മുംബൈ: രൂപയെപ്പറ്റിയുള്ള ആശങ്കകൾക്കു ശമനമായിട്ടില്ല. ഇന്നലെ ഡോളർ 74.07 രൂപ വരെ കയറിയിട്ടാണ് 73.83 രൂപയിൽ ക്ലോസ് ചെയ്തത്. അപ്പോൾ 27 പൈസയാണു രൂപയുടെ വിനിമയനിരക്കിലുണ്ടായ ഇടിവ്.
മറ്റു വികസ്വരരാജ്യങ്ങളുടെ കറൻസികളും ഡോളറിനു മുന്നിൽ ദുർബലമാവുകയാണ്. അമേരിക്കയിൽ പലിശ കൂടുന്നതും വ്യാപാരയുദ്ധ ഭീഷണിയും ഒക്കെയാണു കാരണം.ഇന്ത്യയുടെ കയറ്റുമതി സെപ്റ്റംബറിൽ കുറഞ്ഞതും രൂപയ്ക്കു ക്ഷീണമായി.
ഡോളർ കയറുന്നതിനേക്കാൾ വേഗം സ്വർണവിലയും വിദേശത്തു കൂടുകയാണ്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും സ്വർണവില കയറുന്നു.
ഒക്ടോബർ 11നാണു ലോകവിപണിയിൽ സ്വർണവില ഉയരാൻ തുടങ്ങിയത്. പത്താം തീയതി 1184 ഡോളറായിരുന്നു ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) സ്വർണത്തിന്റെ വില. ഇത് ഇന്നലെ വ്യാപാരത്തിനിടെ 1232.82 ഡോളർ വരെ ഉയർന്നു.
യുഎസ് – സൗദി ഉടക്ക്
അമേരിക്ക – ഇറാൻ, അമേരിക്ക – ചൈന പ്രശ്നങ്ങൾക്കു പുറമേ അമേരിക്ക – സൗദി ഉടക്കും വന്നതാണ് സ്വർണത്തിലേക്കു നിക്ഷേപകശ്രദ്ധ തിരിയാൻ കാരണം. അമേരിക്കൻ പൗരത്വമുള്ള സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വധിച്ചെന്നാണ് ആരോപണം.
ഇതു തെളിയിക്കപ്പെട്ടാൽ സൗദിക്കെതിരേ കടുത്ത നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നല്കി. തിരിച്ചടിക്കാൻ തങ്ങൾക്കും സാന്പത്തികശേഷിയുണ്ടെന്നു സൗദി വിദേശമന്ത്രാലയം പ്രസ്താവന ഇറക്കിയതു കന്പോളത്തെ സംഭ്രമിച്ചിട്ടുണ്ട്.
ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നും സൗദിയിൽ ഭരണം നിയന്ത്രിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുള്ള അടുപ്പം പോലും സംഘർഷലഘൂകരണത്തിനു സഹായിക്കില്ലെന്നാണു കുരുതുന്നത്. സൗദിക്കുള്ള ആയുധവില്പന മരിവിപ്പിക്കാനല്ല, ഫലപ്രദമായ മറ്റു ശിക്ഷകൾ നടപ്പാക്കാനാണു താൻ ഉദ്ദേശിക്കുന്നതെന്നു ട്രംപ് പറഞ്ഞിട്ടുണ്ട്.
ക്രൂഡ് വിലയും കൂടി
ട്രംപിന്റെ പ്രസ്താവനയ്ക്കുശേഷം സൗദി ഓഹരിവിപണിയിൽ ഏഴു ശതമാനം വിലത്തകർച്ചയുണ്ടായി. ക്രൂഡ് വില തിരിച്ചുകയറാൻ തുടങ്ങി. ബ്രെന്റ് ഇനം വീപ്പയ്ക്ക് 80 ഡോളറിനു താഴെയായിരുന്നത് ഇന്നലെ 81.72 ഡോളറിലെത്തി.
സൗദി ഭരണകൂടം വിളിച്ച നിക്ഷേപസംഗമത്തിൽനിന്ന് ജെപി മോർഗൽ, ഫോർഡ് തുടങ്ങിയ കന്പനികളും ബ്ലൂബെർഗ്, സിഎൻഎൻ തുടങ്ങിയ മാധ്യമങ്ങളും പിന്മാറിയത് സംഘർഷത്തിന്റെ ഗൗരവം കാണിക്കുന്നു.
പവനു കൂടിയത് 840 രൂപ
വിദേശത്തെ വിലക്കയറ്റവും രൂപയുടെ ഇടിവും ഉത്തരേന്ത്യയിലെ ഉത്സവ സീസണും കേരളത്തിലെ സ്വർണവില കുതിച്ചുകയറാൻ ഇടയാക്കി. ഒക്ടോബർ ഒന്നിന് 22,760 രൂപയായിരുന്ന പവൻവില ഇന്നലെ 23,600 രൂപയായി. 840 രൂപയുടെ വർധന. ഗ്രാമിനു കൂടിയതു 105 രൂപ.
സെപ്റ്റംബർ 15ലേക്കാൾ ആയിരം രൂപ കൂടുതലാണ് ഒക്ടോബർ 15ലെ വില.
ദീപാവലി ആകുന്പോഴേക്ക് വില മൂന്നു ശതമാനംകൂടി കയറുമെന്നാണ് ഉത്തരേന്ത്യൻ വ്യാപാരികൾ പറയുന്നത്.