തൃശൂർ: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുംവഴി പോലീസ് വാഹനം കേടായ സംഭവത്തിൽ സുരക്ഷാവീഴ്ച വിലയിരുത്തി എആർ ക്യാന്പിലെ എസ്ഐക്ക് സസ്പെൻഷൻ. ക്യാംപിലെ വാഹനങ്ങൾ പരിശോധിച്ചു ഫിറ്റ്നസ് ഉറപ്പുവരുത്താൻ ചുമതലയുള്ള മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ സെബാസ്റ്റ്യനെയാണു തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത് കുമാർ സസ്പെൻഡ് ചെയ്തത്.
പോലീസിനെ ആക്രമിച്ചു രൂപേഷിനെ കടത്തിക്കൊണ്ടു പോകാൻ മാവോയിസ്റ്റുകൾ ഒരുങ്ങുന്നുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പു നിലനിൽക്കേയാണു വൻസുരക്ഷ വീഴ്ച സംഭവിച്ചത്. രണ്ടുദിവസം മുന്പു വിയ്യൂർ വില്ലടത്തായിരുന്നു സംഭവം. രൂപേഷിനെ കോയന്പത്തൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ കേബിൾ തകരാർ മൂലം പോലീസ് ബന്തവസ് വാഹനം കേടാവുകയാ യിരുന്നു.
എആർ ക്യാന്പിലെ സായുധസംഘത്തിന്റെ വാഹനവും പോലീസിന്റെ എസ്കോർട്ടും പൈലറ്റും സഹിതമുള്ള വാഹനവ്യൂഹവും ഇതോടെ വഴിയിൽ കുടുങ്ങി. വാഹനം കേടായതുമൂലം രൂപേഷുമായി പോലീസിനു പത്തു മിനിറ്റോളം റോഡിൽ കുടുങ്ങിക്കിടക്കേണ്ടി വന്നു. ക്യാന്പിൽനിന്നു പകരം അയച്ച വാഹനത്തിലാണു രൂപേഷിനെ പിന്നീട് കൊണ്ടുപോയത്. സംഭവത്തിൽ ഐജി റിപ്പോർട്ട് തേടിയിരുന്നു. രൂപേഷിനെ വാഹനത്തിനു പുറത്തിറക്കിയതു ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും പ്രഥമദൃഷ്ട്യ അലംഭാവം സംഭവിച്ചിട്ടുണ്ടെന്നമുള്ള വിലയിരുത്തലിലാണു സസ്പെൻഷൻ നടപടി.