മോസ്കോ: ആതിഥേയരായ റഷ്യയുടെ ലോകകപ്പ് മുന്നേറ്റത്തിനായി ഫുട്ബോൾ ആരാധകർ മീശനീട്ടുന്നു. റഷ്യൻ പരിശീലകനായ സ്റ്റാനിസ്ലാവ് ചെർചെസോവിന്റെ മീശയെ അനുകരിച്ചാണ് ആരാധകർ മീശനീട്ടി തങ്ങളുടെ ടീമിന് ഭാവുകങ്ങൾ നേരുന്നത്.
റഷ്യൻ ടിവി അവതാരകനായ ഇവാൻ ഇൻസ്റ്റഗ്രാമിലൂടെയാണ് “മീശനീട്ടി റഷ്യക്ക് ആശംസയേകൂ’ പരിപാടി അവതരിപ്പിച്ചത്. ചെൽചെസോവിന് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. എല്ലാം അദ്ദേഹത്തിന് എതിരാണ്, പ്രവചനങ്ങൾ, കാലാവസ്ഥ, ടീമംഗങ്ങളുടെ കായികക്ഷമത അങ്ങനെ എല്ലാം… നമുക്ക് മീശനീട്ടിവളർത്തി പ്രതീക്ഷയുടെ മീശനീളുന്നു എന്ന കാന്പയിൻ ആരംഭിക്കാം- ഇവാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തുടർന്ന് യഥാർഥ മീശയുടെയും വെപ്പ് മീശയുടെയും ചിത്രങ്ങളാണ് റഷ്യയുടെ വിവിധ കോണുകളിൽനിന്ന് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ലോകകപ്പിലെ രാജ്യങ്ങളുടെ റാങ്കിംഗിൽ ഏറ്റവും പിന്നിലാണ് ആതിഥേയരായ റഷ്യ. രണ്ട് വർഷം മുന്പാണ് ചെൽചെസോവിനെ റഷ്യൻ പരിശീലകനായി നിയമിച്ചത്. ടീമിനെ സെമിയിൽ എത്തിക്കുക എന്ന വിഷമകരമായ ലക്ഷ്യമാണ് ഈ പരിശീലകന് റഷ്യൻ ഫുട്ബോൾ അസോസിയേഷൻ നല്കിയത് എന്നതാണ് മറ്റൊരു വസ്തുത.