ജോണ്സണ് വേങ്ങത്തടം
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആദ്യമാണെന്നു പറയാം, സുപ്രീംകോടതിയില്‍ കേരളം നെഞ്ചുവിരിച്ചു നേടിയ വിജയം സമ്മാനിച്ചതിന്റെ ആവേശത്തിലാണ് അഭിഭാഷകനായ റസല്‍ ജോയി. ”പെരുമഴയും പ്രളയവും വന്നിട്ടും മുല്ലപ്പെരിയാര്‍ ജലനിരക്ക് 142 അടിയില്‍ ഒരടി പോലും കുറയ്ക്കില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്കു കത്തെഴുതി അപമാനിച്ചപ്പോള്‍ കേരളത്തിനുണ്ടായ വേദന കോടതിവിധിയിലൂടെ തീര്‍ത്തു.”- ഇതു പറയുന്നതു സുപ്രീംകോടതിയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹര്‍ജി നല്കിയ ആലുവ നസ്രത്തിലെ അഡ്വ. റസല്‍ ജോയി.
മുല്ലപ്പെരിയാര്‍ വിഷയത്തിലേക്കു കടന്നുവരാനും പൊതുപ്രവര്‍ത്തകനായി മാറാനും ഇടയാക്കിയ അനുഭവം ദീപികയുമായി റസല്‍ ജോയി പങ്കുവയ്ക്കുന്നു. സേവ് കേരള എന്ന മനുഷ്യാവകാശ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുകൂടിയാണ് അദ്ദേഹം. ഞാനൊരു പൊതു പ്രവര്‍ത്തകനായിരുന്നില്ല. ഞാന്‍ മുല്ലപ്പെരിയാര്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി സ്വദേശിയുമല്ല. എങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം നിരന്തരം സുപ്രീംകോടതിയില്‍ പരാജയപ്പെട്ടപ്പോള്‍ ഈ വിഷയം ഒന്നു പഠിക്കണമെന്നാഗ്രഹിച്ചു. മൂന്നു വര്‍ഷം പഠിച്ചു. കഴിഞ്ഞ വര്‍ഷം ഹര്‍ജി നല്കി. കേരളം പ്രളയക്കെടുതിയില്‍ മുങ്ങിത്താഴുന്ന സമയത്തു സുപ്രീംകോടതി വീണ്ടും ഹര്‍ജി പരിഗണിച്ചു അനുകൂലമായ വിധി നല്കിയപ്പോള് ആശ്വാസം.
വേണ്ടതു തെളിവുകള്‍
മുല്ലപ്പെരിയാറില്‍ കേരളം പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനു തീരുമാനമെടുത്തതിനെ ചോദ്യംചെയ്തു തമിഴ്നാട് കൊടുത്ത ഹര്‍ജി പരിഗണിക്കുന്ന അവസരത്തില്‍ സുപ്രീംകോടതി ചോദിച്ചു, പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം – ഞാന്‍ വിചാരിച്ചു സുപ്രീംകോടതിയില്‍ കേരളത്തിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന്. എന്നാല്‍, വിധി വന്നപ്പോള്‍ തമിഴ്നാടിന് അനുകൂലമായി. ഒരു അഭിഭാഷകന് എന്ന നിലയില്‍ അന്നാണ് ഈ കേസൊന്നു ശരിക്കു പഠിക്കണമെന്നു തോന്നിയത്. കൊച്ചി യൂണിവേഴ്സിറ്റി ലോ ഡിപ്പാര്‍ട്ട്മെന്റും അധ്യാപകരും ഒരു പോലെ സഹായിച്ചു.
2017ല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി (റിട്ട് പെറ്റീഷന് (സിവില്‍) 878/17). ഒരു കാര്യം മനസിലായി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോടതിക്കു മുന്നില്‍ വേണ്ടതു തെളിവുകളാണ്.കോടതി ഒരിക്കലും കേരളത്തിനെതിരായി നില്ക്കുന്നില്ല. കേരളത്തിനു വേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകര്‍ തെളിവുകള്‍ നിരത്തുന്നതില്‍ പരാജയപ്പെടുന്നു- റസല്‍ ജോയി പറയുന്നു.സര്‍ക്കാരും അഭിഭാഷകരും കോടതിയില്‍ ദുഃഖകരമായ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ആരാണ് എതിര്‍ക്കുന്നത്
കേരളത്തില്‍നിന്നു പുറപ്പെടുന്ന ഭാഗ്യനദിയായിരുന്നു മുല്ലപ്പെരിയാര്‍. കേരളത്തിന്റെ മധ്യഭാഗത്തിലൂടെ ഒഴുകിക്കൊണ്ടിരുന്ന നദി. നിരവധി ചെറുനദികള്‍ ഇതില്‍നിന്നു പുറപ്പെട്ടിരുന്നു. തമിഴ്നാട്ടിലൂടെ ഒഴുകുന്നില്ല. തമിഴ്നാട്ടില്‍നിന്നു വരുന്ന ഒരു തുള്ളിവെള്ളം പോലും മുല്ലപ്പെരിയാറിലില്ല. എന്നിട്ടും ഇതു കേരള- തമിഴ്നാട് അന്തര്‍ സംസ്ഥാന തര്‍ക്കമായി സര്‍ക്കാര്‍ എഴുതിവച്ചിരിക്കുന്നു. കോടതിയില്‍ ഈ പ്രശ്നം തീരുന്നതാണ് തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങള്‍ക്കു താല്പര്യം. എന്നാല്‍, എതിര് നില്‍ക്കുന്നത് ആരാണെന്നു കണ്ടെത്തണം – അദ്ദേഹം പറഞ്ഞു.
ആറുമാസം മുന്‍പ് എന്റെ കേസില്‍ അന്താരാഷ്ട്ര നിലവാരമുള്ള ദുരന്ത നിവാരണ സമിതികള്‍ രൂപികരിച്ചു ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നു സുപ്രീം കോടതി കേരളത്തോടും തമിഴ്നാടിനോടും കേന്ദ്രസര്‍ക്കാരിനോടും ഉത്തരവിട്ടു. മൂന്നു സമിതികളും ഏകോപിച്ചു പ്രവര്‍ത്തിക്കണമെന്നും ഉത്തരവിട്ടു. എന്നാല്‍, ഈ ഉത്തരവ് നടപ്പാക്കാത്തതുകൊണ്ടാണ് ഇപ്പോള്‍ ജനങ്ങള്‍ ജീവനു വേണ്ടി നെട്ടോട്ടം ഓടുന്നത്. ആരാണ് ശത്രുക്കള്‍ എന്നു ജനങ്ങള്‍ തിരിച്ചറിയണം- അദ്ദേഹം പറയുന്നു.
മിണ്ടാതെ എംഎല്‍എമാര്‍
ഈ വിധിയുടെ കോപ്പി കേരളത്തിലെ 140 എംഎല്‍എമാര്‍ക്ക് അയച്ചു കൊടുത്തു. ഏതാനും എംഎല്‍എമാരെ നേരിട്ടും ഫോണിലും വിവരം അറിയിച്ചു. ഇന്നുവരെ ആരും ഇതിനെക്കുറിച്ചു നിയമസഭയില്‍ പ്രതികരിച്ചില്ല. ഭാര്യ അഭിഭാഷകയായ മഞ്ജു ജോസഫും മക്കളായ ജോണ്‍, റോസ്മേരി, സാറ എന്നിവരും റസല്‍ ജോയിക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു രംഗത്തുണ്ട്.