മുംബൈ: രൂപ വീണ്ടും താഴോട്ട്. ഡോളറുമായുള്ള വിനിയമനിരക്കിൽ ഇന്നലെ 38 പൈസയാണ് നഷ്ടം. ഡോളറിന് ഇപ്പോൾ 68.42 രൂപയായി. തലേന്നത്തേക്കാൾ 0.56 ശതമാനം താഴെയായി രൂപ.
ഇന്ത്യയിൽനിന്നു വിദേശനിക്ഷേപകർ പണം പിൻവലിച്ചുപോകുന്നതും ക്രൂഡ്ഓയിൽ വിലക്കയറ്റവുമാണ് രൂപയ്ക്കു ക്ഷീണമായത്. ക്രൂഡ് വില കൂടുന്പോൾ വ്യാപാരകമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വർധിക്കും.
മറ്റു വികസ്വരരാജ്യങ്ങളുടെ കറൻസികളും ദുർബലമായിട്ടുണ്ട്. തുർക്കിയുടെ ലീറ ഈ വർഷം അഞ്ചുശതമാനം താണു. എന്നാൽ ജനുവരി ഒന്നിനു ശേഷം ഇന്ത്യൻ രൂപയ്ക്ക് 6.39 ശതമാനം താഴ്ചയുണ്ടായി.2016 നവംബർ 29-നു ശേഷമുള്ള ഏറ്റവും താണ നിലയിലാണ് രൂപ. ഓഹരിവിപണി സൂചികകളും ഇന്നലെ താഴോട്ടുപോയി.