യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ബസുകള്‍ ഒരുക്കിയതായി റഷ്യ യുഎന്‍ രക്ഷാ സമിതിയില്‍ വ്യക്തമാക്കി.
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശീയരെ പുറത്തെത്തിക്കാന്‍ എല്ലാ ഇടപെടലും നടത്തുമെന്നും റഷ്യ പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് വിദേശ പൗരന്മാര്ക്കുമായി ബെല്‍ഗറോഡ് മേഖലയില്‍ ബസുകള്‍ കാത്തിരിക്കുകയാണെന്നും ഐക്യരാഷ്ട്ര സഭയിലെ റഷ്യന്‍ പ്രതിനിധി വാസിലി നബെന്‍സിയ പറഞ്ഞു.
നബെന്സിയയുടെ വാക്കുകള്‍ ഇങ്ങനെ…റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലെ അതിര്‍ത്തികളില്‍ ഇന്ന് രാവിലെ 6.00 മുതല്‍ 130 ബസുകള്‍ കാത്തുനില്‍ക്കുകയാണ്. യുക്രൈനിലെ ഹാര്‍കിവിലും സുമിയിലും ചെന്ന് ഇന്ത്യക്കാരെയും മറ്റ് വിദേശികളെയും പുറത്തിക്കാനാണ് ഇവ ഒരുക്കിയിരിക്കുന്നത്.
താല്‍ക്കാലിക താമസം, വിശ്രമം, ഭക്ഷണം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ചെക്ക്പോയന്റുകളില് ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. രക്ഷപ്പെടുത്തുന്നവരെ ബെല്ഗോറോഡിലെത്തിച്ച് വിമാനമാര്‍ഗം അവരവരുടെ രാജ്യങ്ങളിലേക്ക് എത്തിക്കും- നബെന്‍സിയ സുരക്ഷസമിതിയില്‍ വ്യക്തമാക്കി.
യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് റഷ്യയുടെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
യുക്രൈന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര് സഹായമഭ്യര്‍ഥിക്കുന്ന വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇവരെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന് യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി എന്നിവരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പുടിന്-മോദി ചര്‍ച്ചയെത്തുടര്‍ന്നാണ് റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഈ സമയത്തിനുള്ളില്‍ പരമാവധി വിദ്യാര്‍ഥികളെ രക്ഷിക്കാനാണ് പദ്ധതി.
മുമ്പ് ഇന്ത്യയുടെ ആവശ്യത്തെത്തുടര്‍ന്ന് റഷ്യന്‍ അതിര്‍ത്തി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി തുറന്നു നല്‍കാമെന്നും റഷ്യ സമ്മതിച്ചിരുന്നു.
യുദ്ധമാരംഭിച്ച ശേഷം 18,000 പൗരന്മാരെ യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തിയതായാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.