കീവ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം പത്തൊന്പതാം ദിവസത്തിൽ എത്തിനിൽക്കേ, ആക്രമണത്തിന് അയവുവരുത്താതെ റഷ്യൻ സേന മുന്നേറുന്നു.
യുക്രെയ്നിന്റെ വടക്ക്, തെക്ക് ഭാഗങ്ങൾ ആക്രമിച്ചു മുന്നേറുകയാണ് റഷ്യ ഇപ്പോൾ. റഷ്യൻ നാവികസേന കരിങ്കടൽ തീരത്തിന്റെ നിയന്ത്രണം പൂർണമായും പിടിച്ചെടുത്തു.
കടൽമാർഗമുള്ള വ്യാപാരങ്ങളുടെ നിയന്ത്രണവും റഷ്യ ഏറ്റെടുത്തു. ഇതോടെ യുക്രെയ്നിന്റെ കടൽ വഴിയുള്ള അന്താരാഷ്ട്ര വ്യാപാരം നിലച്ചിരിക്കുകയാണ്. യുക്രെയ്നിന്റെ കയറ്റുമതിയുടെ 70 ശതമാനവും കടൽമാർഗമാണ്.
പടിഞ്ഞാറൻ നഗരമായ റിവ്നിയിൽ ടെലിവിഷൻ ടവറിനു നേരെയുണ്ടായ ആക്രമണത്തിൽ ഒന്പതുപേർ കൊല്ലപ്പെട്ടു. കീവിലെ ഒന്പതുനില പാർപ്പിടസമുച്ചയം റഷ്യ തകർത്തു.
ഇവിടെ രണ്ടുപേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരിക്കേറ്റു. കീവിൽ 20 ലക്ഷംപേർ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് കണക്ക്.
നഗരത്തിന് 11 കിലോമീറ്റർ അകലെ ഹോസ്റ്റൊമൽ വ്യോമതാവളത്തിലും വ്യോമാക്രമണമുണ്ടായി. ഖാർകിവിൽ ബോംബാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
റഷ്യൻ വിമതരുടെ നിയന്ത്രണത്തിലുള്ള ഡൊണെറ്റ്സ്ക് മേഖലയിൽ യുക്രെയ്ൻ സേന നടത്തിയ മിസൈലാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതായി റഷ്യ ആരോപിച്ചു.
യുക്രെയ്നിൽ ഇതുവരെ 636 സാധാരണക്കാർ കൊല്ലപ്പെട്ടതായി യു.എൻ. സ്ഥിരീകരിച്ചു. ഇതിൽ 46 കുട്ടികളും ഉൾപ്പെടും. പലായനം ചെയ്തവരുടെ എണ്ണം 28 ലക്ഷം കടന്നതായി യു.എൻ. വ്യക്തമാക്കുന്നു.
ചർച്ച ഇന്നും
യുക്രെയ്നിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ തിങ്കളാഴ്ച നടത്തിയ നാലാംവട്ട യുക്രെയ്ൻ-റഷ്യ ചർച്ചയും ഫലം കാണാതെ ഇന്നലെ പിരിഞ്ഞു.
ഇന്നു വീണ്ടും ചർച്ച തുടരുമെന്ന് ഫേസ്ബുക്കിൽ ഇട്ട വീഡിയോയിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. തുർക്കിയിലെ അങ്കാറയിലാണ് ചർച്ച നടക്കുന്നത്.
സമാധാന ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്നും റഷ്യൻ സൈന്യം ആശയക്കുഴപ്പത്തിലാണെന്നും സെലെൻസ്കി പ്രതികരിച്ചു.
യുക്രെയ്നിൽ നിന്ന് ഇത്തരമൊരു പ്രതിരോധം റഷ്യ പ്രതീക്ഷിച്ചിരുന്നില്ല. അവർ യുദ്ധക്കളത്തിൽ നിന്ന് ആയുധങ്ങൾ ഉപേക്ഷിച്ച് ഓടിപ്പോകുകയാണെന്നും സെലെൻസ്കി പറഞ്ഞു.
യുദ്ധത്തെക്കുറിച്ചുള്ള സത്യം പ്രചരിപ്പിക്കാൻ ശ്രമിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത റഷ്യൻ പൗരൻമാർക്കും സെലെൻസ്കി നന്ദി പറഞ്ഞു.
സമാധാനം, റഷ്യൻ സൈനിക പിൻമാറ്റം, വെടിനിർത്തൽ, സുരക്ഷ ഉറപ്പാക്കുക എന്നീ വിഷയങ്ങളിലാണ് പ്രതിനിധികൾ ചർച്ച നടത്തിയത്.
ചർച്ചയിൽ വലിയ പ്രതീക്ഷയില്ലെന്നും കാര്യങ്ങൾ എളുപ്പമല്ലെന്നും ഇന്നലത്തെ ചർച്ചയ്ക്ക് മുന്പായി യുക്രെയ്ൻ പറഞ്ഞിരുന്നു.
റഷ്യൻ വിമതരുടെ നിയന്ത്രണത്തിലുള്ള ഡൊണെറ്റ്സ്ക് മേഖലയിൽ യുക്രെയ്ൻ വ്യോമാക്രമണം നടത്തിയത് റഷ്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇവിടെ 23 പേർ കൊല്ലപ്പെട്ടത് റഷ്യയ്ക്ക് തിരിച്ചടിയായി.
വീഡിയോ പങ്കുവച്ച് മേയർ
റഷ്യൻ സേനയുടെ ആക്രമണത്തിൽ തകർന്ന യുക്രെയ്ൻ തലസ്ഥാനമായ കീവിലെ അവസ്ഥ പങ്കുവച്ച് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ രംഗത്തെത്തി.
നഗരത്തിലുണ്ടായ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു. റഷ്യയുടെ അധിനിവേശം കീവിനെ എങ്ങനെ തകർത്തുവെന്ന് അദ്ദേഹം വിശദീകരിച്ചു.
തലസ്ഥാനമായ കീവ് പിടിച്ചടക്കാൻ ലക്ഷ്യമിട്ട് റഷ്യൻ സേന ശക്തമായ ആക്രമണം തുടരുകയാണ്.
നഗരത്തിലുള്ള സാധാരണക്കാർ ബങ്കറുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. നഗരങ്ങളിലുടനീളം വ്യോമാക്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
യുക്രെയ്നിലെ പല നഗരങ്ങളും നശിച്ചു. പലരുടേയും ജീവൻ നഷ്ടപ്പെട്ടു. റഷ്യൻ യുദ്ധത്തിന്റെ തെളിവാണ് വീഡിയോ എന്നും വിറ്റാലി പറഞ്ഞു.
52 സെക്കൻഡുള്ള വീഡിയോയിൽ യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങളും വാഹനങ്ങളും കാണാൻ സാധിക്കും.