ആലപ്പുഴ: കക്കൂസ് മാലിന്യം സംസ്കരിക്കുന്നതിന് സഞ്ചരിക്കുന്ന പ്ലാന്റ് തയാർ. സ്ഥിരം മാലിന്യ സംസ്കരണ പ്ലാന്റുകളോട് പലരും എതിർപ്പുയർത്തിയതോടെയാണ് സഞ്ചരിക്കുന്ന പ്ലാന്റിന് തുടക്കമിട്ടത്. പ്ലാന്റിന്റെ സ്വിച്ച് ഓണ് കർമം ധനമന്ത്രി ഡോ. തോമസ് ഐസക് നിർവഹിച്ചു.
ദിവസം 50,000 ലിറ്റർ കക്കൂസ് മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ആവശ്യത്തിനനുസരിച്ച് പ്ലാന്റ് എത്തും. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടാങ്കറുകളിൽ ശേഖരിക്കുന്ന മാലിന്യം ഈ പ്ലാന്റിൽ സംസ്കരിക്കും. ഇതിന് 1500 മുതൽ 2000 രൂപ വരെ ഫീസും ഈടാക്കും.
മലിനീകരണ നിയന്ത്രണബോർഡും സമുദ്രോത്പന്ന കയറ്റുമതി വ്യവസായികളും ചേർന്നാണ് ജില്ലയിലെ ആദ്യ സഞ്ചരിക്കുന്ന കക്കൂസ് മാലിന്യ പ്ലാന്റ് ഒരുക്കിയിരിക്കുന്നത്. ജില്ലയിൽ പ്രതിദിനം മൂന്നുലക്ഷം ലിറ്റർ കക്കൂസ് മാലിന്യമുണ്ടാകുന്നതായാണ് കണക്ക്. ഇതിൽ രണ്ടുലക്ഷം ലിറ്ററോളം മെഡിക്കൽ കോളജിലെയും കായംകുളം എൻടിപിസിയിലെയും പ്ലാന്റുകളിൽ സംസ്കരിക്കും. ശേഷിക്കുന്നത് സംസ്കരിക്കാൻ കൂടുതൽ സഞ്ചരിക്കുന്ന മാലിന്യപ്ലാന്റുകൾ കൊണ്ടുവരാനാണ് നീക്കം.
പീലിംഗ് ഷെഡുകളിൽ നിന്നുള്ള മാലിന്യവും പ്ലാന്റിൽ സംസ്കരിക്കും.മോഡുലാർ ഇലക്ട്രിക് കൊയാഗുലേഷൻ സംവിധാനത്തിലാണ് പ്ലാന്റ് പ്രവർത്തിക്കുക. ഒരുലോഡ് മാലിന്യം സംസ്കരിക്കാൻ ഒരുമണിക്കൂർ മാത്രം മതി. പെരുന്പാവൂരിലെ വാട്ടർ ട്രീറ്റ് സർവീസസാണ് പ്ലാന്റ് നിർമിച്ചത്. സംസ്കരിക്കുന്പോൾ പുറന്തള്ളുന്ന മലിനജലം കൃഷിക്കോ കെട്ടിട നിർമാണ പ്രവൃത്തികൾക്കോ വിനിയോഗിക്കാം. ഖരമാലിന്യം വളവുമാക്കാം.
ഹൗസ്ബോട്ടുകളിൽ നിന്നുള്ള കക്കൂസ് മാലിന്യങ്ങൾ സംസ്കരിക്കാൻ സഞ്ചരിക്കുന്ന പ്ലാന്റ് വിനിയോഗിക്കാനാകും. ഇതുവഴി ജലമലിനീകരണമടക്കമുള്ള പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.