വടക്കഞ്ചേരി: തേനിടുക്ക് സെന്റ് ജോർജ് യാക്കോബായ സിറിയൻ ക്രിസ്ത്യൻ പള്ളിയുടെ വടക്കഞ്ചേരി തങ്കം ജംഗ്ഷനിലുള്ള കുരിശുപള്ളി ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിച്ചനിലയിൽ കണ്ടെത്തി.
പള്ളി അധികൃതർ ഭണ്ഡാരം തുറന്നപ്പോഴാണ് കുറെ നോട്ടുകൾ കത്തിച്ച നിലയിൽ കണ്ടെത്തിയത്. മെഴുകുതിരി കത്തിച്ചിട്ടതാകാമെന്നാണ് സംശയിക്കുന്നത്. ഭണ്ഡാരത്തിൽനിന്നും മെഴുകുതിരിയും കണ്ടെടുത്തിട്ടുണ്ട്.
പതിനായിരത്തിൽപരം രൂപ കത്തിനശിച്ചതായി പള്ളി അധികൃതർ പറഞ്ഞു. സാമൂഹ്യവിരുദ്ധരോ മദ്യപൻമാരോ ആകണം ഇതിനു പിന്നിലെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് പള്ളി അധികാരികൾ വടക്കഞ്ചേരി സിഐക്കു പരാതി നൽകിയിട്ടുണ്ട്.