പതിവ് സുരക്ഷാ പരിശോധനകൾക്കായി ഡ്യൂബിൾ വിമാനത്താവളത്തിലെ പ്രധാന റണ്‍വേയിലൂടെ നടക്കുകയായിരുന്നു രണ്ട് ഉദ്യോഗസ്ഥർ. അപ്പോഴാണ് റണ്‍വേയിലൂടെ പാട്ടൊക്കെപ്പാടി ഒരു തത്തമ്മ നടക്കുന്നത് അവർ കണ്ടത്. അടുത്തു ചെന്നപ്പോൾ തത്തമ്മ സ്നേഹത്തോടെ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് എത്തി.
ദേഹമാകെ ചാരനിറമുള്ള ഒരു ആഫ്രിക്കൻ ഗ്രേ പാരറ്റ് ആയിരുന്നു അത്. ആയിരക്കണക്കിന് രൂപ വിലവരുന്ന ഈ പക്ഷി എവിടെനിന്നോ ചാടിപ്പോന്നതാണെന്ന് ഉദ്യോഗസ്ഥർക്ക് തോന്നി. അവർ തത്തമ്മയെയും കൂട്ടി ഓഫീസിലെത്തി. സമൂഹമാധ്യമങ്ങളിലും പിറ്റേദിവസത്തെ പത്രങ്ങളിലുമൊക്കെ അവർ തത്തയുടെ പരസ്യം നൽകി. ഉടമസ്ഥർ തെളിവു സഹിതം എത്തണമെന്നതായിരുന്നു നിബന്ധന.
പരസ്യം വന്ന അന്നു വൈകുന്നേരം തന്നെ നാലു പേർ തത്തയ്ക്ക് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. എന്നാൽ അവർക്കാർക്കും തത്തയുടെ സെക്യൂരിറ്റി നന്പർ അറിയില്ലായിരുന്നു. തത്തയെ കൊണ്ടുപോകാൻ വന്നവരുടെ കൂട്ടത്തിൽ മിച്ചൽ എന്നൊരാളുണ്ടായിരുന്നു. താൻ സ്ലൊവേനിയയിൽ നിന്നുള്ളയാളാണെന്നും തന്റെ തത്തയാണെങ്കിൽ സ്ലൊവാക്യൻ ഭാഷ കേട്ടാൽ മനസിലാകുമെന്നും മിച്ചൽ അധികൃതരെ അറിയിച്ചു.
എന്നിട്ട് സ്ലൊവാക്യൻ ഭാഷയിൽ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ് തത്തയെ കേൾപ്പിക്കുന്നതിനായി അധികൃതരുടെ കൈയിൽ കൊടുത്തു. അവർ അത് തത്തയെ കേൾപ്പിച്ചതും ഹ്യൂഗോ എന്നു പേരുള്ള ആ തത്ത തുള്ളിച്ചാടാൻ തുടങ്ങിയത്രെ. ഇതോടെ അധികൃതർ തത്തയെ കാണാൻ മിച്ചലിനെ അനുവദിച്ചു.
മിച്ചലിനെ കണ്ടതും ഹ്യൂഗോ പറന്നു വന്ന് തോളിലിരുന്നു. ഒടുവിൽ വിമാനത്താവളം അധികൃതർക്ക് നന്ദി പറഞ്ഞ് മിച്ചൽ ഹ്യൂഗോയുമായി വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം എന്തോ കണ്ട് പേടിച്ചതിനാലാകാം ഹ്യൂഗോ വീടുവിട്ടിറങ്ങിയതെന്ന് മിച്ചൽ പറയുന്നു.