കുണ്ടറ: ട്രഷറികളിൽ സംസ്ഥാനസർക്കാർ സ്ഥാപനങ്ങളുടെ പണം നിക്ഷേപിച്ച് രൂക്ഷമായ നോട്ടുക്ഷാമത്തിന് പരിഹാരം കണ്ടെത്താനുള്ള കേരള സർക്കാരിന്റെ നടപടി അവസരോചിതവും സ്വാഗതാർഹവുമാണെന്ന് കുണ്ടറ പൗരവേദി പ്രസിഡന്റ് ഡോ.വെള്ളിമണ്‍ നെൽസണ്‍. കേരള ലോട്ടറി, കെഎസ്എഫ്ഇ മുതലായ സർക്കാർ ഉടമസ്ഥതയിലും പൂർണനിയന്ത്രണത്തിലുമുള്ള എല്ലാ സ്ഥാപനങ്ങളുടെയും വരുമാനം ദിവസവും ട്രഷറികളിൽ നിക്ഷേപിക്കണമെന്ന നിർദേശം ജനജീവിതത്തെ നിശ്ചലമാക്കിയ നോട്ടുക്ഷാമത്തിന് പരിഹാരമാകും.
ട്രഷറികളിലെ നിക്ഷേപതുക കൊണ്ട് ശന്പളം, പെൻഷൻ തുടങ്ങിയ സർക്കാരിന്റെ ഭാരിച്ച ധന ഇടപാടുകൾക്കും ബാങ്കുകളെ ആശ്രയിക്കാതെ സാധ്യമാകുമെന്നത് ആശ്വാസകരമാണ്. നിർണായകമായ നിക്ഷേപ നിർദേശങ്ങൾ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമായി മാറുകയായിരുന്നു.
സംസ്ഥാന സർക്കാരിന്റെ വരുമാനം മുഴുവൻ ബാങ്കുകളെ ഏൽപ്പിക്കുകയും അതിൽനിന്ന് ആവശ്യത്തിന് പണം പിൻവലിക്കാൻ സർക്കാരിന് കഴിയാതെ പോകുകയും ബാങ്കുകളുടെ ഒൗദാര്യത്തിന് കാത്തുനിൽക്കുകയും ചെയ്യേണ്ടിവന്ന വിഷമ സാഹചര്യത്തിൽ ഇത്തരമൊരു നടപടി സ്വീകരിക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാരും ധനമന്ത്രി ഡോ.തോമസ് ഐസക്കും അഭിനന്ദനം അർഹിക്കുന്നതായി പൗരവേദി അഭിപ്രായപ്പെട്ടു.
ജനക്ഷേമപ്രവർത്തനങ്ങൾക്ക് നിർണായക സന്ദർഭങ്ങളിൽ തുടർന്നും ഇത്തരം ക്രിയാത്മക തീരുമാനങ്ങളെടുക്കാൻ സർക്കാർ തയാറാകണമെന്നും പൗരവേദി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ഡോ.വെള്ളിമണ്‍ നെൽസണ്‍ അധ്യക്ഷതവഹിച്ചു. പ്രഫ. ഷിബുജോസ്, ഇ.ശശിധരൻപിള്ള, എം.മണി, ജി.അശോകൻ, കെ.വി മാത്യു, അഡ്വ.ടി.എ അൽഫോണ്‍സ്, മണിചീരങ്കാവിൽ, കെ.വിനോദ്,പി.റോജി, ആനന്ദബാബു എന്നിവർ പ്രസംഗിച്ചു.