കോവിഡ് മൂലം പ്രതിസന്ധിയിലായ ലോകം കാത്തിരുന്ന വാര്‍ത്ത റഷ്യയില്‍നിന്ന്. കോവിഡിനെതിരെ സ്ഥായിയായ രോഗപ്രതിരോധശേഷി നല്‍കുന്ന ലോകത്തെ ആദ്യത്തെ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍.
ചൊവ്വാഴ്ച രാവിലെയാണ് ലോകത്ത് ആദ്യമായി പുതിയ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്ത വിവരം പുടിന്‍ പ്രഖ്യാപിക്കുന്നത്. മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നതിനിടെ പുടിന്‍ പ്രഖ്യാപിച്ചു. തന്റെ പെണ്‍മക്കളില്‍ ഒരാളില്‍ ഇതിനോടകം പരീക്ഷിച്ചെന്നും പുടിന്‍ പറഞ്ഞു.
കോവിഡ് പ്രതിരോധവാക്‌സിന്‍ ബുധനാഴ്ച രജിസ്റ്റര്‍ചെയ്യുമെന്നാണ് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നത്. ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
വാണിജ്യാടിസ്ഥാനത്തിലുള്ള വാക്‌സിന്റെ നിര്‍മാണം റഷ്യ അടുത്തമാസം മുതല്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് മധ്യത്തോടെ വാക്‌സിന്റെ പൊതുമേഖലയിലെ ഉപയോഗത്തിന് നേരത്തേ അംഗീകാരവും നല്‍കിയിരുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ ലക്ഷക്കണക്കിന് ഡോസുകള്‍ പുറത്തിറക്കുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ റഷ്യയുടെ ഈ അതിവേഗ വാക്‌സിന്‍ വികസനത്തെ പല ആരോഗ്യവിദഗ്ധരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയാണോ ഈ വാക്‌സിന്‍ വികസിപ്പിച്ചതെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ചോദ്യം. തെറ്റായ വാക്‌സിന്‍ പ്രയോഗം രോഗത്തിന്റെ തീവ്രത കൂട്ടും എന്ന് അവര്‍ ആശങ്കപ്പെടുന്നു.