റെജി ജോസഫ്
പണാധിപത്യത്തിനൊപ്പം രാഷ്്ട്രീയം ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ സുരക്ഷാതാവളമായി. ക്രിമിനലുകളെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഇലക്ഷന് കമ്മീഷന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
നിലവിലെ പാര്‍ലമെന്റ് അംഗങ്ങളില്‍ 46 ശതമാനവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരോ കേസുകളില്‍ പ്രതിചേര്ക്കപ്പെട്ടവരോ ആണ്.
ജനപ്രതിനിധികളായ ക്രിമിനലുകള്‍ പ്രതിസ്ഥാനത്തുള്ള കേസുകളില്‍ അടിയന്തിര ഇടപെടലാണ് ഇലക്ഷന് കമ്മീഷന് കോടതിയോട് ആവശ്യപ്പെട്ടത്.
പാര്‍ലമെന്റ് അംഗങ്ങളില്‍ 29 ശതമാനം കൊലപാതകം, അതിക്രമം, പീഡനം ഉള്‍പ്പെടെ ഗുരുതര കേസുകളിലെ പ്രതികളാണ്.
അതിസമ്പന്നരായ അധോലോകപ്രമാണികള് പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഫണ്ടും കോഴയും കൊടുത്തു സ്ഥാനാര്‍ഥിത്വം വിലയ്ക്കുവാങ്ങുകയും പണമെറിഞ്ഞ് വോട്ടുനേടി തുടരെ വിജയിക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്ക്കുന്നു.
വോട്ടര്‍മാരുടെ വിവേചന പരിമിതികളെ ചൂഷണം ചെയ്ത് വിജയിച്ച് ഇക്കൂട്ടര്‍ അധോലോകത്ത് തുടര്‍ന്നും വിരാജിക്കുന്നു.
ഒരേ സീറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളേറെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാകുന്ന സാഹചര്യത്തില്‍ ഏതു സ്ഥാനാര്‍ഥിയാണ് ഭേദമെന്നറിയാതെ വോട്ടര്‍മാര്‍ നിസഹായരായി മാറുന്ന സാഹചര്യമാണിന്ന്.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ ജനപ്രതിനിധികളായി കടന്നുകൂടിയ ക്രിമിനലുകളുടെ കേസുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ നടത്തി വിധി പറയാന്‍ 2013ലും 2014ലും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
കുറ്റവാളികളെന്ന് വിധിക്കപ്പെട്ടാല്‍ ജനാധിപത്യത്തിലെ കളങ്കമായ ഇത്തരക്കാരെ ജയിലില്‍ അടയ്ക്കാനോ തെരഞ്ഞെടുപ്പുകളില്‍ അയോഗ്യരാക്കാനോ ആയിരുന്നു നീക്കം.
രാഷ്ട്രീയ ക്രിമിനല്‍ കേസുകളുടെ വിചാരണയ്ക്ക് അതിവേഗകോടതികള്‍ സ്ഥാപിക്കണമെന്നും സുപ്രീം കോടതി 2017ല്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി 1951ലെ ജനപ്രാതിനിധ്യനിയമം പൊളിച്ചെഴുതേണ്ടിയിരുന്നു.
ജയിലേക്കോ ജനാധിപത്യത്തിന്റെ ശ്രീകോവിലിനു പുറത്തേക്കോ തള്ളപ്പെടാവുന്ന സാഹചര്യം മുന്നിലുള്ളതിനാല്‍ നിയമത്തിന്റെ പൊളിച്ചെഴുത്തിനോട് പാര്‍ലമെന്റിന്റെ അധോസഭയിലെ അംഗങ്ങള്‍ വിമുഖത കാണിച്ചതിനാല്‍ പരമോന്നത കോടതിയുടെ നിര്‍ദേശവും ഇലക്ഷന് കമ്മീഷന്റെ താല്പര്യവും ജലരേഖയായി.
മുന്‍ ലോക്സഭയിലെ പത്ത് എംപിമാര്‍ കൊലക്കേസ് പ്രതികളായിരുന്നു. 174 എംപിമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടായിട്ടും അവര്‍ കാലാവധി പൂര്‍ത്തിയാക്കി.
വിവിധ പാര്‍ട്ടികളിലെ 106 എംപിമാര്‍ കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, സാമുദായിക ലഹള, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവയില്‍ പ്രതികളായിരുന്നു.
ജാമ്യം എന്ന നിയമപരമായ ആനുകൂല്യത്തില്‍ 2019 ലെ ഇലക്ഷനിലും വിജയിച്ച് ഇവരില്‍ പലരും വീണ്ടും പാര്‍ലമെന്റിലെത്തി.
ഇന്ത്യന്‍ പാര്‍ലമെന്റിനേക്കാള്‍ മാരകമാണ് വിവിധ സംസ്ഥാന നിയമസഭാംഗങ്ങളുടെ ക്രിമിനല്‍ പശ്ചാത്തലം.
നിലവിലെ ആറു നിയമസഭകളിലെ 50 ശതമാനത്തിലേറെ അംഗങ്ങള്‍ കുറ്റകൃത്യങ്ങളിലെ പ്രതികളാണ്. ഗ്രാമപഞ്ചായത്തുകളില്വരെ ഇത്തരത്തില്‍ ഗുണ്ടാരാജാണ് ഭരണം നിയന്ത്രിക്കുന്നത്.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്
പണച്ചെലവു കുറയ്ക്കാന്‍ തദ്ദേശം മുതല്‍ പാര്‍ലമെന്റുവരെ ഒരുമിച്ചു തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രസര്‍ക്കാരും ഇലക്ഷന് കമ്മീഷനും ആലോചിക്കുന്നു.
നിയമസഭകളില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകുന്ന സാഹചര്യമുണ്ടായാല്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാകും വരെ രാഷ്്ട്രപതിഭരണം ഏര്‍പ്പെടുത്തും. സര്‍ക്കാരുകളെ പിരിച്ചുവിട്ടാലും ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് വേണ്ടിവരില്ല.
കേരളം, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ആസാം, മധ്യപ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് അതാത് സംസ്ഥാന തെരഞ്ഞെടപ്പു കമ്മീഷനുകളാണ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത്.
അതേ സമയം മറ്റു സംസ്ഥാനങ്ങള്‍ കേന്ദ്ര ഇലക്ഷന് കമ്മീഷന്റെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നു. ഒറ്റ വോട്ടെടുപ്പ് വരുമ്പോള്‍ സംസ്ഥാന തല പട്ടിക കേന്ദ്ര ഇലക്ഷന് കമ്മീഷന്റെ പട്ടികയുമായി ലയിപ്പിക്കാനാണ് ആലോചന.
തിരിച്ചറിയല്‍ കാര്‍ഡുള്ളവരില്‍ പലരും തദ്ദേശ തെരഞ്ഞെടുപ്പ് പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നതിന് ഇത്തരത്തില്‍ പരിഹാരമാകും.
ഒറ്റ വോട്ടര്‍ പട്ടികയ്ക്ക് ഭരണഘടനാ ഭേദഗതി ആശ്യമായതിനാല് നിശ്ചിത അനുഛേദങ്ങള്‍ ഭേഭഗതി ചെയ്യും. രാജ്യവ്യാപകമായി പൊതു പട്ടിക വരുമ്പോള്‍ പേരുകള്‍ ആവര്‍ത്തിക്കല്‍, പൊരുത്തക്കേടുകള്‍ തുടങ്ങിയ ഒഴിവാകുമെന്ന് കേന്ദ്ര ഇലക്ഷന് കമ്മീഷന് പറയുന്നു.
കേന്ദ്ര ലോ കമ്മീഷനും മുന്‍പ് ഇത്തരത്തില്‍ ശുപാര്‍ശ നല്‍കിയിരുന്നു. പണച്ചെലവിനൊപ്പം തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുക്കുന്ന ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടെയും പോലീസിന്റെയും സൈന്യത്തിന്റെയും മാസങ്ങള്‍ നീളുന്ന അത്യധ്വാനത്തിന് ആശ്വാസം ലഭിക്കും. ഗതാഗതച്ചെലവിലും പരസ്യപ്രചാരണത്തിലും മറ്റും കോടികള്‍ ലാഭിക്കാനാകും.
കണക്കെഴുത്ത് ഒരു കല
ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 25,000 രൂപയാണ്. മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും എണ്ണം വര്‍ധിച്ച് മത്സരം കടുത്തതോടെ മിക്ക വാര്‍ഡുകളിലും ലക്ഷങ്ങള്‍ക്കു മുകളില്‍ സ്ഥാനാര്‍ഥിക്കു മുടക്കുവരും.
ഇത്തരത്തില്‍ ലക്ഷങ്ങള്‍ ചെലവു വരുമ്പോഴും ചെലവഴിച്ചത് 25,000ല്‍ താഴെയാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തുന്നിടത്താണ് മിടുക്ക്.
ബ്ലോക്ക് പഞ്ചായത്തില്‍ 75,000 രൂപയും ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഒന്നര ലക്ഷം രൂപയും നഗരസഭയില്‍ 75,000 രൂപയും കോര്പ്പറേഷന് വാര്‍ഡില്‍ ഒന്നര ലക്ഷം രൂപയുമാണ് സ്ഥാനാര്‍ഥിക്ക് വിനിയോഗിക്കാന്‍ അനുവദിച്ചിരിക്കുന്ന പരമാവധി തുക. യാത്ര, തപാല്‍, അച്ചടി, ചുവരെഴുത്ത്, പരസ്യം, നോട്ടീസ്, ബാനര്‍, കമാനം, ഉച്ചഭാഷിണി, യോഗം, വാഹനം എന്നിവയെല്ലാം ഉള്‍പ്പെടെയാണിത്.
തോരണം, കമാനം മുതല്‍ ബിരിയാണിയ്ക്കും കസേരയ്ക്കും പന്തലിനും മൈക്കിനും വരെ തെരഞ്ഞടുപ്പ് കമ്മീഷന് ചെലവഴിക്കാവുന്ന നിരക്കു നിശ്ചയിച്ചിട്ടുണ്ട്.
ഈ പ്രഖ്യാപിത നിരക്കിന്റെ അടിസ്ഥാനത്തില്‍ വേണം ബില്ലുകളടക്കം ഇലക്ഷന് കമ്മീഷന്റെ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനും കണക്കു സമര്‍പ്പിക്കാന്‍.
ഒരടി തോരണത്തിന് നാലു രൂപ, ഊണിന് 50 രൂപ, വെജിറ്റേറിയന്‍ ബിരിയാണിക്ക് 75 രൂപ, ചെണ്ടക്കാരന് 500 രൂപ, ജീപ്പ് വാടക 2000 രൂപ എന്നിങ്ങനെ പേജുകള്‍ നീളുന്നതാണ് അംഗീകൃത നിരക്കുകള്‍.
ജനാധിപത്യത്തെ ശക്തിപ്പെടുത്താനും പണാധിപത്യം ഒഴിവാക്കാനുമാണ് പ്രചാരണ ചെലവുകള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന് പരിധി വച്ചത്.
പക്ഷേ വോട്ടും വിജയവും ഉറപ്പാക്കാന്‍ കണക്കില്ലാതെ പണമിറക്കിയേ തീരു എന്നായി സ്ഥിതി.ഫലപ്രഖ്യാപനത്തിന് ഒരു മാസത്തിനുള്ളില്‍ ചെലവുകണക്ക് ഇലക്ഷന് കമ്മിഷന് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനു മുന്നില്‍ സമര്‍പ്പിക്കണം.
ഇതില്‍ വീഴ്ച വരുത്തുകയോ പരിധിയില്‍ കൂടുതല്‍ വിനിയോഗിക്കുകയോ ചെയ്യുന്നവര്‍ അയോഗ്യരാക്കും. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മത്സരിക്കാനുമാകില്ല.