വടകര: നോട്ട് അസാധുവാക്കലിനെ തുടർന്ന് നിശ്ചലമായിരുന്ന കുഴൽപണ ഇടപാട് വീണ്ടും സജീവമായി. ജില്ലയിൽ വില്യാപ്പള്ളി, കൊടുവള്ളി എന്നിവിടങ്ങളിൽ കുഴൽപണ ഏജന്റുമാർ പഴയപ്രതാപത്തിലേക്ക് ഇടപാടുകൾ എത്തിക്കുകയാണ്. രണ്ടായിരം രൂപ നോട്ടുകൾ ഇറങ്ങിയത് ഇത്തരം സംഘങ്ങൾക്ക് ഇടപാട് നടത്താൻ സൗകര്യവുമായി. മുന്പ് ആയിരത്തിന്റെ നോട്ടുകളായിരുന്നു ആശ്രയം.
ഇന്നലെ വൈകീട്ട് അഞ്ചുലക്ഷം രൂപയുടെ കുഴൽപണവുമായി കൊടുവള്ളി പടനിലം ചേനച്ചാംകണ്ടി അബ്ദുൾഗഫൂറിനെ (28) ഡിവൈഎസ്പി കെ.സുദർശനന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് പിടികൂടി. രണ്ടായിരം രൂപയുടെ 250 നോട്ടുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. കൂത്തുപറന്പുവരെയുള്ളവർക്ക് നൽകുന്നതിനു വേണ്ടിയാണ് ഇയാൾ എത്തിയത്.
കൊയിലാണ്ടി വരെ ബൈക്കിൽ വന്ന ശേഷം വാഹനം അവിടെ നിർത്തി ബസിൽ വടകരക്കു വരികയായിരുന്നു. അബ്ദുൾഗഫൂറിനെ നിരീക്ഷിച്ചുവന്ന സ്ക്വാഡ് വടകര സ്റ്റാന്റിൽ വെച്ച് പിടികൂടി. മുന്പൊക്കെ പണം കൊടുക്കേണ്ടവരുടെ പേരെഴുതിയ കടലാസായിരുന്നെങ്കിൽ ഇപ്പോൾ വാട്ട്സ്ആപ്പിലാണ് പേര് രേഖപ്പെടുത്തിയത്. അയ്യായിരം മുതൽ ഒരു ലക്ഷം രൂപ വരെ ആളുകൾക്ക് കൊടുക്കേണ്ടതുണ്ട്. രണ്ടായിരം നോട്ട് വന്നതോടെ ഇത്രയും തുക പാന്റ്സിന്റെ കീശയിൽ സൂക്ഷിക്കാമെന്നായി.
ഈ വർഷം പിറന്നതോടെ വടകരയിലെ സ്പെഷ്യൽ സ്ക്വാഡ് നാലു കുഴൽപണ കേസുകൾ പിടികൂടി. ഇതിലൂടെ പതിനഞ്ചു ലക്ഷം രൂപയിലേറെ കണ്ടെടുത്തു. രണ്ടു പേർ വില്യാപ്പള്ളി സ്വദേശികളും രണ്ടു പേർ കൊടുവള്ളിക്കാരുമാണ്. കുഴൽപണ ഇടപാടുകൾ സജീവമാകുന്നതായി പോലീസ് തന്നെ വ്യക്തമാക്കുന്നു. ഇവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലീസും ശ്രമിക്കുന്നു. ഇന്നലെ അഞ്ചുലക്ഷവുമായി പിടികൂടിയ അബ്ദുൾഗഫൂറിനെ കോടതിയുടെ അനുമതിയോടെ എൻഫോഴ്സമെന്റിനു കൈമാറുമെന്നു പോലീസ് അറിയിച്ചു.