക്കുന്നത്.
ജെസ്നയുടെ തിരോധാനത്തിന്റെ തുടക്കത്തിലുള്ള സ്ഥിതിഗതികളല്ല ഇപ്പോഴുള്ളത്. സാമൂഹികപരമായും രാഷ്ട്രീയപരമായും കേരളത്തില്‍ പല മാറ്റങ്ങളും ഇതിനോടകം സംഭവിച്ചു. സാമുദായിക സമവാക്യങ്ങള്‍ പൊതുതെരഞ്ഞെടുപ്പുകളുടെ ഗതി നിര്‍ണയിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
അതിനാല്‍ തന്നെ തങ്ങളുടെ വോട്ടുബാങ്കിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവുകയില്ല. അതിനാല്‍ത്തന്നെയാണ് ഇക്കാര്യത്തില്‍ ലവ് ജിഹാദ് ആരോപണങ്ങള്‍ ശക്തി പ്രാപിക്കുന്നതും.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ജെസ്ന വെളിച്ചത്തു വരാന്‍ ഒരു സാധ്യതയുമില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.