സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: ദേശീയപാത വികസനത്തിനായി ഭൂമി വിട്ടു നൽകിയവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വെട്ടിക്കുറച്ച് എൽഡിഎഫ് സർക്കാർ ഉത്തരവിറക്കി. നേരത്തെ നിശ്ചയിച്ച നഷ്ടപരിഹാര തുക നൽകാൻ ദേശീയപാത അതോറിറ്റി തയാറാണെങ്കിലും വേണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളത്. ദേശീയ പാതയോരങ്ങളിൽ വിവിധ വികസനപ്രവർത്തനങ്ങൾ ഇനിയും ആരംഭിക്കേണ്ടതുണ്ട്.
അതിനൊക്കെ ഭൂമിയും ആവശ്യമാണ്. കൂടുതൽ പണം ആവശ്യമായി വരുന്പോൾ സർക്കാരിന് വൻ ബാധ്യതയാകുമെന്ന കണക്കുകൂട്ടലിലാണ് നഷ്ടപരിഹാര തുക കുറയ്ക്കുവാൻ തീരുമാനിച്ചതെന്നറിയുന്നു. 2014 ൽ കണക്കാക്കിയ വിലയുടെ ഇരട്ടി നൽകാമെന്നായിരുന്നു നേരത്തെ സംസ്ഥാന സർക്കാർ ഭൂവുടമകൾക്ക് നൽകിയ വാഗ്ദാനം.
എന്നാൽ വാഗ്ദാനം കാറ്റിൽ പറത്തിയെന്നു മാത്രമല്ല, 2016ൽ യുഡിഫ് സർക്കാരിന്റെ കാലത്ത് നൽകിയ ഉറപ്പാണ് പിണറായി സർക്കാർ അട്ടിമറിച്ചത്. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കി. ജില്ലയിൽ ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത് ഗ്രാമപ്രദേശങ്ങളിലാണ്. എടക്കാട്, എളയാവൂർ,ചേലോറ, ചെന്പിലോട്, കടന്പൂർ, മുഴപ്പിലങ്ങാട്, പുഴാതി, ചിറയ്ക്കൽ തുടങ്ങിയ വില്ലേജുകളിൽ സ്ഥലത്തിന് സെന്റിന് 1.05 ലക്ഷം രൂപയാണ് 2014 ൽ നിശ്ചയിച്ച വില.
മൾട്ടിപ്പൾ ഫാക്ട് പ്രകാരം വിലയുടെ ഇരട്ടി നൽകണമെന്നായിരുന്നു 2016ലെ ഉത്തരവ്. ഇതനുസരിച്ച് സ്ഥലം ഉടമകൾക്ക് 2.10 ലക്ഷവും കൂടാതെ 100 ശതമാനം സമാശ്വാസവും പലിശയും ചേരുന്പോൾ ഒരു സെന്റിന് ഭൂവുടമയ്ക്ക് അഞ്ച് ലക്ഷം രൂപ ലഭിക്കും. ഇവിടെയാണ് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം 3.15 ലക്ഷം രൂപയായി ചുരുങ്ങുന്നത്.
മുനിസിപ്പൽ അതിർത്തിയിൽ 10 കിലോ മീറ്റർ പരിധിയിലുള്ള സ്ഥലത്തിന് 20 ശതമാനം അധിക വില മാത്രമാണ് ലഭിക്കുക. സ്ഥലമെടുപ്പിന്റെ നഷ്ടപരിഹാരം സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാൻഡിംഗ് ഓർഡർ ചൂണ്ടിക്കാട്ടിയാണ് ഇരട്ടി വില നൽകാനാവില്ലെന്ന നിലപാട് സ്വീകരിച്ചത്.സർക്കാർ ഉത്തരവ് ജില്ലയിലെ 1000 കുടുംബങ്ങളെയാണ് നേരിട്ട് ബാധിക്കുന്നത്.