നരേന്ദ്ര മോദി പറഞ്ഞത്
പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബർ എട്ട് രാത്രി എട്ടിനു രാജ്യത്തോടുള്ള ടിവി പ്രക്ഷേപണത്തിൽ പറഞ്ഞത്:
“അഴിമതിയുടെയും കള്ളപ്പണത്തിന്റെയും പിടിയിൽനിന്നു രക്ഷപ്പെടാൻ 500 രൂപയുടെയും 1000 രൂപയുടെയും കറൻസി ഇന്ന് അർധരാത്രിയോടെ നൈയാമിക ഉപയോഗത്തിൽനിന്നു പിൻവലിക്കുന്നു.
ഈ നടപടി അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരായ സാധാരണക്കാരുടെ പോരാട്ടത്തിനു കരുത്തു പകരും. അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരായ മഹായജ്ഞത്തിൽ പങ്കുചേരാൻ ഓരോ പൗരനും അവസരം ലഭിച്ചിരിക്കുകയാണ്. നിങ്ങൾ ഇതിനു നൽകുന്ന സഹായമനുസരിച്ചിരിക്കും ഇതിന്റെ വിജയം.’
അദ്ദേഹം ഇതുകൂടി പറഞ്ഞു: പ്രചാരത്തിലുള്ള പണത്തിന്റെ അളവിന്റെ തോതിലാണ് അഴിമതിയും. കൂടുതൽ പണം പ്രചാരത്തിലുള്ളതു കള്ളപ്പണവുമായും ആയുധങ്ങളുടെ കടത്തുമായും ബന്ധപ്പെട്ടിരിക്കുന്ന ഹവാല വ്യാപാരത്തെ ശക്തിപ്പെടുത്തും. ഈ പ്രസംഗത്തിൽ ഒരിടത്തുപോലും കറൻസി ഇല്ലാത്ത വ്യവസ്ഥിതിയെയോ ഡിജിറ്റൽ ഇടപാടുകളിലേക്കു രാജ്യം മാറേണ്ടതിനെയോ പറ്റി പറഞ്ഞിട്ടില്ല.
ജയ്റ്റ്ലി പറഞ്ഞത്
പത്തു മാസത്തിനു ശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനു ധനമന്ത്രി അരുൺ ജയ്റ്റ്ലി മാധ്യമങ്ങളോടു സംസാരിച്ചപ്പോൾ പറഞ്ഞതു മറ്റു ചില കാര്യങ്ങളാണ്. “കറൻസി റദ്ദാക്കലിന്റെ ലക്ഷ്യം പണം പിടിച്ചെടുക്കലായിരുന്നില്ല. കൂടുതൽ കറൻസി ഉപയോഗിക്കുന്ന രാജ്യമായ ഇന്ത്യയെ അങ്ങനെയല്ലാതാക്കുകയായിരുന്നു.’’
നോട്ട് നിരോധനത്തിന്റെ ലക്ഷ്യത്തെപ്പറ്റി പലർക്കും സന്ദേഹങ്ങളും ആശയക്കുഴപ്പങ്ങളും ഉള്ളതുകൊണ്ടാണു താൻ ഇതു പറയുന്നതെന്നു ജയ്റ്റ്ലി വിശദീകരിക്കുകയും ചെയ്തു.
ജയ്റ്റ്ലി പറഞ്ഞ സാഹചര്യം
ജയ്റ്റ്ലി മാധ്യമങ്ങളോടു സംസാരിക്കുന്നതിന് അൽപം മുന്പാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2016-17 റിപ്പോർട്ട് പുറത്തുവിട്ടത്. അതിൽ ഒരു കണക്ക് ഉണ്ടായിരുന്നു. റദ്ദാക്കിയ നോട്ടുകളുടെ 99 ശതമാനത്തിലധികം റിസർവ് ബാങ്കിൽ തിരിച്ചെത്തി.
കള്ളപ്പണം തിരിച്ചെത്തില്ല എന്നാണു ഗവൺമെന്റ് നോട്ട് നിരോധനത്തിന്റെ ആദ്യനാളുകളിൽ പറഞ്ഞത്. അന്നത്തെ അറ്റോർണി ജനറൽ മുകുൾ രോഹ്തഗി സുപ്രീംകോടതിയിൽ പറഞ്ഞതു മൂന്നു ലക്ഷം കോടിയിലധികം രൂപയുടെ കള്ളപ്പണം തിരികെവരില്ല എന്നാണ്. പക്ഷേ തുച്ഛമായ 16320 കോടി രൂപയുടെ കറൻസിയേ മടങ്ങി എത്താതിരുന്നുള്ളൂ.
ഈ ജാള്യത മറയ്ക്കാനാണ് ജയ്റ്റ്ലിപുതിയ വിശദീകരണം നടത്തിയത്.
ധനമന്ത്രാലയം പറഞ്ഞത്
ഈ ഓഗസ്റ്റ് 30-ന് ധനമന്ത്രാലയം പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു:
നോട്ട് നിരോധനം അതിന്റെ ലക്ഷ്യപ്രാപ്തിയിലേക്കു നീങ്ങുകയാണ്. ലക്ഷ്യങ്ങൾ ഇവയാണ്:
1. കള്ളപ്പണം പുറത്തുകൊണ്ടുവരിക.
2. വ്യാജകറൻസി ഇല്ലാതാക്കുക.
3. ഭീകരതയുടെയും ഇടതു തീവ്രവാദത്തിന്റെയും ധനസ്രോതസിന്റെ വേരറുക്കുക.
4. അസംഘടിത സാന്പത്തികമേഖലകളെ സംഘടിത മേഖലയിലാക്കുക. നികുതി അടിത്തറ വലുതാക്കുക.
5. ഇന്ത്യയെ കുറച്ചു പണം ഉപയോഗിക്കുന്ന രാജ്യമാക്കി മാറ്റാൻ ഡിജിറ്റൈസേഷൻ പ്രോത്സാഹിപ്പിക്കുക.