ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ 500 രൂപ, 1000 രൂപ കറൻസികൾ റദ്ദാക്കിയിട്ട് ഒരു വർഷം ആകുന്പോൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോഴും ആ നോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുകയാണ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് റദ്ദാക്കിയ കറൻസി ഇതുവരെ എണ്ണിത്തീർന്നിട്ടില്ലെന്നുള്ള കാര്യം റിസർവ് ബാങ്ക് വ്യക്തമാക്കിയത്.
സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 1,134 കോടി 500 രൂപ നോട്ടുകളും 524.90 കോടി 1000 രൂപ നോട്ടുകളും എണ്ണിയിട്ടുണ്ട്. ഇതിന്റെ മൂല്യം യഥാക്രമം 5.67 ലക്ഷം കോടി രൂപയും 5.24 ലക്ഷം കോടി രൂപയും വരും. അതായത്, ആകെ 10.91 ലക്ഷം കോടി രൂപയുടെ നോട്ടുകൾ സെപ്റ്റംബർ 30 വരെ എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു.