സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളിലെ കേസ് വാദിക്കാനെത്തിയവർക്കു വേണ്ടി ചെലവാക്കിയതായി സംസ്ഥാന സർക്കാർ പറയുന്ന കണക്കുകളിലും വൈരുദ്ധ്യം.
കേസ് വാദിക്കുന്നതിനായി സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും അഭിഭാഷകർക്ക് നൽകിയതായി പറയുന്ന തുകയിലാണ് വൈരുദ്ധ്യമുള്ളത്. കെപിസിസി സെക്രട്ടറി സി.ആർ. പ്രണകുമാറിനു വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പെരിയ ഇരട്ടക്കൊല, ഷുഹൈബ് വധക്കേസ് എന്നിവ അടക്കമുള്ള രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വാദിക്കാൻ 2016 മുതൽ 2021 വരെയുള്ള കാലത്ത് 5.03 കോടി രൂപ ചെലവാക്കിയെന്നായിരുന്നു പ്രണകുമാർ ആദ്യം നൽകിയ അപേക്ഷയ്ക്ക് സർക്കാർ മറുപടി നൽകിയത്.
ഇതു വിശ്വനീയമല്ലെന്നു ചൂണ്ടിക്കാട്ടി നിയമസഭ മുഖേനെ നൽകിയ അപ്പീലിൽ കേസ് നടത്തിപ്പിനായി 18.97 കോടി ചെലവായതായി അറിയിക്കുകയായിരുന്നു.
അഡ്വക്കേറ്റ് ജനറൽ ഓഫീസ് മുഖേനെയാണ് ആദ്യ അപേക്ഷയ്ക്കുള്ള ഉത്തരങ്ങൾ നൽകിയിട്ടുള്ളത്്. രണ്ടാമത്തേത് നിയമ മന്ത്രി പി. രാജീവാണ് മറുപടി നൽകിയത്.
രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികൾക്കു വേണ്ടി സർക്കാർ ഖജനാവിലെ പണം ദുർവിനിയോഗം ചെയ്യുകയാണെന്ന് ആരോപണമുയരുന്നതിനിടെയാണ് പരസ്പര വിരുദ്ധമായ മറുപടികളും പുറത്തുവരുന്നത്.
ഇക്കാര്യം ചൂണ്ടക്കാട്ടി പിണറായി വിജയൻ സർക്കാരിനെതിരേ പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.