കൊയിലാണ്ടി: കഞ്ചാവ് കേസ് പ്രതികളിലൊരാൾ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. മജിസ്ട്രേറ്റുമായി വീഡിയോ കോൺഫറൻസ് നടത്താൻ ബാലുശ്ശേരി പോലീസ് സ്റ്റേഷന്റെ മുറ്റത്തേക്കിറക്കിയപ്പോഴാണ് പ്രതികളായ പേരാമ്പ്ര പൈതോത്ത് സ്വദേശി കുനിയിൽ മുഹമ്മദ് സറീഷ് (21), ആവള സ്വദേശി മുഹമ്മദ് ഹർഷാദ് (23) എന്നിവർ പോലീസുകാരെ തട്ടിമാറ്റി ഓടി രക്ഷപ്പെട്ടത്. ഹർഷാദിനെ ഉടൻ പിടികൂടിയെങ്കിലും മുഹമ്മദ് സറീഷിനെ പിടികൂടാനായില്ല.
സ്റ്റേഷനിലെ കേസ് സംബന്ധിച്ച രേഖകൾ ശരിയാക്കിയശേഷം രാത്രി ഏഴരമണിയോടെയായിരുന്നു ഇരുവരെയും സ്റ്റേഷന്റെ മുറ്റത്തേക്കിറക്കിയത്. വിഡിയോകോൺഫറൻസ് നടത്തുന്നതിന് കൂടുതൽ വെളിച്ചംകിട്ടാനാണ് മുറ്റത്തേക്കിറക്കിയിരുന്നത്.
മുഹമ്മദ് സറീഷ് ഇതിനുമുൻപും പോലീസുകാരുടെ പിടിയിൽനിന്ന് രക്ഷപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. കാറിൽ കഞ്ചാവ് കടത്തുന്നതിനിടയിലാണ് രണ്ടുപേരെയും ബാലുശ്ശേരി പോലീസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിൽ സംശയംതോന്നി കൂടുതൽ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇവരിൽനിന്ന് 4.200 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പൊതികളിലാക്കി കാറിൽ സൂക്ഷിച്ചനിലയിലായിരുന്നു. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോയമ്പത്തൂരിൽനിന്ന് കഞ്ചാവ് വാങ്ങി നാട്ടിൻപുറങ്ങളിൽ വിതരണംചെയ്യുന്ന ശൃംഖലയിലെ കണ്ണികളാണ് ഇവരെന്നും കൂടുതൽപേർ സംഘത്തിലുണ്ടെന്നും താമരശ്ശേരി ഡിവൈ.എസ്.പി പൃഥ്വിരാജ് പറഞ്ഞു.
പ്രതിയെ പിടികൂടാനായി പോലീസ് എല്ലാ ഭാഗങ്ങളിലും പരിശോധന നടത്തുകയാണ്.മഞ്ഞപ്പാലം മേഖലയിൽ ഇയാളെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം ആ മേഖലയിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.