മുംബൈ: ഡോളർ വീണ്ടും ദുർബലമായി. രൂപ കയറി. വിവിധ കറൻസികളുമായുള്ള ഡോളർനിരക്ക് ഈയിടെ കുറഞ്ഞുവരികയാണ്. അതിനൊപ്പമാണു രൂപയും കയറുന്നത്.ഇന്നലെ ഡോളർവില 56 പൈസ കുറഞ്ഞു. ഇതോടെ ഡോളറിന് 68.54 രൂപയായി. ഏഴു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലായി രൂപ.
പൗണ്ട്, യൂറോ, സ്വിസ്ഫ്രാങ്ക്, ജാപ്പനീസ് യെൻ തുടങ്ങിയവയോടെല്ലാം ഡോളർ ദുർബലമായിവരികയാണ്. യൂറോ 1.14 ഡോളറിലേക്കും പൗണ്ട് 1.33 ഡോളറിലേക്കും ഉയർന്നു.
ഡോളർനിരക്ക് താഴുന്പോൾ വിദേശനിക്ഷേപകർ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്കു പ ണം നീക്കുന്നതു സാധാരണമാണ്. ഈ മാസം 15 വരെ വിദേശികൾ 22,000 കോടിയിലധികം രൂപ വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു. ഓഹരിവിപണിയിലെ കുതിപ്പിന്റെ പ്രധാന കാരണവും അതാണ്. വെള്ളിയാഴ്ച മാത്രം 4323 കോടിയാണു വിദേശികൾ നിക്ഷേപിച്ചത്.
വിദേശികളുടെ പണമൊഴുക്ക് ഇന്ത്യൻ ഓഹരികളുടെ വിപണിമൂല്യം 150 ലക്ഷം കോടി രൂപയ്ക്കു മുകളിലാകാൻ സഹായിച്ചു. മാർച്ചിൽ മാത്രം 14 ലക്ഷം കോടിയിലധികം രൂപയാണു വിപണിമൂല്യത്തിൽ വർധിച്ചത്.
അമേരിക്കയിൽ ജിഡിപി വളർച്ചയും തൊഴിൽവർധനയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് അമേരിക്കയിൽ പലിശനിരക്കു കുറയ്ക്കാൻ ഇടയാക്കും. ഇന്നും നാളെയും യുഎസ് കേന്ദ്രബാങ്ക് ആയ ഫെഡിന്റെ പണനയകമ്മിറ്റി യോഗമുണ്ട്. അതിൽ പലിശ കുറയ്ക്കുമെന്ന് ആരും കരുതുന്നില്ല. എന്നാൽ, മൂന്നുനാലു മാസത്തിനുള്ളിൽ പലിശ കുറയ്ക്കുമെന്നാണു പ്രതീക്ഷ.
പലിശ കുറയാനുള്ള സാധ്യതയാണു ഡോളർ നിരക്ക് കുറയാനും വിദേശനിക്ഷേപകർ വികസ്വരരാജ്യങ്ങളിലേക്കു പണം കൊണ്ടുപോകാനും പ്രേരകമായത്. ഇന്ത്യയെപ്പോലെ ചൈനയിലും ഓഹരികൾ കയറി. പത്തു മാസത്തെ ഉയർന്ന നിലയിലാണു ചൈനീസ് ഓഹരികൾ.ഇന്ത്യൻ സെൻസെക്സ് ഇന്നലെ 70.75 പോയിന്റ് കയറി 38,095.07ലും നിഫ്റ്റി 35.35 പോയിന്റ് കയറി 11,462.2 ലും ക്ലോസ് ചെയ്തു.
രൂപയുടെ തുടർച്ചയായ കയറ്റം ഐടി കന്പനികൾക്കും കയറ്റുമതിക്കാർക്കും ഗുണകരമല്ല. കയറ്റുമതിക്കു തിരിച്ചടി ഉണ്ടാകുമെന്നാണു ഭയം. ഐടി കന്പനികളുടെ ഡോളർ വരുമാനം കുറയില്ലെങ്കിലും അതു രൂപയിലാക്കുന്പോൾ കുറവുണ്ടാകും.