ആതിഥേയരായ റഷ്യയുടെ ലോകകപ്പ് പോരാട്ടത്തിന് ക്വാർട്ടർ ഫൈനലിൽ ദാരുണാന്ത്യം. പെനൽറ്റി ഷൂട്ടൗട്ടിൽ 4-3ന് ആതിഥേയരെ മറികടന്ന് ക്രൊയേഷ്യ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തു. മത്സരത്തിലുടനീളം മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും ഷൂട്ടൗട്ടിൽ രണ്ടു പെനൽറ്റി നഷ്ടപ്പെടുത്തിയതാണ് റഷ്യക്ക് തിരിച്ചടിയായത്. അതോടെ ശനിയാഴ്ച രാത്രി ആതിഥേയരുടെ കണ്ണീർ സോച്ചിയിൽ വീണു, റഷ്യ നിശ്ചലമായി.
ലോകകപ്പ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ക്രൊയേഷ്യ സെമിയിൽ എത്തുന്നത്. 1998 ലെ ലോകകപ്പിൽ ജർമനിയെ തോൽപ്പിച്ച് ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായിരുന്നു. ഈ ലോകകപ്പിൽ തന്നെ ഇതു രണ്ടാം തവണയാണ് ക്രൊയേഷ്യ പെനൽറ്റി ഷൂട്ടൗട്ട് വിജയിക്കുന്നത്. രണ്ട് ഷൂട്ടൗട്ടിലും നിർണായകമായ അവസാന കിക്കെടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ച് ബാഴ്സലോണ താരം റാക്കിറ്റിച്ച് വല തുളച്ചപ്പോൾ റഷ്യക്കാരുടെ നെഞ്ചും പിളർന്നു.
1990 ൽ അർജന്റീന മാത്രമാണ് രണ്ടു തവണ ഒരേ ലോകകപ്പിൽ പെനൽറ്റി ഷൂട്ടൗട്ട് അതിജീവിച്ചിട്ടുള്ളത്. ഷൂട്ടൗട്ടിൽ ക്രൊയേഷ്യയെ ഭാഗ്യം തുണച്ചപ്പോൾ (ലൂക്ക മോഡ്രിച്ചിന്റെ ഷോട്ട് റഷ്യൻ ഗോളിയുടെ കൈയിൽ തട്ടിത്തെറിച്ച് പോസ്റ്റിൽ ഇടിച്ചായിരുന്നു ഗോൾ വര കടന്നത്) റഷ്യ കണ്ണീരോടെ ലോകകപ്പിന്റെ പടിയിറങ്ങി.
ഗോൾ വഴി
ഗോൾ 1. ഡെനിസ് ചെറിഷേവ് (റഷ്യ), 31-ാം മിനിറ്റ്. മധ്യനിരയിൽനിന്ന് ഉയർന്നു വന്ന പന്ത് സ്യൂബയും ചെറിഷേവും പരസ്പരം കൈമാറി ക്രൊയേഷ്യൻ പ്രതിരോധത്തെ വെട്ടി മാറ്റി ചെറിഷേവ് ബോക്സിന്റെ 20 മീറ്റർ അകലെനിന്നു തൊടുത്ത ഷോട്ട് വലയിൽ.
ഗോൾ 2. ക്രാമറിച്ച് (ക്രൊയേഷ്യ), 39-ാം മിനിറ്റ്. റഷ്യൻ പ്രതിരോധത്തെ ഭേദിച്ച് കടന്നു കയറിയ മാൻസൂകിച്ച് നൽകിയ ക്രോസിന് പോസ്റ്റിന് മുന്നിൽ നിന്ന ക്രാമറിച്ച് ഹെഡറാക്കി വലയിൽ നിക്ഷേപിച്ചു.
ഗോൾ 3. വിദ (ക്രൊയേഷ്യ) 100-ാം മിനിറ്റ്. മോഡ്രിച്ച് എടുത്ത കോർണർ കിക്കിൽ തലവച്ച വിദയ്ക്കു പിഴച്ചില്ല.
ഗോൾ 4. മാരിയോ ഫെർണാണ്ടസ് (റഷ്യ), 115-ാം മിനിറ്റ്. ക്രൊയേഷ്യൻ പ്രതിരോധതാരം ജോസിപ് പിവറിച്ച് ബോക്സിനു മുന്നിൽ പന്തു കൈ കൊണ്ടു തടുത്തതിന് റഷ്യക്കു ലഭിച്ച ഫ്രീകിക്ക്. സഗോയേവ് ബോക്സിലേക്ക് ഉയർത്തിവിട്ട പന്തിൽ ഫെർണാണ്ടസിന്റെ ഹെഡർ ഗോൾ.
ഷൂട്ടൗട്ട് ചിത്രം
റഷ്യ ക്രൊയേഷ്യ
സ്മോലാവ് 0 ബ്രോസോവിച്ച് 1
സഗോയ് 1 ക്രോവിചിച്ച് 0
ഫെർണാണ്ടസ് 0 മോഡ്രിച്ച് 1
ഇഗ്നാഷേവിച്ച് 1 വിദ 1
ഡാലാ ഗുസാല 1 റാക്കിട്ടിച്ച് 1
ഫലം: 3-4
ജോസ് കുന്പിളുവേലിൽ