ഡോളർ 72 രൂപയ്ക്കും മുകളിലായി. രൂപ ഇത്രയൊന്നും താഴോട്ടു പോകേണ്ടതില്ലെന്ന് ധനമന്ത്രാലയം ഇന്നലെ രാവിലെതന്നെ പറഞ്ഞു. ധനമന്ത്രാലയവും റിസർവ് ബാങ്കും പല കാര്യങ്ങളും ആലോചിക്കുന്നുണ്ടെന്നും പറഞ്ഞു. ധനമന്ത്രാലയത്തിലെ സാന്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ആണ് ഒരഭിമുഖത്തിൽ ഇതു വിശദീകരിച്ചത്.
ഗാർഗ് നല്കിയ സന്ദേശം വ്യക്തമായിരുന്നു. രൂപ ഇത്രയും താഴേണ്ടതില്ല. ഡോളറിന് 70 രൂപ ആണു ഗവൺമെന്റ് ഉദ്ദേശിക്കുന്ന പരിധി എന്നും അദ്ദേഹം പറഞ്ഞു.
കന്പോളം വിവേചിച്ചു
സാധാരണ ഗതിയിൽ ഇത്തരമൊരു പ്രസ്താവന വന്നാൽ രൂപയുടെ വില അല്പം മെച്ചപ്പെടേണ്ടതാണ്. പക്ഷേ, ഇന്നലെ അതുണ്ടായില്ല. എന്നു മാത്രമല്ല, വെള്ളിയാഴ്ചത്തെ 71.73ൽനിന്ന് പൊടുന്നനെ 72.67 രൂപയിലേക്ക് ഡോളർ ഉയരുകയും ചെയ്തു. തുടർന്നു വീണ്ടും ധനമന്ത്രാലയ വക്താക്കൾ മാധ്യമങ്ങളോട് മന്ത്രാലയവും റിസർവ് ബാങ്കും കാര്യങ്ങൾ നിരീക്ഷിക്കുകയാണെന്ന് അറിയിച്ചു. റിസർവ് ബാങ്ക് ഗണ്യമായ തോതിൽ ഡോളർ വില്ക്കുകയും ചെയ്തു. പക്ഷേ, 71.23 രൂപ വരെ ഡോളർ താഴ്ത്തിയെങ്കിലും ഒടുവിൽ 71.45 ഡോളർ വ്യാപാരം അവസാനിപ്പിച്ചു.
ഗവൺമെന്റും റിസർവ് ബാങ്കും ദുർബലമാണെന്നാണോ ഈ താഴ്ച കാണിക്കുന്നത്? രൂപയുടെ തകർച്ച തടയാൻ ഉപകരണങ്ങൾ ഇല്ലേ?
രാജന്റെ വഴി
2013ലും ഇതായിരുന്നു സ്ഥിതി. അന്നു വേറെ കാര്യങ്ങളും കുഴപ്പത്തിലായിരുന്നു. കറന്റ് അക്കൗണ്ട് കമ്മി രണ്ടു ശതമാനം. ഇപ്പോൾ അത് 2.4 ശതമാനം. ഗവൺമെന്റിന്റെ കമ്മിയും അഞ്ചു ശതമാനത്തിലേറെ ആയിരുന്നു. ഇപ്പോൾ 3.2 ശതമാനം. നാണ്യപ്പെരുപ്പനിരക്ക് അന്നു പത്തു ശതമാനമായിരുന്നു.
അന്നു രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന സമയമാണ്. വന്നതേ പ്രവാസികൾക്കു പ്രത്യേക നിക്ഷേപപദ്ധതികൾ പ്രഖ്യാപിച്ചു. ഉയർന്ന പലിശയും വാഗ്ദാനം ചെയ്തു. 3000 കോടിയിലേറെ ഡോളർ പെട്ടെന്നുതന്നെ ഇന്ത്യയിലേത്തി. രൂപയുടെ താഴോട്ടുള്ള പോക്കു നിന്നു. മേലോട്ടു കയറുകയും ചെയ്തു. അന്ന് 68 രൂപ വരെ എത്തിയ ഡോളർ പിന്നീട് 61 രൂപ വരെ താണു.ഇപ്പോൾ വീണ്ടും പ്രവാസികളെ തേടുന്നുണ്ട് സർക്കാർ. പക്ഷേ, ഏന്താണ് അതിനുള്ള വഴി എന്ന് ഉറപ്പില്ല.
വില്ക്കാനാവില്ല
രസകരമായ കാര്യം മറ്റു വ്യാപാരപങ്കാളികളുടേതുമായി താരതമ്യപ്പെടുത്തുന്പോൾ രൂപയുടെ നില മോശമല്ല. പക്ഷേ, അതു രാഷ്ട്രീയമായി വിൽക്കാവുന്ന കാര്യമല്ല. 73 രൂപയിലേക്കു ഡോളർ കയറിയാലും പ്രശ്നമില്ലെന്ന് ധനമന്ത്രാലയം തന്നെ കുറേ ദിവസം മുന്പു പറഞ്ഞതാണ്. പക്ഷേ, ക്രൂഡ് ഓയിൽ വില താണുനില്ക്കുന്പോഴേ അതു ദോഷകരമല്ലാതാകൂ. ക്രൂഡ് വില വർധന മുഴുവൻ ജനങ്ങളിലേക്കു ചുമത്തിക്കൊണ്ടിരിക്കുകയാണ്. അത് അസഹ്യമായെന്ന് ഭാരത ബന്ദിനു ലഭിച്ച നല്ല പ്രതികരണം സൂചിപ്പിക്കുന്നു . അതായത്, വാണിജ്യകണക്കുകൂട്ടലിനുള്ള വിനിയമനികുതി(റിയൽ ഇഫക്ടീവ് എക്സ്ചേഞ്ച് റേറ്റ്)ലേക്കു രൂപ പോകാൻ അനുവദിക്കാനാവില്ല.
രൂപയെ വല്ലാതെ ഉലയ്ക്കുന്നത് മറ്റു ചില വികസ്വര രാജ്യങ്ങളുടെ കറൻസിക്കു വരുന്ന തകർച്ചയാണ്. പിടിവിട്ടതുപോലെയാണ് അർജന്റീന, തുർക്കി, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ കറൻസികൾ വീഴുന്നത്. അവ വീഴുന്പോൾ ആ ഇനത്തിലുള്ളവയെല്ലാം ചായും. അല്ലെങ്കിൽ ചൈന പോലെ കർശന നടപടി എടുക്കാൻ തക്കവണ്ണം അതിഭീമമായ വിദേശനാണ്യശേഖരം ഉണ്ടാകണം. ഇന്ത്യക്കുള്ളതിന്റെ പത്തുമടങ്ങാണു ചൈനയുടെ വിദേശനാണ്യ ശേഖരം.
ഫലമില്ലാത്ത ഉപകരണങ്ങൾ
ഗവൺമെന്റിനും റിസർവ് ബാങ്കിനും ഉപകരണങ്ങൾ ഇല്ലാതില്ല. പക്ഷേ, അവ പ്രയോഗിക്കുന്നതുകൊണ്ട് ഫലം ഉണ്ടാകുമെന്ന് ഉറപ്പില്ല. അതാണു പ്രശ്നം. ചിലതു പ്രയോഗിക്കുന്നതു തിരിച്ചടിയാവുകയും രോഗം മൂർച്ഛിക്കുകയും ചെയ്യും.
പരന്പരാഗത പരിഹാരങ്ങൾ നോക്കാം
ഒന്ന്: മൂലധനനീക്കത്തിനു നിയന്ത്രണം. രാജ്യത്തുനിന്നു പുറത്തേക്കു പണം കൊണ്ടുപോകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുക. അതു ചെയ്താൽ ഇങ്ങോട്ടുള്ളവരവും നിലയ്ക്കും. പുറത്തേക്ക് ഒഴുക്കു കൂട്ടുകയും ചെയ്യും.
ഡോളർ ശേഖരം ചെറുത്
രണ്ട്: കൂടുതൽ ഡോളർ ഇറക്കി രൂപയെ താങ്ങി നിർത്തുക. അളവില്ലാത്തത്രെ ഡോളറൊന്നും കൈയിൽ ഇല്ല. 40,000 കോടി ഡോളർ. ഏപ്രിൽ ഒന്നിനുശേഷം ഡോളർ ശേഖരത്തിൽ വന്ന കുറവ് 2,600 കോടി ഡോളർ. പ്രതിമാസം വാണിജ്യകമ്മിക്ക് 1,800 കോടി ഡോളർ കരുതണം. വിദേശനാണ്യശേഖരം എട്ടു മാസത്തെ ഇറക്കുമതിക്കേ ഉള്ളൂ. ക്രൂഡ് ഓയിൽ വില കൂടുകയാണ്. ഡോളർ ഇറക്കി രൂപയെ താങ്ങി നിർത്തൽ എളുപ്പമല്ല. എന്നുമാത്രമല്ല, വിദേശനാണ്യശേഖരം കുറയുന്പോൾ രൂപ ചിലപ്പോൾ പിടിവിട്ടു താഴോട്ടു പോയെന്നും വരാം.
മൂന്ന്: പലിശ കൂട്ടുക. പറയാൻ എളുപ്പം. പലിശ അല്പം കൂട്ടേണ്ടിവരും. അതു കൊണ്ടു പക്ഷേ മതിയാകില്ല. കൂടുതൽ വർധിപ്പിച്ചാൽ വളർച്ച താഴോട്ടു പോകും.
രൂപയും മറ്റ് വികസ്വരരാജ്യ കറൻസികളും
വിവിധ രാജ്യങ്ങളുടെ കറൻസികളുടെ ഡോളറുമായുള്ള വിനിമയ നിരക്കിൽ 2018ൽ വന്ന താഴ്ച (ശതമാനം)
ദ. കൊറിയൻ വോൺ 5.74
ഫിലിപ്പിൻ പെസോ 7.72
ഇന്തോനേഷ്യൻ റുപ്പിയ 9.0
ഇന്ത്യൻ രൂപ 13.4
ബ്രസീലിയൻ റിയാൽ 22.56
ദക്ഷിണാഫ്രിക്കൻ റാൻഡ് 22.65
തൂർക്കിഷ് ലീര 41.32
റ്റി.സി. മാത്യു