ന്യൂഡൽഹി: മൂന്നുലക്ഷം രൂപയിൽ കൂടുതൽ തുക കറൻസിയായി വാങ്ങിയാൽ അത്രയും തുക പിഴയായി നൽകേണ്ടിവരും. ഏപ്രിൽ ഒന്നിന് ഈ വ്യവസ്ഥ പ്രാബല്യത്തിലാകും.പൊതുബജറ്റിനൊപ്പം ലോക്സഭയിൽ സമർപ്പിച്ച ധനകാര്യബില്ലിൽ ആണ് ഈ വ്യവസ്ഥ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മൂന്നു ലക്ഷം രൂപയിൽ കൂടുതലുള്ള കറൻസി കൈമാറ്റം തടയുന്നത് ആദായനികുതി നിയമത്തിൽ 269 എസ്ടി വകുപ്പ് ചേർത്തുകൊണ്ടാണ്. 271 ഡിഎ (1) എന്ന വകുപ്പ് പുതുതായി ഉൾപ്പെടുത്തിയാണു പിഴയ്ക്കു വ്യവസ്ഥ ചെയ്തത്.
കള്ളപ്പണത്തിന്റെ ഉദ്ഭവവും വ്യാപനവും തടയുന്നതിനുള്ള പല നടപടികളിൽ ഒന്നാണ് മൂന്നുലക്ഷം രൂപയിൽ കൂടുതലുള്ള കറൻസി ഇടപാടുകൾ വിലക്കുന്നത്. ഇതുവഴി കറൻസി കുറവുള്ള അവസ്ഥയിലേക്കു നീങ്ങാം.ഒരു ദിവസം ഒരാളിൽനിന്നോ, ഒരു ഇടപാടിന്റെ ഭാഗമായോ, ഒരു ചടങ്ങിന്റെയോ സാഹചര്യത്തിന്റെയോ പേരിലോ മൂന്നുലക്ഷം രൂപയിൽ കൂടുതൽ കറൻസിയായി വാങ്ങുന്നതിനാണു വിലക്ക്.
എന്നാൽ ഗവൺമെന്റിനും ബാങ്കുകൾക്കും പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്കിനും കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും ഗവൺമെന്റ് പ്രത്യേകമായി ഒഴിവാക്കുന്ന മറ്റാൾക്കാർക്കും സ്ഥാപനങ്ങൾക്കും പണം നൽകുന്നതിന് ഈ വിലക്ക് ഇല്ല. അക്കൗണ്ട് പേയീ ചെക്കോ ഡ്രാഫ്റ്റോ ആയിട്ട് എത്ര തുക വേണമെങ്കിലും നൽകാം. ഇലക്ട്രോണിക് ക്ലിയറിംഗ് സിസ്റ്റത്തിലൂടെ ബാങ്ക് അക്കൗണ്ടിൽനിന്നു നൽകുന്നതിനും പരിധിയില്ല.
ഈ നിബന്ധന പാലിക്കാതെ പണം സ്വീകരിക്കുന്നവർ തുല്യതുക പിഴയടയ്ക്കണം. മറിച്ച് വ്യക്തവും മതിയായതുമായ കാരണംകൊണ്ടാണു താൻ തുക സ്വീകരിച്ചതെന്നു തെളിയിച്ചാൽ പിഴ ഒഴിവാക്കിക്കിട്ടും. ഇൻകംടാക്സ് ജോയിന്റ് കമ്മീഷണറാണു പിഴ ചുമത്തുക.
ഇങ്ങനെ വ്യവസ്ഥ വച്ചതോടെ അഞ്ചുലക്ഷം രൂപയിൽ കൂടിയ ആഭരണ വ്യാപാരത്തിന് കറൻസി നൽകിയാൽ ഒരു ശതമാനം നികുതി സ്രോതസിൽ (ടിസിഎസ്) പിരിക്കണമെന്ന വ്യവസ്ഥ ഉപേക്ഷിക്കും.
കറൻസി വിലക്ക് മറ്റു രാജ്യങ്ങളിൽ
ഉയർന്ന മൂല്യമുള്ള ഇടപാടുകളിൽ കറൻസി വിലക്കുന്ന ആദ്യത്തെ രാജ്യമല്ല ഇന്ത്യ. ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ഈ വിലക്കുണ്ട്. ജർമനിയിലും ഇംഗ്ലണ്ടിലും വിലക്കില്ല. കള്ളപ്പണവും നികുതി വെട്ടിപ്പും തടയുകയാണു ലക്ഷ്യമായി പറയുന്നത്.
കറൻസി വാഗ്ദാനം ചെയ്യുന്ന നിയമസാധുതയെ നിഷേധിക്കുന്നതാണ് വലിയ ഇടപാടുകൾക്കു കറൻസി വിലക്കുന്നത് എന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു. നിയമപരമായ നികുതികളും ചാർജുകളും നൽകുന്ന ഒരാൾക്കു പണം ഉപയോഗിക്കാനാണ് ആഗ്രഹമെങ്കിൽ അതു വിലക്കുന്നതു യുക്തിയല്ലെന്നാണ് അവർ വാദിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ പണമിടപാടിനുള്ള പരിധി (ലക്ഷം രൂപയിൽ)
ഫ്രാൻസ് 0.72
ഗ്രീസ് 1.08
സ്പെയിൻ 1.81
ഇറ്റലി 2.17
യുഎസ്എ 6.74
പോളണ്ട് 10.87
സ്വിറ്റ്സർലൻഡ് 67.85
ഇന്ത്യ 3.0