പാലക്കാട്: കല്ലേക്കാട് സ്വദേശിയായ പതിനൊന്നുകാരിയെ തമിഴ് യുവാവ് തട്ടിക്കൊണ്ടുപോയതായി പരാതി. തിങ്കളാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. നാമക്കൽ സ്വദേശിയായ ഗോപാലിനെതിരേ (28) ബന്ധുക്കൾ പരാതി നല്കി. ഒരുവർഷംമുന്‍പാണ് ഗോപാൽ തൊഴിൽ തേടി ഇവിടെയെത്തിയത്.
യുവാവ് പെണ്‍കുട്ടിയുടെ വാടക വീടിനടുത്തുള്ള ചെറിയ മുറിയിൽ താമസിക്കുകയായിരുന്നു. കോയന്പത്തൂരിൽ ജോലിചെയ്യുന്ന അച്ഛനും അമ്മയും ഏഴു മക്കളും അടങ്ങിയതാണ് കുടുംബം. ഇവരിലെ മൂന്നു സഹോദരിമാരോടൊപ്പം ഇയാൾ കുറച്ചുമാസങ്ങളായി പ്രഭാതഓട്ടത്തിന് പോകാറുണ്ടായിരുന്നു.
മൂന്നു സഹോദരിമാരെയും ഒരുമിച്ച് ഓടാൻ കൊണ്ടുപോകുന്നത് വീട്ടുകാർ അസ്വാഭാവികമായി യാതൊന്നും കണ്ടില്ല. എന്നാൽ കുറച്ചുദിവസങ്ങളായി മറ്റു രണ്ടുപേരെ ഒഴിവാക്കി വിദ്യാർഥിനിയായ ഈ പെണ്‍കുട്ടിയെ മാത്രമാണ് കൊണ്ടുപോയിരുന്നത്.
പതിവുപോലെ തിങ്കളാഴ്ച രാവിലെ ഓടാൻപോയ ഇവർ ഏറെനേരം കഴിഞ്ഞും തിരികെ വരാത്തതിനെ തുടർന്ന് സംശയം തോന്നി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ടൗണ്‍ നോർത്ത് പോലീസിൽ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാവിന്റെ സ്വദേശമായ നാമക്കല്ലിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വീട്ടുകാർ ഇന്ന് മനുഷ്യാവകാശ കമ്മീഷനും ജില്ലാകളക്ടർക്കും പരാതി നല്‍കും.