മുംബൈ: രൂപയും ഓഹരിയും താഴോട്ടുതന്നെ. ഡോളറിന്റെ വില 71.58 രൂപയിലെത്തി. ഇന്നലെ മാത്രം ഡോളറിന്റെ നിരക്ക് 37 പൈസയാണു വർധിച്ചത്. വിദേശത്ത് ക്രൂഡ് ഓയിൽ വില രണ്ടു ശതമാനം കുതിച്ചു. രാജ്യത്തു പെട്രോൾ, ഡീസൽ വിലകളും വർധിച്ചു.
രൂപ താഴുകയാണെങ്കിലും ഗവൺമെന്റ് ആശങ്കപ്പെടുന്നില്ലെന്നു ധനമന്ത്രാലയ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ആഗോള പ്രവണതയുടെ ഭാഗമായാണു രൂപ താഴുന്നത്. വാണിജ്യയുദ്ധ ഭീതിയും മറ്റുമാണു പ്രധാന കാരണം. താമസിയാതെ രൂപ സ്ഥിരത കൈവരിക്കുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യൻ വംശജരുടെയും പ്രവാസികളുടെയും നിക്ഷേപത്തിനെതിരായ സെബി സർക്കുലർ വിദേശനിക്ഷേപം പിൻവലിയാൻ ഇടയാക്കുമെന്ന ഭീതി ഓഹരി കന്പോളത്തിൽ പരന്നു. സർക്കുലർ പുനരാലോചിക്കാൻ സാധ്യതയുണ്ടെന്ന് വൈകുന്നേരം ധനമന്ത്രാലയം വിശദീകരിച്ചു.
തുടർച്ചയായ അഞ്ചാം ദിവസമാണ് ഓഹരി സൂചികകൾ താഴോട്ടു പോയത്. ബിഎസ്ഇ സെൻസെക്സ് രാവിലെ 206 പോയിന്റ് കയറിയിട്ടാണു വൈകുന്നേരം നഷ്ടത്തിൽ ക്ലോസ് ചെയ്തത്. 154.6 പോയിന്റ് താണ് 38,157.92 ക്ലോസ് ചെയ്തപ്പോൾ സൂചിക രണ്ടാഴ്ച മുന്പത്തെ നിലയിലായി. നിഫ്റ്റി 62.05 പോയിന്റ് (0.54 ശതമാനം) താണ് 11,520.3ൽ ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ വിലക്കയറ്റവും ഓഹരികളെ താഴ്ത്തി.
ഇറാന്റെ എണ്ണകയറ്റുമതി തടയാൻ അമേരിക്ക പല നടപടികൾ സ്വീകരിക്കുമെന്ന ഭീതി ഇന്നലെ ലോകവിപണിയിൽ ക്രൂഡ് വില വീപ്പയ്ക്ക് 79 ഡോളറിനു മുകളിലെത്തിച്ചു. 80 ഡോളർ കടക്കാൻ വലിയ താമസമില്ലെന്നാണു വിപണിയുടെ കണക്കുകൂട്ടൽ. 1.56 ശതമാനമാണ് ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയിലിനു കയറിയത്. 78.15 ഡോളറിൽനിന്ന് 79.37 ഡോളറിലേക്ക്.
രണ്ടാഴ്ചകൊണ്ടു ക്രൂഡ് വില ഏഴു ഡോളറാണു കയറിയത്. പത്തു ശതമാനത്തിനടുത്തുള്ള ഈ വിലക്കയറ്റം ഒരു മാസം മുന്പ് ആരും പ്രതീക്ഷിച്ചതേ ഇല്ല.
ഇന്ത്യക്കു ക്രൂഡ് കയറ്റവും രൂപയുടെ തകർച്ചയും ഇരട്ടപ്രഹരമാണ്. ഇറക്കുമതിച്ചെലവ് കൂടും. അതു രാജ്യത്തിന്റെ കടം അല്ലാതുള്ള വിദേശ ഇടപാടുകളുടെ ബാക്കിപത്രമായ കറന്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കും. ഈ കമ്മി നികത്താൻ വായ്പ എടുക്കേണ്ടിവരും. കമ്മി കൂടിയാൽ വിദേശനിക്ഷേപവും കുറഞ്ഞെന്നു വരും.
മറ്റു വികസ്വര രാജ്യങ്ങളുടെ കറൻസികളും താഴോട്ടു പോകുന്നുണ്ട് എന്നതു മാത്രമാണ് ഇന്ത്യയെ ആശ്വസിപ്പിക്കുന്നത്. അമേരിക്കയുമായി ഉടക്കിനിൽക്കുന്ന തുർക്കിയുടെ ലീര, സാന്പത്തിക കുഴപ്പത്തിലായ അർജന്റീന, ഭരണതലത്തിലെ കോളിളക്കത്തിൽപ്പെട്ട ദക്ഷിണാഫ്രിക്ക എന്നിവയുടെ കറൻസികൾ മാത്രമേ ഇന്ത്യയുടെ രൂപയേക്കാൾ താഴ്ച കാണിച്ചിട്ടുള്ളൂ.
ജനുവരി ഒന്നിനെ അപേക്ഷിച്ചു ഡോളറിന് 12.4 ശതമാനം നേട്ടമാണ് ഇന്ത്യൻ രൂപയ്ക്കെതിരേ ഉണ്ടായിരിക്കുന്നത്.