വെള്ളമുണ്ട: നവംബര്‍ എട്ടിന് ശേഷം വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ ബാങ്കുകള്‍ വഴി ജനങ്ങളിലെത്തിയത് പതിനൊന്ന് കോടി രൂപ. കാഷ്ലെസ് ഡിജിറ്റല്‍ വെള്ളമുണ്ട എന്ന വിഷയത്തില്‍ അക്ഷയകേന്ദ്രവും വികാസ്പീഡിയയും ചേര്‍ന്ന് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിച്ച പഞ്ചായത്തുതല ശില്‍പ്പശാലയില്‍ പങ്കെടുത്ത ബാങ്ക് മാനേജര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പോസ്റ്റ് ഓഫീസ്, കേരള ഗ്രാമീണ്‍ബാങ്ക് എസ്ബിഐ, കനറാ ബാങ്ക് എന്നിവ വഴി പഴയ നോട്ടുകള്‍ മാറ്റിയതിലൂടെയും അക്കൗണ്ടിലുള്ള പണം പിന്വലിച്ചതിലൂടെയുമാണ് ഇത്രയധികം രൂപ ജനങ്ങളുടെ കൈകളിലെത്തിയത്. എന്നിട്ടും ജനങ്ങള്‍ക്കിടയില്‍ കറന്‍സി ക്ഷാമം അനുഭവപ്പെടുന്നത് ഈ പണം വിപണിയില്‍ എത്താത്തതുകൊണ്ടാണ്് .
ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കാനും എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എടുക്കാനും അക്കൗണ്ട് ഉള്ളവര്‍ ഫോണ്‍ നമ്പറും, ആധാര്‍ നമ്പറും, ഇ മെയില്‍ വിലാസവും ബാങ്കുകളില്‍ രജിസ്റ്റര്‍ ചെയ്യുവാനും തീരുമാനമായി. ശില്പശാല വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സക്കീന കുടുവ ഉദ്ഘാടനം ചെയ്തു.
ടി. സുരേഷ് അധ്യക്ഷത വഹിച്ചു. വികാസ് പീഡിയ സംസ്ഥാന കോഡിനേറ്റര്‍ സി.വി. ഷിബു, ഫിനാന്‍സ് ലിറ്ററസി കൗണ്‍സിലര്‍ എം. സുരേന്ദ്രന് എന്നിവര്‍ ക്ലാസെടുത്തു. കേരള ഗ്രാമീണബാങ്ക് സീനിയര്‍ മാനേജര്‍ എ.എ. അഗസ്റ്റ്യന്‍, എസ്ബിഐ ബ്രാഞ്ച് മാനേജര്‍, നിഖില്‍ ശശിധരന്, അക്ഷയ സംരംഭക പി. സഫിയ, വെള്ളമുണ്ട, പബ്ലിക് ലൈബ്രറി സെക്രട്ടറി എം. മണികണ്ഠന്, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ്് പി.വി ജോസ് എന്നിവര്‍ പ്രസംഗിച്ചു.