മുംബൈ: രൂപയെ പിടിച്ചുനിർത്താനുള്ള കേന്ദ്രസർക്കാർ നടപടികളെ കന്പോളം തള്ളി. രൂപ വീണ്ടും ഇടിഞ്ഞു. വിദേശനിക്ഷേപകർ രാജ്യം വിടുന്നതിന്റെ ഭീതിയിൽ ഓഹരികളും തകർന്നു. 1.15 ലക്ഷം കോടി രൂപയാണ് ഓഹരി നിക്ഷേപകർക്ക് ഇന്നലെ ഉണ്ടായ നഷ്ടം. സർക്കാർ നടപടികൾ അപര്യാപ്തമെന്നു കന്പോളം വിലയിരുത്തി.
ഡോളർ ഇന്നലെ തുടക്കത്തിൽ 81 പൈസയുടെ നേട്ടം കാണിച്ച് 72.67 രൂപയിലെത്തി. പിന്നീട് റിസർവ് ബാങ്ക് പലവട്ടം വലിയ അളവിൽ ഡോളർ വിറ്റഴിച്ചു. ഡോളർ വില്ക്കുന്പോൾ ഡോളർ താഴും; വീണ്ടും ഉയരും; വീണ്ടും ഡോളർ വില്ക്കും – ഇങ്ങനെ വ്യാപാരം ക്ലോസ് ചെയ്യും വരെ മത്സരമായിരുന്നു. ഒടുവിൽ രൂപ നേട്ടമുണ്ടാക്കാനാവാതെ ക്ലോസ് ചെയ്തു. 72.51 രൂപയിലാണു ഡോളറിന്റെ ക്ലോസിംഗ്. 67 പൈസയാണ് യുഎസ് കറൻസി നേടിയത്. രൂപയുടെ നഷ്ടം 0.93 ശതമാനം.
സമാന്തരമായി ഓഹരികളും ഇടിഞ്ഞു. ഇടയ്ക്ക് ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾ വാങ്ങിയപ്പോൾ മാത്രം ഇടിവിന് അല്പം ശമനമുണ്ടായി. സെൻസെക്സ് 505.13 പോയിന്റ് (1.33 ശതമാനം) ഇടിഞ്ഞ് 37,588.51-ൽ ക്ലോസ് ചെയ്തു. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെയും കൂടി ഓഹരിമൂല്യം 1.15 ലക്ഷം കോടി ഇടിഞ്ഞ് 155.22 ലക്ഷം കോടി രൂപയായി. നിഫ്റ്റി 1374 പോയിന്റ് താണ് 11,377.8ൽ ക്ലോസ് ചെയ്തു. ബാങ്ക് ഓഹരികൾക്കായിരുന്നു വലിയ ഇടിവ്.
ജപ്പാന്റേതൊഴികെ ഏഷ്യൻ ഓഹരികളും തകർച്ചയിലായിരുന്നു. ചൈനയിലെ പ്രധാന ഓഹരിസൂചികയായ ഷാങ്ഹായ് കോംപസിറ്റ് 29.85 പോയിന്റ് (1.1 ശതമാനം) താണ് 2651.79 ൽ ക്ലോസ് ചെയ്തു. 2014-നുശേഷമുള്ള ഏറ്റവും താണ ക്ലോസിംഗാണിത്. യൂറോപ്യൻ ഓഹരികളും ദുർബലമായിരുന്നു.
ചൈനയിൽനിന്ന് 20,000 കോടി ഡോളറിനുള്ള ഇറക്കുമതിക്കുകൂടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിഴച്ചുങ്കം ചുമത്തുമെന്ന ഭീതിയിലാണ് കന്പോളം. പിഴച്ചുങ്കം വ്യാപാര യുദ്ധം മൂർച്ഛിപ്പിക്കും. തിരിച്ചടിക്കുമെന്നു ചൈനയും മുന്നറിയിപ്പു നല്കിയിട്ടുണ്ട്. വ്യാപാരയുദ്ധം ആഗോള വ്യാപാര മാന്ദ്യത്തിനും അതുവഴി സാന്പത്തികമാന്ദ്യത്തിനും വഴിതെളിക്കുമെന്നാണ് ആശങ്ക.
ഇതിനിടെ ഇന്ത്യൻ ഓഹരികൾക്കു വില കൂടുതലാണെന്ന് ആഗോള നിക്ഷേപ ബാങ്ക് ഗോൾഡ്മാൻ സാക്സ് മുന്നറിയിപ്പ് നല്കി. ഇന്ത്യൻ ഓഹരികളെ വാങ്ങൽ നിലവാരത്തിൽനിന്നു താഴ്ത്തിയാണു ബാങ്ക് റേറ്റ് ചെയ്തത്. സെൻസെക്സും നിഫ്റ്റിയും ബുൾ തരംഗത്തിൽനിന്നു മാറിയെന്നും ബാങ്ക് വിലയിരുത്തി. ഇനി അവയെല്ലാം താഴോട്ടു പോകുമെന്നാണു ബാങ്കിന്റെ വിശകലനം.