ചിങ്ങവനം: വഴിയിൽ കിടന്നു കിട്ടിയ 1.7ലക്ഷം രൂപ ഉടമയ്ക്കു കൈമാറി പാക്കിൽ അറയ്ക്കൽ പടിക്കൽ പോൾ തോമസ് മാതൃകയായി. നാട്ടകം ഇലക്ട്രിക്കൽ സെക്ഷനിൽ കരാർ അടിസ്ഥാനത്തിൽ വാഹനം
ഓടിക്കുന്ന പോളിന് കഴിഞ്ഞ പത്തിനാണ് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ കോടിമത ഈരയിൽ കടവ് ബൈപാസിൽനിന്നും പണമടങ്ങിയ പൊതി ലഭിച്ചത്. ദൗർഭാഗ്യം പിൻതുടരുന്പോഴും വഴിയിൽ കിടന്നു കിട്ടിയ പണം കൈക്കലാക്കാൻ പോളിന്റെ മനസ് അനുവദിച്ചില്ല.
വാഹനങ്ങൾ കയറിയിറങ്ങിയ നിലയിൽ കാണപ്പെട്ട പൊതി കണ്ട് സംശയം തോന്നിയ പോൾ സ്കൂട്ടർ നിർത്തി പൊതിയെടുത്ത് പരിശോധിച്ചു. പണമാണു പൊതിയിലെന്നു മനസിലാക്കിയ പോൾ പൊതിയുമായി നേരേ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ചെന്ന് ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.
ഈ വാർത്ത രാഷ്ട്ര ദീപിക പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കറുകച്ചാൽ സ്വദേശിയായ ബൈജു വിവരം അറിഞ്ഞ് പോലീസ് സ്റ്റേഷനിൽ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഇന്നലെ സ്റ്റേഷനിലെത്തി ബൈജു പണം കൈപ്പറ്റി.ഭാര്യയും കുട്ടികളുമായി മൂലേടത്ത് വാടക വീട്ടിലാണ് പോൾ ഇപ്പോൾ താമസിക്കുന്നത്.