മുംബൈ: തുടർച്ചയായ എട്ടാം ദിവസവും ഓഹരിസൂചികകൾ കയറിയെങ്കിലും രൂപയുടെ വില ഇടിയുന്നതു കന്പോളത്തിൽ ആശങ്ക പടർത്തുന്നു. ഇന്നലെ ഡോളറിന് 29 പൈസ കയറി 65.49 രൂപയായി. കയറ്റുമതി മാർച്ചിൽ അപ്രതീക്ഷിതമായി കുറഞ്ഞതും വാണിജ്യകമ്മി കൂടിയതുമാണ് രൂപയെ പ്രതികൂലമായി ബാധിച്ച ഘടകങ്ങൾ. ആഗോള പ്രശ്നങ്ങളും വിഷയമായി.
വെള്ളിയാഴ്ച 65.20 രൂപയായിരുന്നു ഡോളർ. ഒരാഴ്ചമുന്പ് 65 രൂപയ്ക്കു താഴെയായിരുന്നു ഡോളർവില. ഇന്നലെ 0.44 ശതമാനം താണതോടെ കഴിഞ്ഞ ഒക്ടോബർ മൂന്നിനു ശേഷമുള്ള ഏറ്റവും താണ നിലയിലേക്ക് രൂപ പോയി. പത്താംതീയതിക്കു ശേഷം രൂപയ്ക്ക് 0.77 ശതമാനം ഇടിവുണ്ടായി.
ഇന്ത്യ നിരീക്ഷണത്തിൽ
ഇന്ത്യയുടെ വിദേശനാണയ നയം സംബന്ധിച്ച് അമേരിക്കൻ ധനവകുപ്പ് ആക്ഷേപങ്ങൾ ഉന്നയിച്ചതും രൂപയുടെ താഴ്ചയ്ക്കു കാരണമായി. ചൈനയ്ക്കും മറ്റു നാലു രാജ്യങ്ങൾക്കുമൊപ്പമാണ് ഇന്ത്യയെ യുഎസ് ട്രഷറി വകുപ്പ് നിരീക്ഷണ പട്ടികയിൽ പെടുത്തിയത്. നിരീക്ഷണം ഇന്ത്യയെ കുറ്റക്കാരായി കണക്കാക്കിയാൽ ഇന്ത്യയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിന് കൂടുതൽ ചുങ്കം ചുമത്താനിടയുണ്ട്.
നാലു മാസം ഉയർച്ച കാണിച്ചിട്ടാണ് മാർച്ചിൽ ഇന്ത്യയുടെ കയറ്റുമതി താഴോട്ടുപോയത്. അമേരിക്ക പ്രഖ്യാപിച്ച പിഴച്ചുങ്കങ്ങൾ പ്രാബല്യത്തിൽ വരും മുന്പാണ് ഈ കുറവ്. പിഴച്ചുങ്കം പ്രാബല്യത്തിലാകുന്പോൾ കയറ്റുമതി കുറയുമെന്നു പരക്കെ ആശങ്കയുണ്ട്. മാർച്ചിൽ വാണിജ്യകമ്മി 1369 കോടി ഡോളറായി ഉയരുകയും ചെയ്തു.
ക്രൂഡ് വില
ആശങ്ക വർധിപ്പിക്കുന്ന മറ്റു ഘടകങ്ങളിൽ ക്രൂഡ് ഓയിൽ വിലക്കയറ്റം പെടുന്നു. ബ്രെന്റ് ഇനം ക്രൂഡ് വില വീപ്പയ്ക്ക് 72 ഡോളർ കടന്നിരുന്നു. സിറിയൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാൽ വില ഇനിയും കൂടും. കൂടുതൽ ആക്രമണത്തിന് ഉദ്ദേശിക്കുന്നില്ല എന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയിൽ അശാന്തി കൂടുമെന്നാണ് പരക്കെ ഭീതി.
സ്വർണവില കൂടി
ഈ സാഹചര്യത്തിൽ സ്വർണവിലയും കൂടിവരികയാണ്. ലണ്ടനിൽ സ്വർണം ഔൺസിന് (31.1 ഗ്രാം) 1349 ഡോളറിലേക്ക് കയറി. മുംബൈയിൽ സ്റ്റാൻഡാർഡ് സ്വർണം പത്തുഗ്രാമിന് 275 രൂപ വർധിച്ച് 31,095 രൂപയായി. വെള്ളിവില കിലോഗ്രാമിന് 305 രൂപ കൂടി 38,785 രൂപയിലെത്തി.
ഇതിനിടെ വിദേശനിക്ഷേപകർ ഇന്ത്യയിൽനിന്നു പണം പിൻവലിക്കുന്നതു വർധിച്ചു. ഇന്നലെ മാത്രം ഓഹരിവിപണിയിൽനിന്ന് 308 കോടി രൂപയാണ് വിദേശികൾ പിൻവലിച്ചത്.
ഓഹരികൾക്കു നേട്ടം
വിലക്കയറ്റം കുറഞ്ഞതും വ്യവസായവളർച്ച മെച്ചപ്പെട്ടതും പോലുള്ള അനുകൂല ഘടകങ്ങൾ ഓഹരികൾക്കു നേട്ടമായി. തുടർച്ചയായ എട്ടാം ദിവസവും സൂചികകൾ കയറി. രാവിലെ താഴ്ചയോടെ തുടങ്ങിയ വ്യാപാരം ഉച്ചകഴിഞ്ഞതോടെ നേട്ടത്തിലായി.
ടാറ്റാ മോട്ടോഴ്സിന്റെ ഓഹരിവില 4.96 ശതമാനം താണു. ബ്രിട്ടനിലെ ജഗ്വാർ ലാൻഡ് റോവർ കാർ വില്പന കുറഞ്ഞതും ബ്രിട്ടനിൽ 1000 തൊഴിലാളികളെ ഒഴിവാക്കുന്നതും പോലുള്ള വിവരങ്ങളാണ് ടാറ്റാ മോട്ടോഴ്സിനു തിരിച്ചടിയായത്.
ഇക്കൊല്ലം കാര്യമായ വരുമാനവർധന പ്രതീക്ഷിക്കേണ്ടെന്ന് കന്പനി മുന്നറിയിപ്പ് നല്കിയത് ഇൻഫോസിസ് ടെക്നോളജീസിന് തിരിച്ചടിയായി. ഓഹരിവില 3.1 ശതമാനം താണു. തുടക്കത്തിൽ ആറു ശതമാനം താണിരുന്നു.