നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
2017ലെ ഫിനാൻസ് ബിൽ ആദായനികുതി നിയമത്തിൽ 269 എസ്ടി എന്നൊരു വകുപ്പ് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം കൂട്ടിച്ചേർത്തു. അതനുസരിച്ച് ഇന്ത്യയിൽ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ മൂന്നു ലക്ഷം രൂപയിൽ കൂടുതൽ വരുന്ന ഒരു ഇടപാടിനും പണം കാഷായി നല്കാൻ പാടില്ല.
മൂന്നു ലക്ഷം രൂപയിൽ കൂടുതലുള്ള ഒരു ഇടപാടിനുതന്നെ ഒരു ദിവസം പല പ്രാവശ്യമായി പണം കാഷായി നല്കാനും പാടില്ല. അങ്ങനെയുള്ള എല്ലാ ഇടപാടുകൾക്കും അക്കൗണ്ട് പേയി ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ ബാങ്കിൽ കൂടി മാത്രമേ പണം നല്കാൻ സാധിക്കുകയുള്ളൂ. കറൻസി കുറയ്ക്കലിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാർ ഇതു നടപ്പിൽ വരുത്തുന്നത്.
എന്നാൽ, താഴെ പറയുന്ന ഇടപാടുകൾക്ക് ഈ നിയമം ബാധകമല്ല.
1) സർക്കാരിൽ അടയ്ക്കുന്ന പണം
2) കോ ഓപ്പറേറ്റീവ് ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും അടയ്ക്കുന്ന പണം.
ഈ നിയമം ബാധകമാകുന്നത് പണം സ്വീകരിക്കുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ആണ്. അതായത് പണം കൊടുക്കുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ അല്ല വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മുകളിൽ പറഞ്ഞതിന് വിരുദ്ധമായി മൂന്നു ലക്ഷം രൂപയിൽ കൂടുതൽ പണം കാഷായി ഒരു വ്യക്തിയോ സ്ഥാപനമോ വാങ്ങിയാൽ ഇതിന്റെ മേൽ ആദായനികുതി നിയമം 271 ഡിഎ വകുപ്പനുസരിച്ച് തുല്യമായ തുക പിഴ ചുമത്തുന്നതാണ്.
ഈ പിഴ ചുമത്തപ്പെടുന്നത് പണം വാങ്ങിയ വ്യക്തിയുടെ മേലാണ്. ഇതിൽ വ്യക്തിയെന്നോ, കന്പനിയെന്നോ, പാർട്ണർഷിപ്പ് സ്ഥാപനമെന്നോ വ്യത്യാസവുമില്ല. മൂന്നു ലക്ഷം രൂപയോ അതിൽ കൂടുതലോ ഒരു വ്യക്തിയോ സ്ഥാപനമോ ഒരേ ദിവസം ഒരു ഇടപാടിന് വാങ്ങുന്നത് മാത്രമാണ് കുറ്റകരമായിട്ടുള്ളത്. ഇങ്ങനെയുള്ള ഇടപാടുകൾ അക്കൗണ്ട് പെയി ചെക്കു മുഖാന്തിരമോ ഡ്രാഫ്റ്റ് മുഖാന്തിരമോ അല്ലെങ്കിൽ ഇലക്ട്രോണിക് മാർഗത്തിലൂടെയോ മാത്രമേ നടത്താൻ പാടുള്ളൂ.
അതായത് ബയറർ ചെക്ക്, ക്രോസ്ഡ് ചെക്ക്, സെൽഫ് ചെക്ക്, ട്രാൻസ്ഫർ എന്ട്രി, അഡ്ജസ്റ്റ്മെന്റ് എൻട്രി എന്നിവ എല്ലാം നിയമവിരുദ്ധമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പരസ്പരം സെറ്റിൽ ചെയ്യുന്ന അഡ്ജസ്റ്റ്മെന്റ് എൻട്രികളും ഉൾപ്പെടും. ബിസിനസിൽ അക്കൗണ്ടിംഗിന് ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും.
എന്നാൽ, കോ-ഓപ്പറേറ്റീവ് ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകളും പോസ്റ്റ് ഓഫീസുകളും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളും ഇതിൽനിന്നൊഴിവാണ്. അതിനാൽ ബാങ്കിലേക്ക് മറ്റും പണമടയ്ക്കുന്നതിന് പരിധിയില്ല. ബാങ്കിൽ ഏത് അക്കൗണ്ടിലും അത് സേവിംഗ്സ് ബാങ്ക് അക്കൗണ്ടായാലും കറന്റ് അക്കൗണ്ടായാലും ലോണ് അക്കൗണ്ടായാലും പണമടയ്ക്കുന്നതിന് യാതൊരുവിധ പരിധിയും നിശ്ചയിച്ചിട്ടില്ല.
ഇടപാടുകൾക്ക് മൂന്നു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചിരിക്കുന്നത് ബിസിനസ് ഇടപാടുകൾക്ക് മാത്രമായിട്ടല്ല മറിച്ച് വ്യക്തിപരമായ ഇടപാടുകളും ഇതിൽ ഉൾപ്പെടും. ലോണുകളും വസ്തുക്കച്ചവടവും ഇതിൽ ഉൾപ്പെടില്ല എങ്കിലും അവയുടെ കാഷ് ഇടപാടിനുള്ള പരിധി 20,000/- രൂപയായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാലാണ് അത് ഈ വകുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിയമത്തിൽ ഏതൊക്കെ ഇടപാടുകളാണ് കാഷായി നടത്താൻ പാടില്ലാത്തത് എന്ന് വിശദീകരിച്ചിട്ടില്ല. അതിനാൽ അനുവദിക്കപ്പെട്ടതും ഒഴിവാക്കപ്പെട്ടതും ഒഴികെയുള്ള എല്ലാ ഇടപാടുകളും മൂന്നു ലക്ഷം രൂപയിൽ കൂടുതൽ മൂല്യം ഉള്ളതാണെങ്കിൽ അനുവദിക്കപ്പെട്ടിട്ടുള്ള മാർഗത്തിലൂടെ മാത്രമേ നടത്താൻ പാടുള്ളൂ. ഇവയിൽ ശന്പളവും ഫീസും കമ്മീഷനും കോണ്ട്രാക്ട് ബില്ലും ഫേമിൽനിന്നു പാർട്ണർമാർക്ക് ലഭിക്കുന്ന ശന്പളവും അഡ്വാൻസും എല്ലാം ഉൾപ്പെടുന്നു.
മാത്രവുമല്ല ഫേമിൽനിന്നും ലഭിക്കുന്ന ലാഭവിഹിതവും ഫേമിലെ മുതൽമുടക്കു തുകയിൽ നിന്നോ പാർട്ണറുടെ കറന്റ് അക്കൗണ്ടിൽനിന്നോ മൂന്നു ലക്ഷം രൂപയിൽ കൂടുതൽ പണം കാഷായി പിൻവലിക്കാനും സാധിക്കില്ല. ട്രസ്റ്റിക്ക് സംഭാവന ആയും സ്വീകരിക്കാൻ സാധിക്കില്ല. അതായത് അനുവദിക്കപ്പെട്ടവർക്ക് അനുവദിക്കപ്പെട്ട അല്ലെങ്കിൽ ഒഴിവാക്കപ്പെട്ട ഇടപാടുകളിലൂടെ അല്ലാതെ മൂന്നു ലക്ഷം രൂപയിൽ കൂടുതൽ കാഷായി ഒരേ ദിവസം തന്നെ നടത്തുന്ന ഇടപാടുകൾ നിയമവിരുദ്ധമാണ് എന്നാണ് സൂചിപ്പിക്കുന്നത്.
ബാങ്കിൽനിന്നും പണം പിൻവലിക്കുന്നതിനും ഈ നിയമം ബാധകമാണ്. സ്വന്തം സേവിംഗ്സ് അക്കൗണ്ടിൽനിന്നോ കറന്റ് അക്കൗണ്ടിൽനിന്നോ ഒഡി അക്കൗണ്ടിൽനിന്നോ മൂന്നു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷായി പിൻവലിക്കാൻ ഏപ്രിൽ ഒന്നിനു ശേഷം സാധിക്കില്ല. അതായത് സെൽഫ് ചെക്ക് മുഖാന്തിരം ബാങ്കിൽനിന്നും ഒരു ദിവസം മൂന്നു ലക്ഷം രൂപയിൽ താഴെ മാത്രമേ പിൻവലിക്കാൻ സാധിക്കൂ.
ഈ നിയമം മാറ്റിയില്ലെങ്കിൽ വ്യവസായ സ്ഥാപനങ്ങളെയും തൊഴിൽ മേഖലയെയും പ്രതികൂലമായി ബാധിച്ചേക്കും. എന്നാൽ, ബാങ്കിലേക്ക് കാഷായി അടയ്ക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. പൂർണമായും കൃഷിയെ മാത്രം ആശ്രയിക്കുന്ന കർഷകർക്ക് ഈ നിയമം ബാധകമാകുകയില്ലെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും നിയമത്തിൽ വ്യക്തത വന്നിട്ടില്ല.
കാഷായി മൂന്നു ലക്ഷമോ അതിൽ കൂടുതലോ വാങ്ങുന്ന കാര്യത്തിൽ മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, മൂന്നു ലക്ഷത്തിൽ താഴെ വരുന്ന തുക കാഷായും ബാക്കിയുള്ളത് (മൊത്തം മൂന്നു ലക്ഷത്തിൽ കൂടുതൽ) അക്കൗണ്ട് പേയി ചെക്കായും സ്വീകരിക്കുന്നതിൽ തടസമില്ല. അതുപോലെ തന്നെ ഒരു ദിവസം തന്നെ മൂന്നു ലക്ഷത്തിൽ കൂടുതൽ വരുന്ന തുക ക്യാഷായി വാങ്ങാതെ പല ദിവസങ്ങളിലായി ഓരോന്നും മൂന്നു ലക്ഷത്തിൽ താഴെ മാത്രമാക്കി വാങ്ങാവുന്നതാണ്.
ഒരു ഇടപാടിനുതന്നെ മൂന്നു ലക്ഷം രൂപയിൽ കൂടുതൽ മൂല്യം വരികയും അത് പലരുടെ പേരിൽ ജോയിന്റായി നടത്തുകയുമാണെങ്കിലും പ്രസ്തുത തുക ക്യാഷായി ഒരു ദിവസം തന്നെ സ്വീകരിക്കാൻ പാടില്ല എന്നാണ് നിയമം അനുശാസിക്കുന്നത്.