ഒരാളെ എടുത്തുകൊണ്ട് ഒാടുകയെന്നു പറഞ്ഞാൽ അത്ര നിസാര കാര്യമല്ല. അപ്പോൾ പിന്നെ ഒരാളെ തോളിൽ കയറി ഒാടേണ്ടി വന്നാലോ? ഇത്തിരി വിഷമിക്കും.
എന്നാൽ, തകർപ്പൻ മത്സരത്തിന്റെ ഭാഗമായിട്ടാണ് ഈ ഒാട്ടമെങ്കിൽ രസകരമാവില്ലേ.. പ്രത്യേകിച്ചു തോളിൽ കയറുന്നത് ഭാര്യ കൂടിയാണെങ്കിൽ.
ഭാര്യയെ ചുമന്നുകൊണ്ടുള്ള ഒാട്ടം ഫിൻലൻഡിലെ പേരുകേട്ട മത്സരമാണ്. നിരവധി ദന്പതികളാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ ഒാരോ വർഷവും എത്തുന്നത്.
സംഭവം കേൾക്കുന്പോൾ രസകരമെന്നു തോന്നാമെങ്കിലും നല്ല കായികശേഷിയും പരിശീലനവും നേടിയവർക്കു മാത്രമേ ഈ മത്സരത്തിൽ പിടിച്ചുനിൽക്കാനാകൂ എന്നതാണ് സത്യം. ഭർത്താക്കന്മാർക്കുള്ളതാണ് ഈ കളി.
1992ൽ ഫിൻലൻഡിലെ സോങ്കജാർവിയിലാണ് ഈ കായിക വിനോദം ആദ്യമായി അവതരിപ്പിച്ചതെന്നാണ് പറയുന്നത്. ചെല്ലുന്നവരെ എല്ലാം പിടിച്ചു മത്സരിപ്പിക്കില്ല.
സ്വന്തം ഭാര്യ നിർബന്ധം
അതിനും ചില നിബന്ധനകളൊക്കെ പാലിച്ചിരിക്കണം. അതിൽ പ്രധാനപ്പെട്ടതു സ്വന്തം ഭാര്യയെ മാത്രമേ തോളിലേറ്റാവൂ എന്നതാണ്. സ്വന്തം ഭാര്യയ്ക്ക് ഇത്തിരി ഭാരം കൂടുതലാണെന്നതുകൊണ്ട് വാടക ഭാര്യയെ കൊണ്ടുവന്നു മത്സരിക്കാൻ പറ്റില്ലെന്നു ചുരുക്കം.
മത്സരത്തിൽ പങ്കെടുക്കാൻ ഭാര്യയ്ക്കു 17 വയസ് തികഞ്ഞിരിക്കണം എന്നതു മറ്റൊരു നിബന്ധന. മത്സരം വിചിത്രമാകുന്പോൾ സമ്മാനവും വിചിത്രമാകണമല്ലോ.
മത്സരത്തിൽ വിജയിച്ചാൽ കാത്തിരിക്കുന്നതു വലിയ ട്രോഫിയും കാഷ് പ്രൈസും ഒന്നുമല്ല. ഭാര്യയുടെ തൂക്കം എത്രയാണോ അത്രയും അളവിൽ ബിയർ ആണ് വിജയിയെ കാത്തിരിക്കുന്നത്.
വേലിചാടുന്ന ഭർത്താവ്!
ഭാര്യയെ തോളിലേറ്റി തോന്നുംപടി ഒാടാൻ പറ്റില്ല. ഭാര്യയെയും തോളിലേറ്റി ഒാടുന്നതിനു പ്രത്യേക ട്രാക്ക് ഒക്കെയുണ്ട്. എന്നാൽ, ഇതു സാധാരണ ഒാട്ടത്തിലേതുപോലെയുള്ള ട്രാക്ക് അല്ല.
കഠിനവും താണ്ടാൻ ദുഷ്കരവുമായ പല ഘട്ടങ്ങളും ഈ ട്രാക്കിലുണ്ട്. ഭാര്യയുമായി പല കടന്പകളും ചാടിക്കടക്കേണ്ടി വരും. വെള്ളക്കെട്ടിൽ നീന്തണം, കയറ്റങ്ങളും ഇറക്കങ്ങളും താണ്ടണം, ചെളിയും പാറക്കെട്ടും പിന്നിടണം…
അങ്ങനെയങ്ങനെ ഒാട്ടത്തെ എങ്ങനെയൊക്കെ വിഷമകരമാക്കാൻ കഴിയുമോ അതെല്ലാം ഈ പാതയിലുണ്ടാകും. ഭാര്യയെ ഒരു നിമിഷം പോലും താഴെ നിർത്താതെ വേണം ഇതൊക്കെ തരണം ചെയ്യാൻ. ഇങ്ങനെ ഏറ്റവും കുറഞ്ഞ സമയത്ത് ഫിനിഷിംഗ് ലൈൻ കടക്കുന്ന ആളാണ് വിജയിക്കുക.
രണ്ടു രീതിയിൽ
ഒാട്ടം എളുപ്പത്തിലാക്കാനും ഭാര്യ തെറിച്ചുപോകാതിരിക്കാനുമായി സാധാരണയായി രണ്ടു രീതിയിലാണ് ഭാര്യമാരെ ഭർത്താക്കന്മാർ തോളിലേറ്റുന്നത്. ഒന്ന് ഫയർമാൻ കാരി എന്നറിയപ്പെടുന്ന തോളിനു മുകളിലൂടെ ഇട്ടുള്ള ഒാട്ടം.
എസ്റ്റോണിയൻ സ്റ്റൈൽ എന്നതാണ് മറ്റൊരു ഒാട്ടം. ഈ ഒാട്ടത്തിൽ ഭാര്യയെ തലകീഴായി ഇടും. ഭാര്യയുടെ തുടകൾ ഭർത്താവിന്റെ ഇരുതോളുകൾക്കും മുകളിലായിരിക്കും.
മത്സരത്തിൽ പങ്കെടുക്കേണ്ട ഭാര്യയുടെ ഏറ്റവും കുറഞ്ഞ ഭാരം 49 കിലോഗ്രാം ആണ്. 49 കിലോയിൽ താഴെയാണ് ഭാര്യയ്ക്കു ഭാരം എങ്കിൽ ഭാരം 49 കിലോ വരെയാക്കാൻ അധിക ഭാരം ഭാര്യയ്ക്കു നൽകും.
സന്തോഷം, സമ്മാനം
കാരിയർ ധരിക്കുന്ന ബെൽറ്റും ചുമന്ന ഹെൽമെറ്റും മാത്രമാണ് അനുവദനീയമായ ഉപകരണങ്ങൾ. ഓരോ മത്സരാർഥിയും അവരവരുടെ സുരക്ഷ സ്വയം ഉറപ്പാക്കണം.
ആവശ്യമെങ്കിൽ ഇൻഷ്വറൻസും എടുക്കണം. സംഘാടകർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. ഭാര്യയും ഭർത്താവും തമ്മിലുള്ള ഐക്യത്തിന്റെയും സഹകരണത്തിന്റെയും പങ്കിടലിന്റെയുമൊക്കെ സന്ദേശം പകരുകയാണ് ഈ മത്സരത്തിലൂടെ.
ഏറ്റവും രസികരായ ദമ്പതികൾ, മികച്ച വസ്ത്രധാരണം, ശക്തമായ കാരിയർ എന്നിവയ്ക്കു പ്രത്യേക സമ്മാനവും നൽകും.