മുംബൈ: തുടർച്ചയായ നാലാം ദിവസവും രൂപയ്ക്കു നേട്ടം. ഡോളറിനു മേൽ 28 പൈസയുടെ നേട്ടമാണ് ഇന്നലെ രൂപയ്ക്കുണ്ടായത്. ഇതോടെ ഡോളർ നിരക്ക് 65.41 രൂപയായി.
ഒരിടയ്ക്ക് 65.21 വരെ എത്തിയ വ്യാപാരം പൊതുമേഖലാ ബാങ്കുകൾ ഡോളർ വാങ്ങിക്കൂട്ടിയതോടെ 65.41 ലേക്കു മടങ്ങുകയായിരുന്നു. മറ്റു കറൻസികളും ഡോളറിനോടു നേട്ടമുണ്ടാക്കി. ബ്രിട്ടീഷ് പൗണ്ട് 80.21ലേക്കും യൂറോ 70.15ലേക്കും കയറി.
അമേരിക്കൻ ഫെഡ് പലിശനിരക്ക് കൂട്ടിയതും അടുത്ത വർധന വൈകുമെന്നു സൂചിപ്പിച്ചതും രൂപയ്ക്കു കരുത്തായി. ഓഹരിവിപണിയും ഉത്സാഹത്തിലാണ്. നിഫ്റ്റി 69 പോയിന്റ് കയറി 9,153.70 എന്ന പുതിയ റിക്കാർഡ് ക്ലോസിംഗ് കുറിച്ചു. സെൻസെക്സ് 188 പോയിന്റ് ഉയർന്ന് 29,585.85ൽ എത്തി.
സ്റ്റാൻഡാർഡ് സ്വർണം 10 ഗ്രാം 355 രൂപ കയറി 28,420 രൂപയിലെത്തി. വെള്ളി കിലോ ഗ്രാമിന് 900 രൂപ കയറി 41,540 രൂപയായി. വിദേശത്തെ കയറ്റത്തിന്റെ ചുവടുപിടിച്ചാണിത്.