കൊട്ടാരക്കര: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം നല്കി സൈനികനായ യുവാവ് നാട്ടുകാരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു കടന്നതായി പരാതി. രണ്ട് വര്‍ഷം മുമ്പു നടന്ന തട്ടിപ്പിനെകുറിച്ച് പോലീസിലും ഉന്നതങ്ങളിലും പരാതി നല്‍കിയെങ്കിലും പരിഹാര മുണ്ടാകാത്ത സാഹചര്യത്തില്‍ തട്ടിപ്പിനിരയായവര്‍ അഡ്വ.ഐഷാ പോറ്റി എം എല്‍ എയെ കണ്ട് നിവേദനം നല്കി. കരസേനയില്‍ ജോലി ചെയ്യുന്ന വെണ്ടാര്‍ സ്വദേശി രതീഷ് എന്ന് വിളിക്കുന്ന ശ്രീജിത്ത് (35)നെ കുറിച്ചാണ് പരാതി ഉയര്‍ന്നിട്ടുളളത്.
റെയില്‍വേ, സൈന്യം ,ബാങ്ക് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും അഞ്ച് ലക്ഷം മുതല്‍ 20 ലക്ഷംവരെ തട്ടിയെടുത്തിട്ടുളളതായി തട്ടിപ്പിനിരയായ വെണ്ടാര്‍ മുഞ്ഞക്കല്‍ വീട്ടില്‍ മോഹന്‍ദാസ്, വെണ്ടാര്‍ പൊയ്കയില്‍ വീട്ടില്‍ മണിയന്‍പിളള എന്നിവര്‍ പറഞ്ഞു. അയല്‍ വാസികളെയും നാട്ടുകാരെയും കബളിപ്പിച്ചതു കൂടാതെ വിദൂരസ്ഥലങ്ങളിലുളളവര് പോലും തട്ടിപ്പിനിരയായിട്ടുണ്ട്. മാവേലിക്കര സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും 15ലക്ഷവും എടത്വ സ്വദേശിയില്‍ നിന്നും 10 ലക്ഷവും തട്ടിയെടുത്തിട്ടുണ്ട്. അരക്കോടിയോളം രൂപയുടെ കബളിപ്പിക്കല്‍ നടന്നതായാണ് പ്രാഥമിക വിവരം.
ഇതു കൂടാതെ വ്യാജനിയമന ഉത്തരവു നല്കി ആളുകളെ ഡല്‍ഹിയിലും ഷില്ലോംഗിലും മറ്റുമയച്ചും കബളിപ്പിച്ചിട്ടുണ്ട്. കൊല്ലം റൂറല്‍ എസ് പിക്ക് മൂന്നുപ്രാവശ്യവും മുന്‍ മുഖ്യമന്ത്രിക്കും മുന്‍ ആഭ്യന്തരമന്ത്രിക്കും വിജിലന്‍സിനും തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചു എന്ന അറിയിപ്പല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ലെന്ന് പരാതിക്കാര്‍ പറയുന്നു. അന്വേഷണ ചുമതലയുളള പുത്തൂര്‍ സ്റ്റേഷനിലെ ചില പോലീസുകാര്‍ തട്ടിപ്പുകാരന്റെ ഒറ്റുകാരായി പ്രവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്. സൈനികന്റെ മാതാപിതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്.
മാതാപിതാക്കളെ ഇവിടെ നിന്നും മാറ്റിയ ഇയാള്‍ അടുത്ത കാലത്ത് നാട്ടിലെ സ്ഥലവും വീടും വില്ക്കാന് ശ്രമം നടത്തി. ഇതറിഞ്ഞ് തട്ടിപ്പിനിരയായവര്‍ പൊതു പ്രവര്‍ത്തകരുടെ സഹായത്തോടെ ഇവിടെ സി പി എം കോണ്‍ഗ്രസ് ബിജെ പി എന്നീ പാര്‍ട്ടികളുടെ കൊടി നാട്ടിയിരിക്കുകയാണ് .സൈനികാന്‍ ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ ജോലി ചെയ്തു വരുന്നതായാണ് തട്ടിപ്പിനിരയായവര്‍ മനസിലാക്കിയിട്ടുളളത്. എന്നാല്‍ പോലീസ് ഈ വഴിക്കുളള ഒരന്വേഷണവും നടത്തിയിട്ടില്ല. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ എം എല്‍ എ റൂറല്‍ എസ്. പി യോട് അന്വേഷണം ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കാനും തട്ടിപ്പിനിരയായവര്‍ തീരുമാനിച്ചിട്ടുണ്ട്.