തിരുവനന്തപുരം: മുന് കേരളാ ഡിജിപി ടി പി സെന്കുമാര് കേരളാ ഗവര്ണര് സ്ഥാനത്തേക്കെന്ന് അഭ്യൂഹം. കേരളാ ഗവര്ണര് സ്ഥാനത്തു നിന്നും പി സദാശിവം വിരമിക്കാന് ഇനി അധിക നാളുകളില്ല. സുപ്രീംകോടതിയുടെ മുന് ചീഫ്ജസ്റ്റിസ് കൂടിയായ അദ്ദേഹം കേരള ഗവര്ണമെന്റുമായി നല്ല ബന്ധമാണ് പുലര്ത്തിയത്. എന്നാല് കേരളത്തിലെ ബിജെപി നേതാക്കള്ക്ക് സദാശിവത്തോട് അത്ര പ്രിയമില്ലാത്തതിനാല് ഇദ്ദേഹത്തിന് ഗവര്ണര് പദവിയില് രണ്ടാമൂഴം ലഭിക്കില്ലെന്ന് കരുതുന്നവരും ഏറെയാണ്. എങ്കിലും ഇക്കാര്യത്തില് അന്തിമ തീരുമാനം കൈക്കൊള്ളുക മോദിയെയും അമിത്ഷായുമാകും. സെന്കുമാര് ഗവര്ണര് ആകുമെന്നും അദ്ദേഹത്തിന് കേരളത്തില് തന്നെ പോസ്റ്റിംഗ് നല്കുമെന്നുമുള്ള അഭ്യൂഹം പടരുന്നത്.
നിലവിലെ കേരള രാഷ്ട്രീയ സാഹചര്യത്തില് ഇടതുപക്ഷ സര്ക്കാരിനെ മെരുക്കാന് പറ്റിയ വ്യക്തിയെന്ന നിലയിലാണ് സെന്കുമാറിനെ ഗവര്ണര് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് പ്രചരണം.സംസ്ഥാന സര്ക്കാറിനെതിരെ സുപ്രീംകോടതിയില് നിയമപോരാട്ടം നടത്തിയ ഡിജിപി പദവി തിരിച്ചുപിടിച്ചത് ബിജെപിക്കാര്ക്കിടയില് മതിപ്പുണ്ട് സെന്കുമാറിന്. ഈ സാധ്യത അടക്കം ചൂണ്ടിക്കാട്ടിയാണ് സെന്കുമാറിനെ ഗവര്ണര് പദവി നല്കുമെന്ന വിധത്തിലുള്ള വാര്ത്തകള് പുറത്തുവന്നത്. എന്നാല് സെന്കുമാറിനെ മനപ്പൂര്വ്വം ദ്രോഹിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ വാര്ത്തയെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര് പറയുന്നു.
സെന്കുമാര് ഗവര്ണറായി കാണണമെന്ന ആഗ്രഹം ഉള്ളവരല്ല ഇത്തരം പ്രചരണം നടത്തുന്നത്. മറിച്ച് അദ്ദേഹത്തിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന ചില പദവികളുണ്ട്. അത്തരം പദവികളില് ചിലത് സംസ്ഥാന കാര്യങ്ങളില് ഇടപെടാന് പോന്നതായിരുന്നു. ഈ പദവികളിലേക്ക് സെന്കുമാര് എത്താതിരിക്കാന് വേണ്ടിയാണ് ഗവര്ണര് പോലുള്ള പദവികള് നല്കുമെന്ന് പ്രചരിപ്പിക്കുന്നതും എന്നാണ് പുറത്തുവരുന്ന സൂചന.വിരമിച്ചെങ്കിലും സര്ക്കാറില് പലരും ഭയക്കുന്ന ഉദ്യോഗസ്ഥനായി സെന്കുമാര് മാറിയെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മെരുക്കാന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളും. കേന്ദ്രത്തില് ഉദ്യോഗസ്ഥ തലത്തിലും സെന്കുമാറിനെ താല്പ്പര്യമുള്ളവരുണ്ട്. അതേസമയം സെന്കുമാറിനെ കാവിപുതപ്പിച്ചാല് പലകാര്യങ്ങള് സര്ക്കാറിനും ഉദ്യോഗസ്ഥര്ക്കും എളുപ്പമാണ്. ഈ സാധ്യതയെയാണ് ഉപയോഗപ്പെടുത്തുന്നതും.
അടുത്തിടെ ബിജെപി ദേശീയാധ്യക്ഷന് അമിത് ഷാ അടുത്തിടെ കേരളത്തില് എത്തിയപ്പോള് സെന്കുമാര് അദ്ദേഹത്തെ സന്ദര്ശിച്ചിരുന്നു. അന്ന് ഷായെ സന്ദര്ശിച്ച പ്രമുഖരില് പലരും ബിജെപിയില് ചേര്ന്നെങ്കിലും സെന്കുമാര് അംഗത്വമെടുക്കാതിരുന്നത്, അദ്ദേഹത്തെ തേടിയെത്താനിരിക്കുന്ന പദവിക്കു മുന്നോടിയായാണെന്ന് അഭ്യൂഹമുയര്ന്നിരുന്നു. അതേസമയം സെന്കുമാറിനെ ഗവര്ണര് പദവിയില് നിയമിക്കുന്നു എന്ന വാര്ത്തകള് വന്നാല് മറ്റ് ബിജെപി കേന്ദ്രങ്ങളില് നിന്നും എതിര്പ്പുയരും. ഇതു ലക്ഷ്യം വച്ചാണ് തില ഉദ്യോഗസ്ഥ കേന്ദ്രങ്ങളുടെ പുതിയ പ്രചരണ തന്ത്രം. ഗവര്ണറാക്കുന്നയാള്ക്ക് അതേ സംസ്ഥാനത്തുതന്നെ നിയമനം നല്കുന്ന കീഴ്വഴക്കമില്ലെന്നു. അങ്ങനെ ചെയ്യരുതെന്ന് ഭരണഘടനയില് പറയുന്നുമില്ല. സുപ്രീം കോടതി മുന് ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ മോദി സര്ക്കാര് ഗവര്ണറായി നിയമിച്ചതും കീഴ്വഴക്കങ്ങള് ലംഘിച്ചായിരുന്നു. ഈ സാധ്യതകളെല്ലാം ചൂണ്ടിക്കാണിച്ചായിരുന്നു വാര്ത്ത.
തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിക്കെതിരെ സെന്കുമാര് സുപ്രീം കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും പിണറായി സര്ക്കാരിന് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. സ്ഥാനമൊഴിഞ്ഞശേഷം അദ്ദേഹത്തെ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല് അംഗമായി നിയമിക്കാനുള്ള നീക്കത്തിനും സര്ക്കാര് തടയിട്ടിരുന്നു. ഇതിന് ശേഷവും സെന്കുമാറിനെ വിടാതെ പിന്തുടര്ന്നിരുന്നു സംസ്ഥാന സര്ക്കാര്. ഹൈക്കോടതി തള്ളിയ കേസില് സെന്കുമാറിനെ വീണ്ടും കുടുക്കാനായി സുപ്രീം കോടതിയില് ഫയല് ചെയ്ത ഹര്ജി പക്ഷെ പരിഗണനക്ക് പോലുമെടുക്കാതെ തള്ളിയതും സര്ക്കാറിന് തിരിച്ചടിയായിരുന്നു.
സെന്കുമാര് വ്യാജരേഖയുണ്ടാക്കി എന്നാരോപിച്ച് രജിസ്റ്റര് ചെയ്ത കേസ് കഴമ്പില്ലെന്ന് കണ്ട് ഹൈക്കോടതി റദ്ദാക്കിയതിന് എതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വന്തുക മുടക്കി മുതിര്ന്ന അഭിഭാഷകരെ ഇറക്കിയെങ്കിലും വീണ്ടും പരാജയപ്പെട്ടു. സ്പഷ്യല് ലീവ് പെറ്റീഷന് ഫയലില് സ്വീകരിക്കാന് തന്നെ കോടതി തയ്യാറായില്ല. സര്ക്കാരിനെ വെല്ലുവിളിച്ച് പൊലീസ് മേധാവിക്കസേരയില് തിരിച്ചെത്തിയ സെന്കുമാര് അവിടെ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ മൂന്നു കേസുകളിലാണ് പ്രതിയായത്. ഒരെണ്ണത്തില് അറസ്റ്റിലായി ജാമ്യം എടുക്കണ്ടിവന്നു. ഈ കേസില് പക്ഷെ ഒരുവര്ഷം തികയും മുന്പെ തെളിവില്ലാതെ പൊലീസിന് തന്നെ നടപടി അവസാനിപ്പിക്കേണ്ടി വന്നു. അഴിമതി ആരോപിച്ച് വിജിലന്സ് തുടങ്ങിയ അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അതിനെതിരെ സുപ്രീം കോടതിയില് ഹര്ജിയുമായി പോയ തിരുവനന്തപുരത്തെ സിപിഎം നേതാവ് എജെ സുകാര്ണോക്ക് 25000 രൂപ പിഴയാണ് കോടതി വിധിച്ചത്.
ഇതൊന്നും പോരാതെയാണ് ഹൈക്കോടതി തള്ളിയ മറ്റൊരു കേസില് സര്ക്കാര് തന്നെ സുപ്രീം കോടതി വരെ പോയി ഇപ്പോള് പരാജയം എറ്റുവാങ്ങിയത്. നേരത്തെ സെന്കുമാറിനെതിരെ കേസ് നടത്തിയ വകയില് അഭിഭാഷകര്ക്ക് നല്കാനുള്ള തുക മാത്രം 20 ലക്ഷം രൂപയിലേറെ കണക്കാക്കിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാതെ വൈകിച്ച വകയില് പിന്നെയുമൊരു 25,000 കൂടി അന്ന് കയ്യില് നിന്നുപോയി. സര്ക്കാര് അഭിഭാഷകരെ ഒഴിവാക്കി ഇന്നലെ നിയോഗിച്ച അഡ്വക്കറ്റ് ഹരിണ് പി റാവലിന് നല്കാനുള്ള ലക്ഷങ്ങളും ഖജനാവിന്റെ നഷ്ടം തന്നെ. പ്രളയദുരന്തത്തില് നിന്ന് കരകയറാന് സാധാരണക്കാരുടെ ശമ്പളവും ചോദിച്ചുവാങ്ങുന്ന ഘട്ടത്തിലാണ് ഈ ധൂര്ത്ത് എന്നതും ശ്രദ്ധേയമാണ്.