കറന്‍സി പിന്‍വലിക്കല്‍ വന്‍ പരാജയമായി മാറുകയാണോ എന്നു പരക്കെ സംശയം ഉയരുന്നു. ഡിസംബര്‍ മൂന്നു ശനി വരെ പിന്‍വലിച്ച കറന്‍സികളില്‍ 12.6 ലക്ഷം കോടി രൂപയ്ക്കുള്ളതു ബാങ്കുകളില്‍ എത്തി. പിന്‍വലിച്ച കറന്‍സികള്‍ ആകെ 15.44 ലക്ഷം കോടി രൂപയുടേതായിരുന്നു. ബാങ്കിലടയ്ക്കാന്‍ 27 ദിവസം ബാക്കിനില്‍ക്കെ എത്തിയ തുക മൊത്തം റദ്ദാക്കപ്പെട്ടതിന്റെ 81.6 ശതമാനം.
നവംബര്‍ എട്ടിനാണ് 500 രൂപ, 1000 രൂപ കറന്‍സികള്‍ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്. നവംബര്‍ 10 മുതല്‍ ഇവ ബാങ്കുകളില്‍ മാറിയെടുക്കാനും സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനും അവസരം നല്കി. പുറമേ വിവിധ സംസ്ഥാനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളും നികുതിക്കും നികുതി കുടിശികയ്ക്കും റദ്ദായ നോട്ടുകള്‍ സ്വീകരിച്ചു. പെട്രോള്‍ ബങ്കുകള്‍, റെയില്‍വേ സ്റ്റേഷന്, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും അവ സ്വീകരിച്ചു. ഇങ്ങനെയെല്ലാം സ്വീകരിച്ച പണം ബാങ്കിംഗ് സംവിധാനത്തില്‍ എത്തി.
മേയ് 27 വരെ ബാങ്കുകളില്‍ എത്തിയ തുകയുടെ കണക്കാണ് സര്‍ക്കാര്‍ പുറത്തു വിട്ടിട്ടുള്ളത്. അത് 8.48 ലക്ഷം കോടി രൂപയുടേതാണ്. പിന്നീടു സര്‍ക്കാര്‍ കണക്കു പുറത്തു വിട്ടിട്ടില്ല. 12.6 ലക്ഷം കോടി രൂപ എന്നതു ധനകാര്യ വാര്‍ത്തകളില്‍ സ്പെഷലൈസ് ചെയ്യുന്ന ബ്ലൂംബര്‍ഗ് എന്ന വാര്‍ത്താ ഏജന്‍സി പേരു വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവിട്ടതാണ്. സിഎന്‍എന്‍ ന്യൂസ് 18 ചാനലും ഇതേ തുക പുറത്തുവിട്ടു.
കറന്‍സി പിന്‍വലിച്ചപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞതു കള്ളപ്പണവും കള്ളനോട്ടും അഴിമതിയും ഭീകരതയും അവസാനിപ്പിക്കാനുള്ള നടപടിയാണിത് എന്നായിരുന്നു. ആ ദിവസങ്ങളില്‍ സര്‍ക്കാര്‍ വക്താക്കള്‍ അനൗപചാരികമായി പറഞ്ഞതു മൂന്നു ലക്ഷം കോടി മുതല്‍ അഞ്ചു ലക്ഷം കോടി വരെ രൂപയ്ക്കുള്ള കറന്‍സി മടങ്ങി എത്തില്ലെന്നാണ്. ജിഡിപിയുടെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ കള്ളപ്പണം ഉണ്ടെന്ന നിഗമനത്തിലാണ് ആ തുക പറഞ്ഞത്.
എന്നാല്‍, ഇതിനകം 12.6 ലക്ഷം കോടി വന്ന നിലയ്ക്ക് 30–ാം തീയതിയോടെ 15 ലക്ഷം കോടി രൂപയ്ക്കടുത്തുള്ള കറന്‍സി എത്തുമെന്നാണു പൊതു വിലയിരുത്തല്‍. അതായതു പൂഴ്ത്തിവച്ച കള്ളപ്പണം വളരെ ചെറിയ തുക മാത്രമായിരിക്കാം. അല്ലെങ്കില്‍ ഉണ്ടായിരുന്ന കള്ളപ്പണമത്രയും വെളുപ്പിക്കാന്‍ സാധിച്ചു.
ഒന്നുകില്‍ സര്‍ക്കാര്‍ കണക്കാക്കിയത്ര വലുതായിരുന്നില്ല കള്ളപ്പണം, അല്ലെങ്കില്‍ അത് അനായാസം വെളുപ്പിക്കാന്‍ വഴിയുണ്ടായി. രണ്ടായാലും ഗവണ്മെന്റിനു പരാജയം. ഒന്നുകില്‍ കണക്കു തെറ്റി, അല്ലെങ്കില്‍ തന്ത്രം പിഴച്ചു.
ജനങ്ങള്‍ ഈ ദിവസങ്ങളില്‍ അനുഭവിച്ചതും ഇനി തുടര്‍ന്നും അനുഭവിക്കാനിരിക്കുന്നതുമായ ദുരിതങ്ങള്‍ ഈ കണക്കിലെ തെറ്റിന്റെയോ തന്ത്രത്തിലെ പിഴവിന്റെയോ ഫലം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കുണ്ടാകുന്ന തിരിച്ചടിയും അതു വഴിയുള്ള വരുമാന–തൊഴില്‍ നഷ്ടങ്ങളും അങ്ങനെതന്നെ.
റ്റി.സി. മാത്യു